Kollam Local

കരുനാഗപ്പള്ളി സ്വദേശിയെ കവര്‍ച്ചക്കിരയാക്കിയ ആള്‍ പിടിയില്‍

കോന്നി: കവര്‍ച്ചക്കേസ് പ്രതിയെ മുംബൈയില്‍ നിന്നും കോന്നി പോലിസ് പിടികൂടി. കൊക്കാത്തോട് ഉടുമ്പിന്‍കോട്ട് മണ്ണില്‍ സലാഹുദ്ദീനാണ് അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം കോന്നി പോലിസിന്റെ പിടിയിലായത്. 2013 മാര്‍ച്ചില്‍ അട്ടച്ചാക്കല്‍ ഭാഗത്തു വച്ച് കരുനാഗപ്പള്ളി സ്വദേശിയായ സുനില്‍ കുമാറാണ് കവര്‍ച്ചക്ക് ഇരയായത്. കുമ്പഴ ഭാഗത്തു നിന്നും ബൈക്കില്‍ വരികയായിരുന്ന സുനില്‍കുമാറിനെ തടഞ്ഞു നിര്‍ത്തി ക്രൂരമായി മര്‍ദിച്ച ശേഷം മറ്റൊരു വാഹനത്തില്‍ കയറ്റി 2,10,800
രൂപയും വിലപിടിപ്പുള്ള മൊബൈല്‍ ഫോണുകളും കവരുകയായിരുന്നു. തുടര്‍ന്ന് സുനില്‍ കുമാറിനെ വഴിയില്‍ ഉപേക്ഷിച്ചു. സംഭവത്തില്‍ അഞ്ച് പ്രതികളില്‍ മൂന്നു പേര്‍ വിദേശത്തേക്ക് കടന്നതായി പോലിസിന് സൂചന ലഭിച്ചിരുന്നു. തുടര്‍ അന്വേഷണം നടക്കുന്ന വേളയിലാണ് കേസിലെ രണ്ടാം പ്രതിയായ സലാഹുദ്ദീന്‍ മുംബൈ വിമാനത്താവളം വഴി കേരളത്തിലേക്ക് വരുന്നതായി സൂചന ലഭിച്ചത്. തുടര്‍ന്ന് ജില്ലാ പോലിസ് മേധാവി ടി നാരായണന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കോന്നി പോലിസ് ഇന്‍സ്‌പെക്ടര്‍ അഷാദ്, സബ് ഇന്‍സ്‌പെക്ടര്‍ ഇ ബാബു, സിവില്‍ പോലിസ് ഓഫിസര്‍ അനുജ് എന്നിവരടങ്ങിയ അന്വേഷണ സംഘം മുംബൈയിലേക്ക് പോകുകയും അവിടെ വച്ച് സലാഹുദ്ദീനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.പ്രതിയെ കോടതിയില്‍ ഹാജരാക്കി. ഈ കവര്‍ച്ചക്കേസില്‍ ഒരു പ്രതി കൂടി പിടിയിലാകാനുണ്ട്.
Next Story

RELATED STORIES

Share it