Idukki local

കര്‍ഷകര്‍ക്കെതിരേ തിരിഞ്ഞാല്‍ വലിയ വില നല്‍കേണ്ടിവരും: ജോയ്‌സ് ജോര്‍ജ് എംപി

ചെറുതോണി: ജനാധിപത്യ സംവിധാനങ്ങളെ നോക്കുകുത്തികളാക്കി രാജഭരണ കാലത്തെ ഓര്‍മപ്പെടുത്താനാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെങ്കില്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് അഡ്വ. ജോയ്‌സ് ജോര്‍ജ് എംപി.
രാത്രിയുടെ മറവില്‍ കുടിയേറ്റ കര്‍ഷകന്റെ വീടുകളിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തയ്യാറായത് ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമാണ്. ജില്ലയില്‍ വനം വകുപ്പ് സമാന്തര സര്‍ക്കാരായി പ്രവര്‍ത്തിക്കുന്ന തന്റെ വാദം ശരിവയ്ക്കുന്നതാണ് ശനിയാഴ്ച പുലര്‍ച്ചെ വെണ്മണിയില്‍ ഉണ്ടായതെന്നും  എം പി പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കുടിയിറക്കിനെത്തിയ വണ്ണപ്പുറം, കഞ്ഞിക്കുഴി പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ കാറ്റാടിക്കടവ്, പതിക്കയം പ്രദേശത്ത് സന്ദര്‍ശനം നടത്തിയശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു എം പി. പതിക്കയത്ത് ചേര്‍ന്ന ഗ്രാമസഭാ യോഗത്തിലും എം പി പങ്കെടുത്തു. ഡിഎഫ്ഒ യുടേയും, തഹസില്‍ദാരുടേയും നേതൃത്വത്തില്‍ ഇരുന്നൂറ് വനം വകുപ്പ് ഉദ്യോഗസ്ഥരാണ് എത്തിയത്. ഒരു നിലയിലുള്ള കൈയേറ്റവും ഈ പ്രദേശത്ത് ഉണ്ടായിട്ടില്ല. 45 വര്‍ഷത്തിലധികമായി ആളുകള്‍ കൃഷി ചെയ്ത് താമസിച്ചു വരികയാണ്. 42 കുടുംബങ്ങളാണ് ഇവിടെയുള്ളത്. ഇവരുടെ സ്ഥലങ്ങളോട് ചേര്‍ന്നു കിടക്കുന്ന മുഴുവന്‍ സ്ഥലങ്ങള്‍ക്കും പട്ടയമുണ്ട്. വണ്ണപ്പുറം-കഞ്ഞിക്കുഴി പഞ്ചായത്തുകളിലെ പട്ടയനടപടികള്‍ അട്ടിമറിക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമാണ് വനം വകുപ്പിന്റെ അപ്രതീക്ഷിത നീക്കത്തിന് പിന്നിലെന്ന് എം പി പറഞ്ഞു.
ഇടുക്കിയുടെ മണ്ണില്‍ നിന്നും ഒരൊറ്റ കര്‍ഷകനെപോലും കുടിയിറക്കാമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യാമോഹിക്കണ്ട. ജനങ്ങളെ അണി നിരത്തി ഇത്തരം കിരാത നീക്കങ്ങളെ ചെറുത്തു തോല്‍പ്പിക്കും. കര്‍ഷകന്റെ മണ്ണ് കണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പദ്ധതി തയ്യാറാക്കേണ്ടെന്നും അത് ഇടുക്കിയില്‍ നടക്കില്ലെന്നും എം പി വ്യക്തമാക്കി.
ഏതെങ്കിലും സ്ഥലത്ത് അനധികൃത കുടിയേറ്റമുണ്ടെങ്കില്‍ അത് ജനപ്രതിനിധികളേയും ജനാധിപത്യ സംവിധാനത്തെയും ബോധ്യപ്പെടുത്തിവേണം നടപടി സ്വീകരിക്കാന്‍. അതിന് പകരം സേനയെ ഉപയോഗിച്ച് അടിച്ചമര്‍ത്താമെന്നാണ് കരുതുന്നുവെങ്കില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഇടുക്കിയില്‍ ജോലി ചെയ്യാന്‍ ബുദ്ധിമുണ്ടേണ്ടിവരുമെന്നും എംപി പറഞ്ഞു. ഹൈറേഞ്ച് സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കലും എംപിയോടൊപ്പമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it