കര്‍ണാടക: കാര്‍ഷിക കടം എഴുതിത്തള്ളും

ബംഗളൂരു: രണ്ടു ലക്ഷം രൂപ വരെയുള്ള കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുമെന്ന  പ്രഖ്യാപനത്തോടെ എച്ച് ഡി കുമാരസ്വാമി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. 34,000 കോടി രൂപയാണ് കാര്‍ഷിക കടം എഴുതിത്തള്ളാന്‍ നീക്കിവച്ചിരിക്കുന്നത്. സംസ്ഥാനത്ത് കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിന്റെ ആദ്യ ബജറ്റാണ് വിധാന്‍ സൗധയില്‍ വ്യാഴാഴ്ച ധനമന്ത്രി കൂടിയായ കുമാരസ്വാമി അവതരിപ്പിച്ചത്.
അതേസമയം, ഇന്ധന-വൈദ്യുതി നികുതികള്‍ കൂട്ടിയത് ജനത്തിനു തിരിച്ചടിയാകും. കടങ്ങള്‍ എഴുതിത്തള്ളുന്നതോടെ സംസ്ഥാനത്തിനുണ്ടാവുന്ന അധിക ബാധ്യത പരിഹരിക്കാനാണ് പെട്രോള്‍, ഡീസല്‍, വൈദ്യുതി, മദ്യ നികുതികള്‍ കൂട്ടുന്നത്. പെട്രോള്‍ ലിറ്ററിന് 1.14 ശതമാനവും ഡീസലിന് 1.12 ശതമാനവുമാണ് നികുതി കൂട്ടുന്നത്. വൈദ്യുതി നികുതി ആറില്‍ നിന്ന് ഒമ്പത് ശതമാനമായി ഉയര്‍ത്തി. ഇന്ധന വിലവര്‍ധനയ്‌ക്കെതിരേ ശക്തമായി പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ്സിന് കര്‍ണാടക സര്‍ക്കാരിന്റെ പുതിയ തീരുമാനം തിരിച്ചടിയാവും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ നരേന്ദ്രമോദിക്കെതിരേ ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ഫ്യൂവല്‍ ചലഞ്ചുമായി വന്നിരുന്നു.
ആദ്യഘട്ടത്തില്‍ 2017 ഡിസംബര്‍ 31 വരെയുള്ള വായ്പകളാണ് എഴുതിത്തള്ളുന്നത്. പുതിയ വായ്പകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുമെന്ന് ബജറ്റ് അവതരണപ്രസംഗത്തില്‍ കുമാരസ്വാമി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ലക്ഷം രൂപ വരെയുള്ള വായ്പ എടുത്തവര്‍ക്കാണ് ഇതിന്റെ ഗുണമുണ്ടാവുക. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സഹകരണ മേഖലയിലെ ജോലിക്കാര്‍, മൂന്നുവര്‍ഷമായി ആദായനികുതി അടയ്ക്കുന്ന കര്‍ഷകര്‍ എന്നിവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കില്ല.
കര്‍ഷക വായ്പകള്‍ എഴുതിത്തള്ളുമെന്നത് കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ പ്രഖ്യാപിച്ചിരുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാര്‍ഷിക കടവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ദേശസാല്‍കൃത-സഹകരണ സ്ഥാപനങ്ങള്‍ എന്നിവയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ ഫലമായാണ് കടങ്ങള്‍ എഴുതിത്തള്ളുന്നതെന്നും കുമാരസ്വാമി പറഞ്ഞു.
മദ്യത്തിന്റെ അധിക എക്‌സൈസ് ഡ്യൂട്ടിയില്‍ നാലുശതമാനം വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. ഒരു കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, അടുത്ത അഞ്ചു വര്‍ഷത്തേക്ക് ജലസേചന പദ്ധതികള്‍ക്കായി 1.25 ലക്ഷം കോടി രൂപ തുടങ്ങിയവ പൊതുമിനിമം പരിപാടിയില്‍ സര്‍ക്കാര്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു.
Next Story

RELATED STORIES

Share it