ernakulam local

കരുണാകരന്റെ കാത്തിരിപ്പ് 10 ദിവസം പിന്നിടുന്നു

മൂവാറ്റുപുഴ: സരസ്വതിയെ കാണാതായിട്ട് 10 ദിവസം പിന്നിടുന്നു. പുഴയില്‍ കുളിക്കുന്നതിനിടെ കാണാതായ പെരിങ്ങഴ ആശാരിപറമ്പില്‍ കരുണാകരന്റെ ഭാര്യ സരസ്വതി (65)കാണാതായിട്ട് 10 ദിവസം പിന്നിടുമ്പോള്‍ സരസ്വതിയെ കുറിച്ചുള്ള ഓര്‍മകളുമായി തന്റെ കൊച്ചു കൂരയില്‍ ഒറ്റയ്ക്ക് കഴിയുകയാണ് കരുണാകരന്‍. കഴിഞ്ഞ ജൂണ്‍ 22ന് രാവിലെ 11.30നാണ് സംഭവം. വീടിന് സമീപത്തെ മഠത്തിച്ചാലില്‍ കടവില്‍ കുളിക്കാന്‍ പോയ സരസ്വതിയെ ഏറെസമയം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് റവന്യൂവകുപ്പ് ഉദ്യോഗസ്ഥരും മൂവാറ്റുപുഴ ഫയര്‍ ഓഫിസര്‍ ജോണ്‍ ജി പ്ലാക്കലിന്റെ നേതൃത്വത്തില്‍ ഫയര്‍ ഫോഴ്‌സിന്റെ സ്‌ക്യൂബ ടീമും ദിവസങ്ങളോളം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കാലവര്‍ഷത്തെ തുടര്‍ന്ന് പുഴയില്‍ വെള്ളമുയര്‍ന്നതും ഒഴുക്ക് കൃമാതീതമായി വര്‍ധിച്ചതും തിരച്ചിലിന് തടസ്സമാവുകയായിരുന്നു. കൂലിപ്പണിക്കാരനായ കരുണാകരനും സരസ്വതിയും ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഇവരുടെ ഏകമകള്‍ നേരത്തെ മരിച്ചിരുന്നു. സംഭവം നടന്ന് 10 ദിവസം പിന്നിട്ടിട്ടും സരസ്വതിയെ കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തത് കരുണാകരനെ ദു:ഖത്തിലാഴ്ത്തിയിരിക്കുകയാണ്. കൂലിപ്പണിക്ക് പോയി കുടുംബം പുലര്‍ത്തിയിരുന്ന കരുണാകരന്‍ ജോലിക്ക് പോവാന്‍ കഴിയാതെ ഏകനായി വീട്ടില്‍ കഴിയുകയാണ്. കരുണാകരന്റെ ദുരവസ്ഥ മനസ്സിലാക്കിയ എല്‍ദോഎബ്രഹാം എംഎല്‍എ സരസ്വതിയെക്കുറിച്ചുള്ള അന്വേഷണം നടത്തണമെന്നും കുടുംബത്തിന് അടിയന്തര സര്‍ക്കാര്‍ ധനസഹായം ലഭ്യമാക്കണമെന്നും കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് ഇന്നലെ എംഎല്‍ എയുടെ നേതൃത്വത്തില്‍ റവന്യൂവകുപ്പ് ഉദ്യോഗസ്ഥര്‍ കരുണാകരന്റെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. പോലിസ് എഫ്‌ഐആറും ആര്‍ഡി ഒ, തഹസീല്‍ദാര്‍ എന്നിവര്‍ തയ്യാറാക്കുന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നതിന് മുഖ്യമന്ത്രിക്കും റവന്യൂവകുപ്പ് മന്ത്രിക്കും നിവേദനം സമര്‍പ്പിക്കുമെന്നും എംഎല്‍എ പറഞ്ഞു. എംഎല്‍എയോടൊപ്പം പഞ്ചായത്ത് പ്രസിഡന്റ് വള്ളമറ്റം കുഞ്ഞ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ചിന്നമ്മ ഷൈന്‍, ഗ്രാമപ്പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സിബി കുര്യാക്കോ, സാബു ചാലില്‍, ആര്‍ഡിഒ എം ടി അനില്‍കുമാര്‍, തഹസീല്‍ദാര്‍ മദ്‌സൂധനന്‍, വില്ലേജ് ഓഫിസര്‍ സുഭാഷ് എന്നിവരുമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it