കരുതലോടെ മുന്നണികള്‍; പിഴവു തിരുത്താന്‍ നേതൃത്വം

എ   ജയകുമാര്‍
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കരുതലോടെ കരുക്കള്‍ നീക്കണമെന്നും മുന്‍ അനുഭവത്തിന്റെ വെളിച്ചത്തി ല്‍ പിഴവുകള്‍ തിരുത്തി തിരഞ്ഞെടുപ്പു പ്രവര്‍ത്തനം നടത്തണമെന്നുമാണു മൂന്നു മുന്നണികളോടും നേതൃത്വത്തിന്റെ കര്‍ശന നിര്‍ദേശം. എല്ലാ മുന്നണികളും തങ്ങളുടെ അഭിമാന പോരാട്ടമായിത്തന്നെയാണു ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനെ വിലയിരുത്തുന്നത്. യുഡിഎഫ് പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തുന്നത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. പ്രവര്‍ത്തകര്‍ തമ്മില്‍ അന്തഛിദ്രം പാടില്ലെന്നും നേതാക്കള്‍ ഒളിഞ്ഞും തെളിഞ്ഞുമുള്ള പോര് അവസാനിപ്പിക്കണമെന്നും കഴിഞ്ഞദിവസം കൂടിയ യോഗത്തില്‍ തീരുമാനമുണ്ടായി.  പൗരപ്രമുഖര്‍, ആദ്യകാല നേതാക്കള്‍ എന്നിവരെ നേരിട്ടു കണ്ട് വോട്ടുറപ്പിക്കാനുള്ള ശ്രമമാണു യുഡിഎഫ് സ്ഥാനാര്‍ഥി ഡി വിജയകുമാര്‍ നടത്തുന്നത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്് അംഗം എം വി ഗോവിന്ദന്‍ മാസ്റ്റര്‍ക്കാണ് ഇടതുമുന്നണി പ്രചാരണങ്ങളുടെ പ്രധാന ചുമതല.
ജില്ലാ സെക്രട്ടറി എന്ന നിലയില്‍ ജില്ലയിലെമ്പാടുമുള്ള പ്രമുഖരുമായി അടുപ്പമുള്ള സ്ഥാനാര്‍ഥി പിണിയാളുകളുടെ വാക്കുകേട്ട് അബദ്ധത്തില്‍ ചാടരുതെന്നും പാര്‍ട്ടി അനുഭാവികളെങ്കിലും ഇപ്പോള്‍ വിട്ടുനില്‍ക്കുന്ന ആദ്യകാല പ്രവര്‍ത്തകരെ നേരിട്ടു കണ്ട് വോട്ട് അഭ്യര്‍ഥിക്കണമെന്നുമാണു സജി ചെറിയാനു നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശം. മുമ്പ് വിഭാഗീയത ശക്തമായിരുന്ന ചെങ്ങന്നൂരില്‍ അസംതൃപ്തരായ നിരവധി പാര്‍ട്ടി അണികള്‍ ഇപ്പോഴും സജി ചെറിയാനോട് മാനസിക ശത്രുത പുലര്‍ത്തുന്നുണ്ട്. ഇത്തരത്തിലുള്ളവരെ കണ്ടെത്തി വോട്ടുറപ്പിച്ചില്ലെങ്കില്‍ ഇടതുപക്ഷത്തിന് അതു വലിയ ഭീഷണിയാവും. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഏറ്റവും ആദ്യം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതു ബിജെപി ആണെങ്കിലും ഇതുവരെ എന്‍ഡിഎ മുന്നണി പോലും കൂടാന്‍ പറ്റാത്ത സ്ഥിതിയാണു മണ്ഡലത്തില്‍. ബിഡിജെഎസിന്റെ ഭീഷണി മറികടക്കണം. കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് വര്‍ധന ഉണ്ടാക്കിയില്ലെങ്കില്‍ ബിജെപി ചെങ്ങന്നൂരില്‍ മണ്ണടിയുമെന്ന് നേതൃത്വം ചൂണ്ടിക്കാട്ടുന്നു.
Next Story

RELATED STORIES

Share it