കര്‍ദിനാള്‍ സ്ഥാനത്യാഗം ചെയ്യണം: വൈദിക സമിതി

കൊച്ചി: സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കം നാലുപേര്‍ക്കെതിരേ കേസെടുത്ത് അന്വേഷണം നടത്തണമെന്ന കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി എറണാകുളം-അങ്കമാലി അതിരൂപത വൈദിക സമിതി. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനത്ത് നിന്നും മാറിനിന്ന് അന്വേഷണത്തെ നേരിടണമെന്നും വൈദികസമിതി യോഗത്തില്‍ ആവശ്യം ഉയര്‍ ന്നു. ഇതേത്തുടര്‍ന്ന് ഇതുസംബന്ധിച്ച് വൈദിക സമിതിയുടെ വികാരം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ധരിപ്പിക്കാന്‍ സഹായമെത്രാന്‍മാരെ യോഗം ചുമതലപ്പെടുത്തിയതായാണ് വിവരം.
കോടതി വിധിയുമായി ബന്ധപ്പെട്ട് സീറോ മലബാര്‍ സഭയുടെ കാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ നിന്നു പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിനെതിരേ വൈദിക സമിതി രംഗത്തു വന്നു. സിനഡല്‍ കമ്മീഷന്‍ വൈദിക സമിതിയുമായി നടത്തിയ ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ എത്തിച്ചേര്‍ന്ന എല്ലാ ധാരണകളുടെയും നഗ്നമായ ലംഘനമായിരുന്നു ആ വാര്‍ത്താക്കുറിപ്പിലുണ്ടായിരുന്നതെന്ന് വൈദിക സമിതി വിലയിരുത്തി. സ്ഥിരം സിനഡ് ബിഷപ്പുമാരുടെ പേരില്‍ ഇറക്കിയ വാര്‍ ത്താക്കുറിപ്പ് ഔദ്യോഗിക ലെറ്റര്‍ പാഡിലുള്ളതായിരുന്നില്ലെന്ന് മാത്രമല്ല. ഉത്തരവാദിത്തപ്പെട്ടവരുടെ പേരോ ഒപ്പോ ഉണ്ടായിരുന്നുമില്ല. സത്യത്തിന് നിരക്കാത്ത വാര്‍ത്താക്കുറിപ്പ് തികച്ചും നിരുത്തരവാദിത്തപരമായിരുന്നുവെന്നും വൈദിക സമിതി യോഗം വിലയിരുത്തി. സിറോ മലബാര്‍ സഭ സ്ഥിരം സിനഡ് അംഗങ്ങളായ ബിഷപ്പുമാര്‍ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഉത്തരവാദിത്തപൂര്‍ണമായ ഉപദേശം നല്‍കി സഭയുടെ അന്തസ്സും മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ വിശ്വാസ്യതയും ഉയര്‍ത്തണമെ ന്നും വൈദികസമിതി യോഗം ആവശ്യപ്പെട്ടു.
അതേസമയം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കര്‍ദിനാള്‍ സ്ഥാനത്യാഗം ചെയ്യണമെന്നാവശ്യപ്പെട്ട് എറണാകുളം- അങ്കമാലി അതിരൂപതയിലെ അല്‍മായരുടെ നേതൃത്വത്തില്‍ രൂപീകരിച്ച ആര്‍ച്ച് ഡയോഷ്യന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്പരന്‍സി(എഎംടി)യുടെ നേതൃത്വത്തില്‍ സമരം ശക്തമാക്കാന്‍ തീരുമാനിച്ചു. വരുംദിവസങ്ങളില്‍ ശക്തമായ പ്രക്ഷോഭപരിപാടിയായിരിക്കും എഎംടി സംഘടിപ്പിക്കുകയെന്ന് കണ്‍വീനര്‍ റിജു കാഞ്ഞൂക്കാരന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it