കര്‍ണാടക തിരഞ്ഞെടുപ്പ്ബഹുജന പിന്തുണയില്‍ എസ്ഡിപിഐ മുന്നേറ്റം

പി സി  അബ്ദുല്ല
ബംഗളൂരു: കര്‍ണാടക രാഷ്ട്രീയത്തില്‍ ശക്തമായ  ബദല്‍ സാന്നിധ്യമായി വളര്‍ന്ന  എസ്ഡിപിഐക്ക്  തിരഞ്ഞെടുപ്പ്  പ്രചാരണത്തില്‍  വന്‍ ബഹുജന പിന്തുണ. പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്ന മൂന്ന് മണ്ഡലങ്ങളിലും ജാതിമത ഭേദമെന്യേയുള്ള സഹകരണമാണ്   സ്ഥാനാര്‍ഥികള്‍ക്ക്  ലഭിക്കുന്നത്. മൈസൂരു നരസിംഹ രാജയിലടക്കം നടന്ന പതിനായിരങ്ങള്‍ പങ്കെടുത്ത തിരഞ്ഞെടുപ്പ് റാലികള്‍  പതിറ്റാണ്ടു മാത്രം പ്രായമുള്ള പാര്‍ട്ടിയുടെ പ്രസക്തിയും സ്വീകാര്യതയും വിളിച്ചോതുന്നതായി. നരസിംഹ രാജ മണ്ഡലത്തില്‍ ഇന്നലെ വൈകീട്ട് നടന്ന എസ്ഡിപിഐ റാലിയിലെ അഭൂതപൂര്‍വമായ ജനപങ്കാളിത്തം  രാഷ്ട്രീയ വൃത്തങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി.
സംസ്ഥാനത്ത് മുഖ്യധാരയിലുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരും ട്രേഡ് യൂനിയന്‍ നേതാക്കളും  ദലിത് ആക്ടിവിസ്റ്റുകളും തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐക്ക്  പിന്തുണയുമായി രംഗത്തുണ്ട്. പിന്നാക്ക ദലിത് വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ദേവന്നൂര്‍ പട്ടണ്ണ നഞ്ചയ്യ അടക്കമുള്ളവര്‍ ഇവരില്‍പ്പെടുന്നു. മഡിഗ, ഹോളേയ തുടങ്ങിയ പിന്നാക്ക വിഭാഗങ്ങളുടെ പൂര്‍ണ പിന്തുണ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കുണ്ട്. പ്രമുഖ ട്രേഡ് യൂനിയന്‍ നേതാവായ ആലൂര്‍ മണ്ണയ്യയുടെ നേതൃത്വത്തില്‍ വിവിധ തൊഴിലാളി സംഘടനകളും എസ്ഡിപിഐക്ക്  പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ തലങ്ങളിലെ വനിതാ ശാക്തീകരണ പ്രവര്‍ത്തകരും എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി ഗൃഹ സമ്പര്‍ക്ക പരിപാടികളിലടക്കം സജീവമാണ്. ഇതിനു പുറമേ, ജെഡിഎസിന്റെ ബിജെപി ബാന്ധവത്തില്‍ പ്രതിഷേധിച്ച് കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരടക്കമുള്ള പ്രാദേശിക നേതാക്കള്‍ എസ്ഡിപിഐക്ക് പിന്തുണ പ്രഖ്യാപിച്ചു രംഗത്തുണ്ട്.
25 മണ്ഡലങ്ങളില്‍ മല്‍സരിക്കാന്‍ തീരുമാനിച്ച എസ്ഡിപിഐ, ബിജെപി മുന്നേറ്റത്തിന് തടയിടുന്നതിന്റെ ഭാഗമായി 22 മണ്ഡലങ്ങളില്‍ നിന്ന് പിന്‍മാറുകയായിരുന്നു. മൈസൂരു നരസിംഹരാജ, ബംഗളൂരു ചിക്‌പേട്ട്, ഗുല്‍ബര്‍ഗ നോര്‍ത്ത് മണ്ഡലങ്ങളിലാണ് പാര്‍ട്ടി ജനവിധി തേടുന്നത്.
2013ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നരസിംഹരാജ മണ്ഡലത്തില്‍ എസ്ഡിപിഐ ആണ് രണ്ടാം സ്ഥാനത്തെത്തിയത്. 29,667 വോട്ട് ഇവിടെ കെ എച്ച് അബ്ദുല്‍ മജീദ് നേടി. കോണ്‍ഗ്രസ്സിലെ സിറ്റിങ് എംഎല്‍എ ആയ തന്‍വീര്‍ സേഠിന് 38,000 വോട്ടാണ് ലഭിച്ചത്. മൂന്നാം സ്ഥാനത്തെത്തിയ ജനതാദള്‍(എസ്) 29,180 വോട്ടും, നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ബിജെപിക്ക് 12,443 വോട്ടുമാണ് ഇവിടെ ലഭിച്ചത്. ബംഗളൂരു ചിക്‌പേട്ട് മണ്ഡലത്തില്‍ ബംഗളൂരു കോര്‍പറേഷനിലെ എസ്ഡിപിഐ കൗ ണ്‍സിലറും, ആരോഗ്യ ക്ഷേമ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമായ ഡോ. മുജാഹിദ് പാഷയാണ് എസ്ഡിപിഐ സ്ഥാനാര്‍ഥി. ഗുല്‍ബര്‍ഗയില്‍ മുഹമ്മദ് മുഹ്‌സിനാണ് സ്ഥാനാര്‍ഥി.
Next Story

RELATED STORIES

Share it