malappuram local

കരുവാരക്കുണ്ട് ഗ്രാമപ്പഞ്ചായത്ത് യോഗത്തില്‍ ബഹളം

കരുവാരകുണ്ട്: വികസന കാര്യങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തുന്നുവെന്നാരോപിച്ച്് കരുവാരകുണ്ട് ബോര്‍ഡ് യോഗം ബഹളത്തില്‍ കലാശിച്ചു. ഗ്രാമസഭകളിലും ആസൂത്രണ സമിതിയിലും കര്‍മസമിതിയിലും വികസന സെമിനാറിലുമുണ്ടായ കൂട്ടായ തീരുമാനങ്ങളെ മറികടന്നാണ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റും ഏതാനും അംഗങ്ങളും ചേര്‍ന്ന് വികസന പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്നതെന്ന് മുന്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റും മുസ്്‌ലിം ലീഗ് പാര്‍ലിമെന്ററി ലീഡറുമായ കെ മുഹമ്മദും സ്ഥിരംസമിതി അധ്യക്ഷന്‍ പി ഷൗക്കത്തലിയും പറഞ്ഞു. മുസ്്‌ലിംലീഗ് നേതൃത്വം കൊടുത്തിരുന്ന മുന്‍ ഭരണസമിതി മുഴുവന്‍ വാര്‍ഡുകളിലേക്കും ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ ഫണ്ടുകള്‍ അനുവദിച്ച് ഗ്രാമപ്പഞ്ചായത്തിന്റെ വികസനത്തിനാണ് മുന്‍തൂക്കം നല്‍കിയിരുന്നത്.
ഇത്തരം നിലപാടുകളാണ് രഹസ്യ തീരുമാനങ്ങളിലൂടെ ലംഘിക്കുന്നത്. കൂടാതെ ഏറെ കൊട്ടിഘോഷിച്ച് പ്രഖ്യാപനം നടത്തുകയും ഗ്രാമപ്പഞ്ചായത്തിലെ പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ ഗ്രാമപ്പഞ്ചായത്തംഗങ്ങളുടെ സമ്മതത്തോടെ തയ്യാറാക്കുകയും ചെയ്ത സമഗ്ര വിദ്യാഭ്യാസ പദ്ധതിയിലെ പ്രഖ്യാപനങ്ങളെ തള്ളിക്കളയുന്നതുമാണ് ഭരണസമിതി കൈകൊള്ളുന്ന തീരുമാനങ്ങള്‍. പഞ്ചായത്തിലെ മുഴുവന്‍ വിദ്യാലയങ്ങളേയും ഒറ്റയൂനിറ്റായി കണ്ട് അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നാണ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയിലെ പ്രധാന നിര്‍ദേശം. അങ്കണവാടികളേയും ഇവയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍, പഞ്ചായത്തിലെ പ്രമുഖ വിദ്യാലയങ്ങള്‍ക്ക് നാമമാത്രമായ ഫണ്ടാണ് അനുവദിച്ചിരിക്കുന്നത്. തകര്‍ന്നുവീഴാറായ അങ്കണവാടികള്‍ക്കൊന്നും ഫണ്ട് അനുവദിച്ചിട്ടുമില്ല. പതിനാലാം ധനകാര്യ കമ്മീഷന്‍ 1,34,65,000 രൂപയാണ് അനുവദിച്ചിരുന്നത്. ശിഷ്ട തുകയായി വന്ന 34 ലക്ഷം രൂപയും റോഡ് മെയിന്റനന്‍സിനുള്ള 1,37,55,000 രൂപയില്‍നിന്ന് ശിഷ്ടമായി വരുന്ന 11 ലക്ഷം രൂപയും തന്നിഷ്ടപ്രകാരമാണ് ചെലവഴിക്കുന്നത്. സ്ഥിരംസമിതിയില്‍ ചര്‍ച്ച ചെയ്യാതെയാണെന്ന തീരുമാനങ്ങള്‍ കൈകൊള്ളുന്നത്. ഗ്രാമപ്പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്ന തീരുമാനങ്ങള്‍ക്കൊപ്പം നില്‍ക്കാനാവില്ലെന്നും വിയോജനക്കുറിപ്പ് രേഖപ്പെടുത്തുമെന്നും മുസ്്‌ലിംലീഗ് മെംബര്‍മാര്‍ അറിയിച്ചു.
അതേസമയം, പഞ്ചായത്തില്‍ ലീഗ് വാര്‍ഡ് അവഗണിക്കപ്പെടുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് പ്രസിഡന്റ് അബ്ദുള്‍ ലത്തീഫ് മഠത്തില്‍ പറഞ്ഞു.പഞ്ചായത്തിനെ ഒരു വാര്‍ഡായി കണ്ട് കൊണ്ടാണ് പുതിയ ഭരണസമിതി മുന്നോട്ടു പോവുന്നതെന്നും വൈസ് പ്രസിഡന്റ് സി കെ ബിജിന, മെമ്പര്‍മാരായ എം മുരളി, ദീപ അറിയിച്ചു.
Next Story

RELATED STORIES

Share it