Pathanamthitta local

കര്‍ഷകരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു ; പന്തളത്തെ എല്ലാ പാടശേഖരങ്ങളും കതിരണിയും



അടൂര്‍: പന്തളത്തെ എല്ലാ പാടശേരങ്ങളിലും കൃഷിയിറക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അറിയിച്ചു. കഴിഞ്ഞ മാസം മന്ത്രി വി എസ് സുനില്‍കുമാറുമായി പാടശേഖര സമിതി ഭാരവാഹികളുമായി നടത്തിയ ഇത് സംബന്ധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തരിശു കിടക്കുന്ന പാടങ്ങള്‍ കൃഷിയിറക്കുന്നതിനുള്ള സമഗ്ര പദ്ധതി കൃഷി വകുപ്പ് രൂപം നല്‍കിവരികയാണെന്ന് പന്തളം കൃഷി ഭവനില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ എംഎല്‍എ പറഞ്ഞു. പന്തളം നഗരസഭയില്‍പ്പെട്ട ചിറ്റിലപ്പാടം (58 ഹെക്ടര്‍) , മഞ്ഞിനംകുളം (20) , വാരുകൊല്ല (46),  വലിയകൊല്ല (46), മേലേമൂപ്പത്തി-ഇടയിലെകൊല്ല (15) , ഇയാംകോട് കരിങ്കുറ്റിക്കല്‍ (16), ശാസ്താംപടി-വള്ളിക്കാവിനാല്‍ (53), നെല്ലിക്കല്‍ (32), കിളിവള്ളൂര്‍ (16), മണത്തറ (30),  വാളവത്തിനാല്‍ (17), ചിറമുടി (32), മാവര (31), കൊടുമാങ്ങല്‍-ഇലഞ്ഞിക്കല്‍ (20.5), പാങ്ങല്‍തോണ്ടുകണ്ടം (54), വെണ്‍കുള (5) രണ്ടുകുറ്റി (12), കരീലച്ചിറ (20) പാടശേഖരങ്ങളിലാണ് പൂര്‍ണമായും കൃഷിയിറക്കുന്നത്. ഇവയില്‍ കിളീവള്ളൂര്‍, നെല്ലിക്കല്‍, മണത്തറ, വാളകത്തിനാല്‍, ചിറമുടി, മാവര, കൊടുമാങ്ങല്‍-ഇലഞ്ഞിക്കല്‍, പാങ്ങല്‍ തോണ്ടുകണ്ടം, വെണ്‍കുളം, രണ്ടുകുറ്റി, കരീലച്ചിറ എന്നീ പാടശേഖരങ്ങള്‍ നിലവില്‍ പൂര്‍ണമായും തരിശുകിടക്കുകയാണ്. മറ്റുള്ളവയില്‍ ചില പാടശേഖരങ്ങളില്‍ ചിലത് ഭാഗീകമായും കൃഷി ചെയ്തുവരുന്നുണ്ട്. ഈ പാടശേഖരങ്ങളില്‍ കൃഷിയിറക്കുന്നതിനുള്ള പദ്ധതി തയാറാക്കായിതിനു ശേഷം കൃഷി വകുപ്പ് മന്ത്രി നേരിട്ട് വിവിധ പാടശേഖരങ്ങള്‍ സന്ദര്‍ശിക്കുമെന്നും എംഎല്‍എ പറഞ്ഞു. എംഎല്‍എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ഐരാണിക്കുടി ബണ്ട്, ചിറ്റിലപ്പാടം, വാരുകൊല്ല പാടം, വലിയകൊല്ല പാടം, നെല്ലിക്കല്‍ പാടം പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് കര്‍ഷകരില്‍ നിന്ന് നേരിട്ട് വിവരങ്ങള്‍ ശേഖരിച്ചു. ഐരാണിക്കുടി ബണ്ടിന്റെ അശാസ്ത്രീയമായ നിര്‍മാണം മൂലം ബണ്ടിന് താഴെയുള്ള നിലങ്ങളില്‍ ജലം ലഭിക്കാത്ത അവസ്ഥയുണ്ടെന്നും ഇതിനു പരിഹാരമായി ബണ്ടിന്റെ ഉയരം കുറച്ച് പാടങ്ങളിലേക്ക് ജലം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ആവശ്യമാണെന്നും കര്‍ഷകര്‍ അറിയിച്ചു. വട്ടച്ചാലില്‍ ഡീ വാട്ടറിങ് യൂണിറ്റ് സ്ഥാപിച്ച് ജലം ലഭ്യമാക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. ചിറ്റിലപ്പാടത്ത് വൈക്കത്തുമൂലയിലെ നിലവിലുള്ള ചാലുമായി ബന്ധിപ്പിക്കത്തക്കവിധം പുതിയ ചാല്‍ നില്‍മിക്കണമെന്നും വട്ടച്ചാല്‍ വരെയുള്ള പ്രദേശത്തേക്ക് ട്രാക്ടര്‍ പാത നിര്‍മിക്കണമെന്നും ജനപ്രതിനിധികളും കര്‍ഷകരും ആവശ്യപ്പെട്ടു. വലിയകൊല്ല, വാരുകൊല്ല പാടങ്ങളില്‍ പൂര്‍ണമായും കൃഷിയിറക്കുന്നതിന് ലിഫ്റ്റ് ഇറിഗേഷന്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും ആവശ്യമുയര്‍ന്നു. ജനപ്രതിനിധികളടെയും കര്‍ഷരുടേയും നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി കൃഷി വകുപ്പ് സമഗ്രമായ റിപോര്‍ട്ട് തയാറാക്കി കൃഷി മന്ത്രിക്ക് ഉടന്‍ സമര്‍പ്പിക്കുമെന്നും എം.എല്‍.എ പറഞ്ഞു. പന്തളം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി കെ സതി, വൈസ് ചെയര്‍മാന്‍ ഡി രവീന്ദ്രന്‍, കൗണ്‍സിലര്‍മാര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ഷൈല ജോസഫ്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സുധേഷ് വി ജോണ്‍, കൃഷി ഓഫിസര്‍മാരായ എസ് എല്‍ ശ്യാംകുമാര്‍, രമ്യ ചന്ദ്രന്‍, ജെ സജീവ്, ശ്രീകുമാര്‍, സിപിഐ ജില്ലാ സെക്രട്ടറി എ പി ജയന്‍ എംഎല്‍എയ്‌ക്കൊപ്പമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it