കര്‍ദിനാളിന്റെ അധികാരം വെട്ടിക്കുറച്ചു

കൊച്ചി: വിവാദമായ ഭൂമി വില്‍പനയുടെ പശ്ചാത്തലത്തില്‍ എറണാകുളം-അങ്കമാലി അതിരൂപതയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഉണ്ടായിരുന്ന അധികാരങ്ങള്‍ വെട്ടിക്കുറച്ചു. അതിരൂപതയുടെ സാധാരണ ഭരണം നിര്‍വഹിക്കാനുള്ള ചുമതല സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനു കൈമാറി സര്‍ക്കുലര്‍ ഇറക്കി. സീറോ മലബാര്‍ സിനഡിന്റെ നിര്‍ദേശപ്രകാരമാണ് അധികാര വിഭജനം നടത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സഹായ മെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവര്‍ സംയുക്തമായി ഒപ്പുവച്ച സര്‍ക്കുലര്‍ ഇന്ന് അതിരൂപതയിലെ എല്ലാ ദേവാലയങ്ങളിലും കുര്‍ബാനമധ്യേ വായിക്കും. കഴിഞ്ഞ ഏതാനും മാസങ്ങളായി അതിരൂപതയുടെ ഉടമസ്ഥതയിലുള്ള ചില സ്ഥലങ്ങള്‍ വിറ്റതുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന വാര്‍ത്തകളും ചര്‍ച്ചകളും അതിരൂപതാ അംഗങ്ങളെ വേദനിപ്പിച്ചുവെന്നത് വസ്തുതയാണെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. പ്രശ്‌നപരിഹാരത്തിനായി സീറോ മലബാര്‍ സഭ സിനഡില്‍ മെത്രാന്മാര്‍ നടത്തിയ ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ എറണാകുളം അങ്കമാലി അതിരൂപതയുടെ സാധാരണ ഭരണം നിര്‍വഹിക്കാന്‍ അതിരൂപതയിലെ സഹായ മെത്രാനും പ്രോട്ടോസിഞ്ചെല്ലുസുമായ മാര്‍ സെബാസ്റ്റിയന്‍  എടയന്ത്രത്തിനെ  നിയോഗിച്ചതായും സര്‍ക്കുലറില്‍ പറയുന്നു. അതിരൂപതയിലെ തന്നെ മറ്റൊരു സഹായ മെത്രാനും സിഞ്ചെല്ലുസുമായ മാര്‍ ജോസ് പുത്തന്‍വീട്ടിലിന്റെ സഹകരണത്തോടെ വേണം ഭരണം നിര്‍വഹിക്കാനെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. അതിരൂപതയിലെ കാനോനിക സമിതികള്‍ വിളിച്ചുചേര്‍ക്കുന്നതും അവയില്‍ അധ്യക്ഷത വഹിക്കുന്നതും ഇനി മുതല്‍ മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്തായിരിക്കും. പ്രധാനപ്പെട്ട തീരുമാനങ്ങള്‍ ആര്‍ച്ച് ബിഷപ്പിനോട് ആലോചിച്ചായിരിക്കണം എടുക്കേണ്ടത്. അതിരൂപതയ്ക്ക് വസ്തുവില്‍പനയിലൂടെ വലിയ തുക നഷ്ടം വന്നുവെന്ന വസ്തുത ആശങ്ക ഉണര്‍ത്തുന്നതാണ്. അതിരൂപത കച്ചേരി, ആലോചനാ സമിതി, ഫിനാന്‍സ് കൗണ്‍സില്‍, അടുത്തിടെ നിയമിച്ച സാമ്പത്തിക പ്രശ്‌നകാര്യ കമ്മിറ്റി എന്നിവയുടെ സഹകരണത്തോടെ ഇതു സംബന്ധിച്ച് വ്യക്തമായി അന്വേഷിച്ച് ഉചിതമായ പരിഹാരം കണ്ടെത്താന്‍ മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്തിനെ ചുമതലപ്പെടുത്തിയതായും സര്‍ക്കുലര്‍ പറയുന്നു. ഇപ്പോഴത്തെ പ്രശ്‌നത്തിന് എത്രയും വേഗം പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ അതിരൂപതകള്‍ക്കു മാത്രമല്ല സീറോ മലബാര്‍ സഭയ്ക്കും കേരളത്തിലെ കത്തോലിക്കാ സഭയ്ക്കു മുഴുവനും അപരിഹാര്യമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാവുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it