malappuram local

കര്‍ശന സുരക്ഷയില്‍ പൊന്നാനിയില്‍ രണ്ടാംഘട്ട ദേശീയപാത സര്‍വേ ആരംഭിച്ചു

പൊന്നാനി: കര്‍ശന സുരക്ഷയില്‍  ജില്ലയിലെ പൊന്നാനിയില്‍  ദേശീയ പാത വികസനത്തിനുള്ള ഭൂസര്‍വേ തുടങ്ങി. രണ്ടാം ഘട്ട സര്‍വേയാണ് ഇന്നലെ  തുടങ്ങിയത്. കുറ്റിപ്പുറം മുതല്‍ പൊന്നാനി വരെയുള്ള 24 കിലോമീറ്ററിലാണ് സര്‍വേ.   ജില്ലാ അതിര്‍ത്തിയായ കാപ്പിരിക്കാട് നിന്നാണ് ഇന്നലെ  സര്‍വേ ആരംഭിച്ചത്.
അയ്യോട്ടിച്ചിറ, പാലപ്പെട്ടി, കാപ്പിരിക്കാട് എന്നിവിടങ്ങളിലും സര്‍വേ നടന്നു. 3 സംഘങ്ങളായി തിരിഞാണ് സര്‍വേ നടക്കുന്നത്. 7ദിവസം കൊണ്ട് സര്‍വേ പൂര്‍ത്തിയാക്കും. പാലപ്പെട്ടിയില്‍ സര്‍വേ തുടങ്ങിയപ്പോള്‍ തന്നെ ആം ആദ്മി പാര്‍ട്ടി നേതാവ് ഷൈലോക്ക്, മഹ്മൂദ് എന്നിവരെ പോലിസ് കരുതല്‍ തടങ്കലിലാക്കിയിരുന്നു.തുടര്‍ന്ന് സര്‍വേ പുതിയിരുത്തിയില്‍ എത്തിയപ്പോള്‍ പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡണ്ട് അനസുമായി പോലിസ് സംഘം വാക്കുതര്‍ക്കത്തിലെത്തി.
ഈ ബഹളത്തിനിടയില്‍  പ്രതിഷേധിച്ച ഷഹീന്‍, അലി, ശംസുദ്ദീന്‍ എന്നിവരെ പോലിസ് കസ്റ്റഡിയിലെടുത്തു.         .പുതിയിരുത്തിയില്‍ വരുത്തിയ അലൈന്‍മെന്റ് മാറ്റത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ രംഗത്തിറങ്ങി. പുതിയിരുത്തിയിലെ പള്ളി പൊളിച്ചുമാറ്റാതിരിക്കാന്‍ വേണ്ടി റോഡിന്റെ കിഴക്കുഭാഗത്ത് കൂടുതല്‍ സ്ഥലം സര്‍വ്വേ ചെയ്തതോടെ നിരവധി വീടുകള്‍ നഷ്ടമാവുമെന്ന അവസ്ഥയിലെത്തിയതോടെയാണ് പ്രദേശവാസികള്‍ സര്‍വ്വേ ഉദ്യോഗസ്ഥരുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെട്ടത്. ഇതിനിടെ പള്ളിക്കമ്മിറ്റി ഭാരവാഹികളും, പഞ്ചായത്ത് അധികൃതരും, പള്ളി പൊളിച്ചുനീക്കാന്‍ സന്നദ്ധത അറിയിച്ചതോടെ പ്രതിഷേധക്കാര്‍ പിന്‍മാറി.
ജനങ്ങളുടെ സൗകര്യം പരിഗണിച്ചുള്ള സര്‍വ്വേയ്ക്ക് സൗകര്യം ഒരുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി കെ അനസ് പറഞ്ഞു. പെരുമ്പടപ്പ്, വെളിയങ്കോട് പഞ്ചായത്തുകളിലായി  മൂന്നു കിലോമീറ്റര്‍ ദൂരപരിധിയിലാണ് പൊന്നാനി താലൂക്കിലെ ആദ്യ ദിന സര്‍വ്വേ നടന്നത്. പാലപ്പെട്ടി അമ്പലത്തിന്റെ കൂത്തമ്പലം സര്‍വ്വേയില്‍ നഷ്ടമാവുന്നതിനെതിരെ ക്ഷേത്ര കമ്മറ്റി ഭാരവാഹികള്‍ രംഗത്തെത്തി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കൂത്തമ്പലം പൊളിച്ചുമാറ്റുന്ന സ്ഥിതിവിശേഷം ഒഴിവാക്കണമെന്ന് ക്ഷേത്ര ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
എന്നാല്‍ അലൈന്‍മെന്റ് പ്രകാരമുള്ള സര്‍വ്വേയാണ് പുരോഗമിക്കുന്നതെന്നും, പരാതികള്‍ പരിഹരിച്ച് മാത്രമെ മുന്നോട്ട് പോകൂവെന്നും അധികൃതര്‍ ഉറപ്പ് നല്‍കി. അയ്യോട്ടിച്ചിറ മുതല്‍ പുതുപൊന്നാനി വരെയുള്ള സര്‍വ്വേ വെള്ളിയാഴ്ച നടക്കും. നിരവധി കെട്ടിടങ്ങളും, വീടുകളുമുള്ള വെളിയങ്കോട് അങ്ങാടിയിലെ സര്‍വ്വേയും വെള്ളിയാഴ്ച നടക്കും.വെളിയങ്കോട് അങ്ങാടിയില്‍ പ്രതിഷേധം ശക്തമായിരുന്നു.
ഇതിനാല്‍ ഏറെ കരുതലോടെയായിരിക്കും ഇവിടെ പ്രവര്‍ത്തനങ്ങള്‍ നടക്കുക. ഡെപ്യൂട്ടി കലക്ടര്‍ ജെ ഒ അരുണ്‍, ലൈസണ്‍ ഓഫീസര്‍ പി പി എം അശ്‌റഫ് ,തഹസില്‍ദാര്‍ ജി നിര്‍മ്മല്‍കുമാര്‍, തിരൂര്‍ ഡിവൈഎസ്പി ബിജു ഭാസ്‌കര്‍ എന്നിവര്‍ സര്‍വ്വേയ്ക്ക് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it