wayanad local

കരിമ്പില്‍ ഭൂപ്രശ്‌നം: സര്‍വേ നടപടികള്‍ തുടങ്ങും

കല്‍പ്പറ്റ: തൊണ്ടര്‍നാട് കരിമ്പില്‍ ഭൂപ്രശ്‌നവുമായി ബന്ധപ്പെട്ട് സംയുക്ത പരിശോധന നടത്തിയ കേസുകളില്‍ നാളെ മുതല്‍ സര്‍വേ നടപടി ആരംഭിക്കാന്‍ ജില്ലാ കലക്ടര്‍ എസ് സുഹാസ് നിര്‍ദേശം നല്‍കി. സംയുക്ത പരിശോധനയില്‍ അംഗീകരിക്കാത്തവ പുനപ്പരിശോധിക്കാന്‍ എല്‍ആര്‍ സ്‌പെഷ്യല്‍ ഡെപ്യൂട്ടി കലക്ടറെയും ചുമതലപ്പെടുത്തി. ജില്ലാ കലക്ടര്‍ എസ് സുഹാസിന്റെ നേതൃത്വത്തില്‍ നാലാംമൈല്‍ മോഡേണ്‍ സ്‌കൂളില്‍ നടത്തിയ പരാതി പരിഹാര അദാലത്തിലാണ് തീരുമാനം. തൊണ്ടര്‍നാട് വില്ലേജില്‍ റീസര്‍വേ 42/1 എഫില്‍ പട്ടയം ലഭിക്കുന്നതിനായി സംയുക്ത പരിശോധനയ്ക്ക് 281 അപേക്ഷകളായിരുന്നു ലഭിച്ചിരുന്നത്.
ഇതില്‍ 177 അപേക്ഷകള്‍ അംഗീകരിച്ചു. മാനന്തവാടി താലൂക്ക് പരിധിയില്‍ വരുന്ന പനമരം, അഞ്ചുകുന്ന്, ചെറുകാട്ടൂര്‍, പെരുന്നന്നൂര്‍, തൊണ്ടര്‍നാട്, വെള്ളമുണ്ട, കാഞ്ഞിരങ്ങാട് വില്ലേജുകളിലെ പൊതുജനങ്ങളുടെ പരാതികളാണ് അദാലത്തില്‍ പരിഗണിച്ചിരുന്നത്. ഒ ആര്‍ കേളു എംഎല്‍എ ഉദ്ഘാടനം ചെയ്തു. പരാതിപരിഹാര അദാലത്തില്‍ 15 പട്ടയങ്ങളുടെ വിതരണവും നടന്നു. റവന്യൂ സംബന്ധമായതും അല്ലാത്തതുമായ നിരവധി പരാതികളാണ് ജില്ലാ കലക്ടറുടെ മുന്നിലെത്തിയത്.
രാവിലെ 10നു തുടങ്ങിയ അദാലത്തിലേക്ക് 224 പരാതികളാണ് വില്ലേജുകളില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നത്. ഇവയില്‍ 152 എണ്ണം പരിഹരിച്ചു. പട്ടയവുമായി ബന്ധപ്പെട്ട് ലഭിച്ച 85 പരാതികളില്‍ 22 എണ്ണവും ഭൂനികുതിയിനത്തില്‍ ലഭിച്ച 11 അപേക്ഷകളില്‍ 8 എണ്ണവും മറ്റ് വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട 128 പരാതികളില്‍ 122 എണ്ണവും ഉള്‍പ്പെടും. പരിഹരിച്ച പരാതികള്‍ സംബന്ധിച്ച വിവരങ്ങള്‍ അതാത് വില്ലേജ് കൗണ്ടര്‍ വഴി അപേക്ഷകരെ അറിയിക്കാനുള്ള സംവിധാനം അദാലത്തില്‍ ഒരുക്കിയിരുന്നു.
അദാലത്തില്‍ പുതിയ അപേക്ഷകള്‍ സ്വീകരിക്കാനും പരാതിക്കാര്‍ക്ക് കലക്ടറെ നേരിട്ടു കണ്ട് പരാതി ബോധിപ്പിക്കാനും സൗകര്യം  ഒരുക്കിയിരുന്നു. 124 പുതിയ അപേക്ഷകളാണ് ഇപ്രകാരം പുതുതായി ജില്ലാ കലക്ടറുടെ മുന്നിലെത്തിയത്. നേരിട്ടു ലഭിച്ച അപേക്ഷകളില്‍ ഒരു മാസത്തിനകം തീരുമാനം എടുക്കാന്‍ ബന്ധപ്പെട്ട ഉദേ്യാഗസ്ഥര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം തേടി 70 അപേക്ഷകളും ദേശീയ കുടംബസഹായ പദ്ധതിക്കായി 17 അപേക്ഷകളും ലഭിച്ചു. എഡിഎം കെ എം രാജു, എല്‍ആര്‍ ഡെപ്യൂട്ടി കലക്ടര്‍ ടി സോമനാഥന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it