കര്‍ദിനാള്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്് വൈദികരുടെ പരസ്യ പ്രതിഷേധം

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദഭൂമി വില്‍പനയില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ കേസെടുത്ത് അന്വേഷണം നടത്തണമെന്ന കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ പ്രതിഷേധം ശക്തമാക്കി വൈദികര്‍.
സ്ഥാനത്ത് നിന്നു മാറി നിന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട് അതിരൂപതയിലെ വൈദികര്‍ യോഗം ചേര്‍ന്ന് പ്രമേയം പാസാക്കി. തുടര്‍ന്ന്  വിവരം മാര്‍പാപ്പയെയും സിനഡിനെയും ധരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രൂപതാ ആസ്ഥാനത്ത് വൈദികര്‍ ജാഥയായെത്തി സഹായമെത്രാന്‍ മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്തിന് പ്രമേയം കൈമാറി. പ്രമേയം പിന്നീട് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് നല്‍കി. മാര്‍പാപ്പ, സീറോ മലബാര്‍ സഭ സിനഡ് എന്നിവര്‍ക്കും പ്രമേയം നല്‍കും. എറണാകുളം സെന്റ് മേരീസ് ബസലിക്കയുടെ പാരിഷ് ഹാളില്‍ ഇന്നലെ രാവിലെയായിരുന്നു എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദിക സമിതിയുടെ നേതൃത്വത്തില്‍ 200ഓളം വൈദികര്‍ യോഗം ചേര്‍ന്നത്. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനത്യാഗം ചെയ്യണമെന്നായിരുന്നു വൈദികര്‍ യോഗത്തില്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഈ ആവശ്യം യോഗം പ്രമേയമായി അംഗീകരിക്കുകയായിരുന്നു.
ഏതാനും വൈദികരുടെ മാത്രം പ്രശ്‌നമല്ലെന്ന് വൈദിക സമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടന്‍ പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അതിരൂപതയിലെ 458 വൈദികരില്‍ 448 പേരും ഒരുമിച്ച് നിന്നെടുക്കുന്ന തീരുമാനമാണിത്. കോടതിവിധിയുടെ പശ്ചാത്തലത്തില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പദവിയില്‍ നിന്നും മാറി നില്‍ക്കുക തന്നെ വേണമെന്നാണ് വൈദികര്‍ ആവശ്യപ്പെടുന്നതെന്ന് ഫാ. കുര്യാക്കോസ് മുണ്ടാടന്‍ പറഞ്ഞു. ആറുമാസം പിന്നിട്ടിട്ടും സിനഡിലെ മെത്രാന്മാര്‍ വിഷയവുമായി ബന്ധപ്പെട്ട് വൈദികരെ വിളിച്ചുകൂട്ടി ചര്‍ച്ച ചെയ്യാന്‍ തയ്യാറായിട്ടില്ല.
ഹൈക്കോടതി വിധിയുണ്ടായിട്ടും എന്തുകൊണ്ടാണ് പോലിസ് കേസെടുക്കാത്തതെന്ന് തങ്ങള്‍ക്കറിയില്ല. ആരാധനാക്രമവുമായി ബ—പ്പെട്ട പ്രശ്‌നമല്ല ഇത്. അങ്ങനെ വരുത്താന്‍ ചിലര്‍ മനപ്പൂര്‍വമായ ശ്രമം നടത്തുന്നുണ്ട്. തങ്ങള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരല്ല. എന്തുകൊണ്ട് ഇത്തരത്തില്‍ ഭൂമി വില്‍പന രഹസ്യമായി നടത്തിയെന്നും അദ്ദേഹം ചോദിച്ചു. വിഷയങ്ങള്‍ എല്ലാം വത്തിക്കാനില്‍ അറിയാം. നടപടിയെടുക്കേണ്ടതു സിനഡാണ്. മലയാറ്റൂര്‍ കുരിശുമുടിയില്‍ കൊല്ലപ്പെട്ട് റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ടിന്റെ കൊലപാതകം സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണം. തനിക്ക് ഭീഷണികളുണ്ടെന്ന് നേരത്തെ തന്നെ ഫാ. സേവ്യര്‍ തേലക്കാട്ട് പറഞ്ഞിരുന്നെന്നും ഫാ. കുര്യാക്കോസ് മുണ്ടാടന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it