കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് അയച്ച കത്ത് പുറത്ത്‌

കൊച്ചി: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട പരാതികള്‍ ലഭിച്ചിട്ടില്ലെന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ വാദം കള്ളമെന്ന് തെളിഞ്ഞു.  കഴിഞ്ഞവര്‍ഷം ജൂലൈയില്‍ കന്യാസ്ത്രീ ആലഞ്ചേരിക്ക് രേഖാമൂലം അയച്ച പരാതി കത്താണ് പുറത്തായത്.
കര്‍ദിനാളിന്റെ മൊഴി ഇന്നു എടുക്കാനിരിക്കെയാണ് കത്ത് പുറത്തുവന്നത്. 'ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ പരാതി' എന്ന് കര്‍ദിനാളിന് നല്‍കിയ കത്തിന്റെ വിഷയമായി തന്നെ സൂചിപ്പിച്ചിരിക്കുന്നു. ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ നേരിട്ടും അല്ലാതെയും മോശം വാക്കുകള്‍ ഉപയോഗിക്കുന്നു. അശ്ലീലച്ചുവയുള്ള മൊബൈല്‍ സന്ദേശങ്ങള്‍ അയക്കുന്നതും പതിവാണ്. ബിഷപ്പിന്റെ ആഗ്രഹങ്ങള്‍ക്ക് അനുസരിച്ചു പ്രവര്‍ത്തിക്കുന്ന കന്യാസ്ത്രീകള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കാറുണ്ട്. വഴങ്ങാത്ത കന്യാസ്ത്രീകളോട് പ്രതികാര നടപടികള്‍ സ്വീകരിക്കുന്നു.
'നിങ്ങളുടെ സ്ഥാപക പിതാവിനെ കുഴിച്ചുമൂടിയതുപോലെ നിങ്ങളുടെ സഭയെയും കുഴിച്ചുമൂടുമെന്നും' ബിഷപ് നിരന്തരം പറഞ്ഞതായി പ്രത്യേകമായി സൂചിപ്പിക്കുന്നു. ബിഷപ്പിന്റെ ഭാഗത്തുനിന്നുള്ള മോശമായ പെരുമാറ്റത്തെ തുടര്‍ന്ന് സഭ വിട്ട് സിറോ മലബാര്‍ സഭയുടെ കീഴിലുള്ള ഏതെങ്കിലും മഠത്തില്‍ സേവനമനുഷ്ഠിക്കാന്‍ പദ്ധതിയിട്ടിരുന്നു. മിഷനറീസ് ഓഫ് ജീസസ് എന്ന സഭയെ തകര്‍ക്കുകയാണ് ബിഷപ്പിന്റെ ലക്ഷ്യമെന്നും ആരോപിക്കുന്നു.
പഞ്ചാബില്‍ സേവനമനുഷ്ഠിച്ചിരുന്ന കന്യാസ്ത്രീ ഏറ്റുമാനൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരിക്കെ, തുടര്‍ചികില്‍സ ലഭ്യമാക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടും അവരെ തിരികെ പഞ്ചാബിലേക്ക് വിളിച്ചുവരുത്തി.സഭയ്ക്ക് ചീത്തപ്പേരുണ്ടാക്കാന്‍ ആഗ്രഹിക്കാത്തതുകൊണ്ടാണ് കോടതിയെ സമീപിക്കാതെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചത്. കൂടാതെ ബിഷപ്പിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ കഴിവുകള്‍ ഉപയോഗിച്ച് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമോയെന്ന് ഭയക്കുന്നു.
ബിഷപ്പിന്റെ തീരുമാനങ്ങള്‍ക്കെതിരേ പ്രവര്‍ത്തിച്ച തങ്ങളുടെ രൂപതയിലെ വൈദികര്‍ക്ക് നേരെ തെറ്റായ കേസുകള്‍ ബിഷപ് കെട്ടിച്ചമച്ചതായും കന്യാസ്ത്രീ കത്തില്‍ ആരോപിച്ചു. വിഷയം കര്‍ദിനാളിനെ അറിയിക്കണമെന്ന പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്ടിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പരാതി നല്‍കുന്നതെന്നും പ്രശ്‌നത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും പരാതിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it