Flash News

കര്‍ണാടകയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല; ഗവര്‍ണര്‍ തീരുമാനിക്കും

പിസി  അബ്ദുല്ല

ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നപ്പോള്‍ സര്‍ക്കാരുണ്ടാക്കാന്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. ഇതോടെ ഗവര്‍ണറുടെ തീരുമാനം നിര്‍ണായകമാവും. ബിജെപിയും ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യവും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് ഗവര്‍ണറെ സമീപിച്ചിട്ടുണ്ട്.
ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയാണ് സര്‍ക്കാരുണ്ടാക്കാന്‍ ആദ്യം അനുമതി തേടിയത്.  ഭൂരിപക്ഷം തെളിയിക്കാന്‍ രണ്ടു ദിവസത്തെ സമയമാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി എസ് യെദ്യൂരപ്പ ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ജെഡിഎസിന് കോണ്‍ഗ്രസ് നല്‍കിയ പിന്തുണ മുന്‍ ആര്‍എസ്എസുകാരനും ഗുജറാത്ത് സ്പീക്കറും മന്ത്രിയുമായിരുന്ന ഗവര്‍ണര്‍ വാജുഭായ് വാല മുഖവിലയ്‌ക്കെടുത്തിട്ടില്ലെന്നാണ് സൂചന. ഗവര്‍ണറുടെ നിലപാടിനെ ആശ്രയിച്ചാവും കര്‍ണാടകയിലെ ഭാവി രാഷ്ട്രീയനീക്കങ്ങള്‍.
സര്‍ക്കാര്‍ രൂപീകരിച്ചശേഷം ഭൂരിപക്ഷം തെളിയിക്കാമെന്നാണ് യെദ്യൂരപ്പ ഗവര്‍ണറെ അറിയിച്ചത്. ഇതോടെ കര്‍ണാടകയില്‍ കുതിരക്കച്ചവടത്തിന് കളമൊരുങ്ങി. ജെഡിഎസില്‍ നിന്ന് എംഎല്‍എമാരെ വിലയ്‌ക്കെടുത്ത് ഭൂരിപക്ഷം ഉറപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി. ചില കോണ്‍ഗ്രസ് എംഎല്‍എമാരുമായും ചര്‍ച്ച നടക്കുന്നതായി സൂചനയുണ്ട്.
224 അംഗ നിയമസഭയില്‍ 104 സീറ്റാണ് ബിജെപിക്ക് ലഭിച്ചത്. 78 സീറ്റ് നേടിയ കോണ്‍ഗ്രസ് നാടകീയ നീക്കത്തിലൂടെ 37 സീറ്റ് നേടിയ ജെഡിഎസിന് പിന്തുണ പ്രഖ്യാപിച്ചതാണ് ബിജെപിയുടെ മന്ത്രിസഭാ രൂപീകരണ നീക്കത്തിന് തിരിച്ചടിയായത്. സോണിയാഗാന്ധി നേരിട്ട് ദേവഗൗഡയെ വിളിച്ചാണ് സര്‍ക്കാരുണ്ടാക്കാനുള്ള പിന്തുണ അറിയിച്ചത്. രണ്ട് ഉപമുഖ്യമന്ത്രിസ്ഥാനവും 20 മന്ത്രിസ്ഥാനങ്ങളും ജെഡിഎസ് കോണ്‍ഗ്രസ്സിന് വാഗ്ദാനം നല്‍കിയിട്ടുണ്ട്.
രാജ്യം ഉറ്റുനോക്കിയ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തിരിച്ചടിയാണ് കോണ്‍ഗ്രസ് നേരിട്ടത്. 122ല്‍ നിന്ന് കോണ്‍ഗ്രസ്സിന്റെ അംഗബലം 78 ആയി ചുരുങ്ങി. സംസ്ഥാനത്തെ ആറ് വോട്ടുബാങ്ക് മേഖലകളിലും കോണ്‍ഗ്രസ് പിന്നാക്കം പോയി. മുഖ്യമന്ത്രി സിദ്ധരാമയ്യ ചാമുണ്ഡേശ്വര മണ്ഡലത്തില്‍ പരാജയപ്പെട്ടതും മന്ത്രിമാരുടെ കൂട്ടത്തോല്‍വിയും കോണ്‍ഗ്രസ്സിന് ആഘാതമായി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ പിന്തുണച്ച ലിംഗായത്ത്, വൊക്കലിഗ സമുദായങ്ങള്‍ ഇത്തവണ കോണ്‍ഗ്രസ്സിനെ കൈവിട്ടുവെന്നാണ് ഫലം തെളിയിക്കുന്നത്. ദക്ഷിണ ഉത്തര കന്നഡയിലും കോണ്‍ഗ്രസ്സിന് കാലിടറി.
2013നേക്കാള്‍ ഇരട്ടിയിലേറെ സീറ്റുകള്‍ നേടിയാണ് കര്‍ണാടകയില്‍ ബിജെപി മുന്നേറ്റം. ജെഡിഎസിന് കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് മൂന്ന് സീറ്റ് നഷ്ടമായി. ഒരു സ്വതന്ത്രനടക്കം 223 സീറ്റില്‍ കോണ്‍ഗ്രസ് മല്‍സരിച്ചിരുന്നു. ബിജെപി മുഴുവന്‍ സീറ്റിലും ജനവിധി തേടി. ജെഡിഎസ്-ബിഎസ്പി സഖ്യം 218 സീറ്റിലാണ് മല്‍സരിച്ചത്. മൂന്ന് സീറ്റുകളില്‍ വീതം മല്‍സരിച്ച എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടികളും രണ്ടു സീറ്റില്‍ ജനവിധി തേടിയ സിപിഐയും പരാജയപ്പെട്ടു.
Next Story

RELATED STORIES

Share it