കര്‍ണാടകയില്‍ പിടിച്ചെടുത്ത നോട്ടുകളില്‍ അധികവും ഉയര്‍ന്ന മൂല്യമുള്ളത്‌

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് അടുത്ത കര്‍ണാടകയില്‍ ആദായനികുതിവകുപ്പ് പിടിച്ചെടുത്ത 97 ശതമാനം നോട്ടുകളും രാജ്യത്തെ ഉയര്‍ന്നമൂല്യമുള്ള നോട്ടുകളായ 500, 2000 എന്നിവയുടേത്. 4.73 കോടിയാണ് സംസ്ഥാനത്ത് വിവിധ പരിശോധനകളില്‍ ഇതുവരെ ആദായനികുതിവകുപ്പ് പിടിച്ചെടുത്തിട്ടുള്ളത്.
വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ കറന്‍സിക്ഷാമം മൂലം വലയുന്ന സാഹചര്യത്തിലാണ് പുതിയ വെളിപ്പെടുത്തല്‍. നോട്ട്ക്ഷാമം സംബന്ധിച്ച വിഷയത്തില്‍ അന്വേഷണം നടത്തണമെന്ന് ആദായനികുതി വകുപ്പിനോടും കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡിനോടും നേരത്തേ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു.
കര്‍ണാടകയില്‍ 4.13 കോടി രൂപയ്ക്കു പുറമേ 1.32 കോടി വിലവരുന്ന 4.52 കിലോഗ്രാം സ്വര്‍ണവും ഇതുവരെ പിടിച്ചെടുത്തതായും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബംഗളൂരു നഗരത്തിലാണ് കൂടുതലും അനധികൃത പണം പിടികൂടിയത്. 2. 47 കോടിയാണ് ഇവിടെ കണ്ടെത്തിയത്. ബെല്ലാരിയില്‍ നിന്നു 55 ലക്ഷവും പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു.
സംസ്ഥാനത്തെ വിമാനത്താവളങ്ങളിലും പരിശോധന കര്‍ശനമാക്കിയതോടെ 16.5 ലക്ഷം രൂപയാണ് വിമാനത്താവളങ്ങളില്‍ നിന്ന് ഇതുവരെ പിടിച്ചെടുത്തത്. അതേസമയം, മൈസൂരുവില്‍ വോട്ടര്‍മാ ര്‍ക്ക് വിതരണം ചെയ്യാനെത്തിച്ചെന്നു സംശയിക്കുന്ന 9.51 കോടി രൂപയും കണ്ടുകെട്ടിയതായി ആദായനികുതിവകുപ്പ് വ്യക്തമാക്കി.
Next Story

RELATED STORIES

Share it