കരിപ്പൂര്‍ 31നകം വലിയ വിമാനങ്ങള്‍ക്ക് അനുമതി

ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നു വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നതു സംബന്ധിച്ച് എംപിമാര്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലുമായി ചര്‍ച്ച നടത്തി.
എംപിമാരായ പി കെ കുഞ്ഞാലിക്കുട്ടി, എം കെ രാഘവന്‍, ഇ ടി മുഹമ്മദ് ബഷീര്‍, എം ഐ ഷാനവാസ് എന്നിവരാണ് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ ബി എസ് കുള്ളറെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയത്. ഹജ്ജ് എംബാര്‍ക്കേഷന്‍ കരിപ്പൂരില്‍ പുനസ്ഥാപിക്കണമെന്നും എംപിമാര്‍ ചര്‍ച്ചയില്‍ ഉന്നയിച്ചു. വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കാന്‍ 31നകം നടപടിയുണ്ടാവുമെന്ന് ഡിജിസിഎ എംപിമാര്‍ക്ക് ഉറപ്പുനല്‍കി.
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും 2017 ഒക്ടോബറില്‍ സംയുക്ത പ്രാഥമിക പഠനം നടത്തുകയും അതില്‍ ആര്‍ ബി 777-200 ഇആര്‍ആര്‍, ആര്‍ബി 777-300 ഇആര്‍, ആര്‍ബി 787-800 ഡ്രീംലൈനര്‍, എ 330-300 എന്നീ വിമാനങ്ങള്‍ക്ക് അനുമതി നല്‍കുന്നതില്‍ സാങ്കേതിക തടസ്സങ്ങള്‍ ഒന്നുംതന്നെ ഇല്ലെന്നും കണ്ടെത്തിയിരുന്നതായി എംപിമാര്‍ ചൂണ്ടിക്കാട്ടി.  2017 ഡിസംബറില്‍ സമര്‍പ്പിച്ച ഈ സാധ്യതാ പഠന റിപോര്‍ട്ട് എയര്‍പോര്‍ട്ട് അതോറിറ്റി അംഗീകരിക്കുകയും കരിപ്പൂരിലേക്ക് വലിയ-ഇടത്തരം വിമാനങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന് ഡിജിസിഎയെ രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it