kannur local

കര്‍ണാടക മുന്തേരി നിവാസികള്‍ വോട്ട് ബഹിഷ്‌കരിക്കും

പി കെ അനീഷ്്
ചെറുപുഴ: കര്‍ണാടകത്തില്‍ തിരഞ്ഞെടുപ്പ് ചൂടുപിടിക്കുമ്പോള്‍, സ്വന്തം മണ്ഡലത്തിലെ സ്ഥാനാര്‍ഥികളെ പോലുമറിയാതെ കര്‍ണാടകത്തിലെ ഒരു ഉള്‍ഗ്രാമം. അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാല്‍ ഈ വര്‍ഷം വോട്ട് ബഹിഷ്‌കരിക്കാനാണ് മുന്തേരി നിവാസികളുടെ തീരുമാനം. കണ്ണൂര്‍ ജില്ലയിലെ കാനംവയലില്‍ നിന്നും കാടിലൂടെ എട്ടു കിലോമീറ്റര്‍ സഞ്ചരിച്ചാലാണ് കാടിന് നടുവിലെ ഈ ഗ്രാമത്തിലെത്തുക.
മുന്തേരിയില്‍ 46 കുടുംബങ്ങളാണ് താമസിക്കുന്നത്. എല്ലാവരും മലയാളികള്‍. അയ്യങ്കുന്ന് പഞ്ചായത്തില്‍പ്പെട്ടവരാണ് ഇവര്‍. എല്ലാവര്‍ക്കും റേഷന്‍ കാര്‍ഡ് ഉണ്ട്. എന്നാല്‍ റേഷന്‍ വാങ്ങണമെങ്കില്‍ നൂറു കിലോമീറ്റര്‍ യാത്രചെയ്ത് വാഗമണ്ഡലത്ത് എത്തണം. അതുകൊണ്ടുതന്നെ ഇതുവരെ ആരും റേഷന്‍ വാങ്ങിയിട്ടുമില്ല.
കുട്ടികളെ സ്‌കൂളിലെത്തിക്കുന്നതിനും അവശ്യ സാധനങ്ങള്‍ വാങ്ങിക്കുന്നതിനും കാട്ടിലൂടെ ഏറെനടന്നു ചെറുപുഴയിലുംമറ്റുമെത്തണം. കാട്ടുമൃഗങ്ങളുടെ ശല്യം കാരണം പലപ്പോഴും യാത്ര തടസ്സപ്പെടും. കാനംവയലിലേക്കുള്ള കാട്ടുപാതയും ദുര്‍ഘടമാണ്. കാല്‍നടയാത്രപോലും ദുഷ്്കരമാണ്. ഒരു അങ്കണ്‍വാടി പോലും ഇവിടെയില്ല. അതിനാല്‍ ഇത്തവണ വോട്ട് ചെയ്യേണ്ടെന്നാണ് നാട്ടുകാര്‍ തീരുമാനിച്ചത്. വീരാജ്‌പേട്ട മണ്ഡലത്തിന്റെ ഭാഗമായ ഇവിടെ ഒരു പോളിങ് സ്റ്റേഷന്‍ മാത്രമാണ് ഇതുവരെയുണ്ടായത്. മണ്ഡലത്തിലെ സ്ഥാനാര്‍ഥികളെയും ജനപ്രതിനിധികളെയും ഇവിടുത്തെ നാട്ടുകാര്‍ ഇതുവരെ കണ്ടിട്ടില്ലെന്നതാണ് വിരോധാഭാസം.
ഒരു രാഷ്ട്രീയ പാര്‍ട്ടിക്കാരും തിരഞ്ഞെടുപ്പ് കാലത്തുപോലും സമീപിക്കാത്ത മേഖലകൂടിയാണ് മുന്തേരി. എന്നാല്‍ ചില വര്‍ഷങ്ങില്‍ തിരഞ്ഞെടുപ്പിന്റെ തലേന്ന് ചില രാഷ്ട്രീയക്കാര്‍ പോളിങ് സ്റ്റേഷനിലേക്ക് പോകാന്‍ വണ്ടികൂലി തരാനായി വരാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. അന്നേരം കുറെ വാഗ്ദാനങ്ങളും നല്‍കും. അതിനാല്‍ ഇത്തവണ ആരുവന്നാലും വോട്ട് ചെയ്യില്ലന്ന ഉറച്ചനിലപാടിലാണ് മുന്തേരി ഗ്രാമവാസികള്‍.
Next Story

RELATED STORIES

Share it