Flash News

കര്‍ണാടക എംഎല്‍എമാര്‍ അര്‍ധരാത്രി ഹൈദരാബാദിലേക്ക് കടന്നതിങ്ങനെ

ബംഗളൂരു: ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും നാണംകെട്ട രീതിയിലുള്ള ടോം ആന്റ് ജെറി കളി നടക്കുന്ന കര്‍ണാടകയില്‍ ബിജെപിയുടെ പിടിയില്‍ നിന്നു തങ്ങളുടെ എംഎല്‍എമാരെ രക്ഷിക്കാന്‍ കോണ്‍ഗ്രസ്സും ജെഡിഎസും നടത്തുന്ന പെടാപ്പാട് ആരിലും ചിരിയും സഹതാപവും സൃഷ്ടിക്കും. കോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍ ഇന്നലെ രാവിലെ ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതോടെ തന്നെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം അപകടം മണത്തിരുന്നു. അധികാരമേറ്റ ഉടന്‍ തന്നെ പോലിസിന്റെ ഉന്നത തലത്തില്‍ അഴിച്ചുപണി നടത്തുകയും എംഎല്‍എമാര്‍ താമസിക്കുന്ന റിസോര്‍ട്ടിനും ഹോട്ടലിനുമുള്ള സുരക്ഷ പിന്‍വലിക്കുകയും ചെയ്തതോടെ യെദ്യൂരപ്പ കടുത്ത കൈക്ക് മുതിരുമെന്ന സൂചന കിട്ടി.
എംഎല്‍എമാരെ സംസ്ഥാനത്തിന് പുറത്തു കടത്തുകയല്ലാതെ രക്ഷയില്ലെന്നായി. എങ്ങോട്ടുപോവും? ആദ്യത്തെ ലക്ഷ്യം കൊച്ചിയായിരുന്നു. സിപിഎം ഭരണമാണ്. ബിജെപിക്കു കാര്യമായ സ്വാധീനമില്ല. അതായിരുന്നു കൊച്ചി തിരഞ്ഞെടുക്കാന്‍ കാരണം. എന്നാല്‍, കൊച്ചിയില്‍ ബന്ധപ്പെട്ടപ്പോള്‍ ഹോട്ടലുകളിലൊന്നും മുറി ഒഴിവില്ലെന്ന മറുപടി. കേന്ദ്രതലത്തില്‍ ബിജെപി ഹോട്ടലുകാരെ ഭീഷണിപ്പെടുത്തുകയും സമ്മര്‍ദം ചെലുത്തുകയുമായിരുന്നുവെന്ന് കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഒരാളായ മധു ഗൗഡ് യാശികി പറഞ്ഞു. അതോടെയാണ് ഹൈദരാബാദ് തിരഞ്ഞെടുത്തത്. മാധ്യമങ്ങളെ ഒഴിവാക്കാന്‍ പുതുച്ചേരിയിലേക്കു പോവുകയാണെന്ന കിംവദന്തിയും ഇടക്കു പരത്തിയിരുന്നു. ചാര്‍ട്ടേഡ് വിമാനത്തിനു ശ്രമിച്ചപ്പോള്‍ അവിടെയും പാര. തങ്ങള്‍ക്ക് അനുമതി ലഭിച്ചില്ലെന്ന് എയര്‍ലൈന്‍ ഓപറേറ്റര്‍മാരുടെ മറുപടി. അപ്പോഴേക്കും സമയം 11.30 ആയി. വൈകുന്തോറും അപകടം വര്‍ധിക്കും. ഇനി ഒറ്റ വഴിയേയുള്ളു. 116 എംഎല്‍എമാരെയും ബസ്സുകളില്‍ അതിര്‍ത്തികടത്തുക.
രാത്രി 12.15ന് ബംഗളൂരുവിലെ ഈഗിള്‍ട്ടന്‍ റിസോര്‍ട്ടില്‍ നിന്ന് കോണ്‍ഗ്രസ് അംഗങ്ങളും ശാംഗ്രിലാല്‍ ആഡംബര ഹോട്ടലില്‍ നിന്ന് ജെഡിഎസ് അംഗങ്ങളും രണ്ടു ബസ്സുകളിലായി കയറി. ഇരുട്ടിനെ കീറിമുറിച്ച് അര്‍ധരാത്രി ബസ്സുകള്‍ ഹൈദരാബാദ് ലക്ഷ്യമിട്ട് പാഞ്ഞു. പിന്നാലെ ഏതാനും മാധ്യമങ്ങളുടെ വാഹനങ്ങളും. ഒരുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഏതാനും എംഎല്‍എമാര്‍ മൂന്നാമതൊരു ബസ്സിലേക്കു മാറി. കുറച്ചുകൂടി സൗകര്യമായി യാത്ര ചെയ്യാവുന്ന സ്ലീപ്പര്‍ ബസ്സായിരുന്നു അത്. വെള്ളവും ബ്ലാങ്കറ്റുകളും ഭക്ഷണവും യാത്രാവഴിയില്‍ ഒരുക്കിയിരുന്നു. രാവിലെ അഞ്ചു മണിയോടെ ഹൈദരാബാദില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ ചായകുടിക്കാനായി ബസ്സുകള്‍ നിര്‍ത്തി.
കുറുമാറ്റ നിരോധന നിയമം നിലനില്‍ക്കെ തന്നെ എത്ര നാണംകെട്ട രീതിയിലാണ് ബിജെപി തങ്ങളുടെ പിന്നാലെ കൂടിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് എംഎല്‍എ മധു ഗൗഡ് യാശ്കി ചായ കുടിക്കിടെ ദേശീയ ചാനലിനോടു പറഞ്ഞു. ബിജെപിയുടെ നാണംകെട്ട കളിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പിന്തുണ നല്‍കിയിരിക്കുകയാണ്. ക്രിമിനലുകളെപ്പോലെയാണ് അവര്‍ പെരുമാറുന്നത്- അദ്ദേഹം പറഞ്ഞു. ബംഗളൂരുവിലേക്കുള്ള വഴിയിലാണ് കോണ്‍ഗ്രസ് എംഎല്‍എ ആനന്ദ് സിങിനെ തട്ടിക്കൊണ്ടുപോയതെന്ന് അദ്ദേഹം ആരോപിച്ചു. എംഎല്‍എമാരുടെ കുടുംബാംഗങ്ങളെ ഉള്‍പ്പെടെ ബിജെപി ഭീഷണിപ്പെടുത്തുകയാണ്.
കോളുകള്‍ ട്രാക്ക് ചെയ്യാനും റിക്കാഡ് ചെയ്യാനും സാധിക്കുന്ന ആപ്പ് മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ എല്ലാ എംഎല്‍എമാരോടും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. ചില ചാറ്റുകള്‍ റിക്കാഡ് ചെയ്തിട്ടുണ്ടെന്നും ആവശ്യമായ സന്ദര്‍ഭത്തില്‍ അതു പുറത്തുവിടുമെന്നും എംഎല്‍എമാര്‍ പറഞ്ഞു. ബസ്സുകളില്‍ ഒന്ന് ഹയാത്ത് റീജന്‍സിയിലും മറ്റൊന്ന് താജ് കൃഷ്ണയിലുമാണ് യാത്ര അവസാനിപ്പിച്ചത്.
Next Story

RELATED STORIES

Share it