Gulf

കരിപ്പൂര്‍ പ്രക്ഷോഭങ്ങള്‍ക്ക് പൂര്‍ണ പിന്തുണ; സമരങ്ങളില്‍ പ്രവാസികള്‍ പങ്കുചേരും: യൂസേഴ്‌സ് ഫോറം

കരിപ്പൂര്‍ പ്രക്ഷോഭങ്ങള്‍ക്ക് പൂര്‍ണ പിന്തുണ; സമരങ്ങളില്‍ പ്രവാസികള്‍ പങ്കുചേരും: യൂസേഴ്‌സ് ഫോറം
X


ദമ്മാം: സാധാരണക്കാരുടെ വിമാനത്താവളമായി അറിയപ്പെടുന്ന കരിപ്പൂരിനെ സംരക്ഷിക്കാന്‍ നാട്ടില്‍ നടക്കുന്ന പ്രക്ഷോഭ സമരങ്ങളില്‍ പ്രവാസികളും പങ്കുചേരുമെന്ന് ദമ്മാം കാലിക്കറ്റ് എയര്‍പോര്‍ട്ട് യൂസേഴ്‌സ് ഫോറം വ്യക്തമാക്കി. സാമൂഹിക ബാധ്യതയായി കണ്ട് പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കരിപ്പൂര്‍ വിമാനത്താവളത്തെ സംരക്ഷിക്കാന്‍ ജനപ്രതിനിധികള്‍ നടത്തുന്ന ഇടപെടല്‍ ആശാവഹമാണ്. അതോടൊപ്പം, ശക്തമായ ജനകീയ പ്രക്ഷോഭങ്ങളിലൂടെ വിമാനത്താവള വികസനത്തിന് പ്രതിബന്ധമായി നിലകൊള്ളുന്ന കേന്ദ്ര സര്‍ക്കാരിനെയും ഉദ്യോഗസ്ഥ ലോബിയെയും തിരുത്തിക്കാന്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ പ്രവാസികളും സംഘടിക്കേണ്ടതുണ്ട്. ഇടത്തരം വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ കരിപ്പൂര്‍ സജ്ജമാണെന്ന് വ്യക്തമായിരിക്കെ കേന്ദ്ര സര്‍ക്കാരും ഉദ്യോഗസ്ഥരും നടത്തുന്ന ഒളിച്ചുകളി ജനാധിപത്യത്തോടും ഭരണഘടനയോടുമുള്ള വെല്ലുവിളിയാണ്. ഇന്ത്യയില്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്ന വിമാനത്താവളങ്ങളില്‍ ആറാം സ്ഥാനത്തുണ്ടായിരുന്ന കരിപ്പൂരിന് സര്‍ക്കാര്‍ അവഗണന കാരണം പ്രതാപം നഷ്ടപ്പെട്ടതോടെ നിരവധി പാവപ്പെട്ട കുടുംബങ്ങളുടെ ഉപജീവന മാര്‍ഗമാണ് അടഞ്ഞത്. മലബാറില്‍ നിന്നുള്ള കയറ്റുമതിയെയും കാര്യമായി ബാധിച്ചിരിക്കുന്നു. കോടിക്കണക്കിന് രൂപ മുടക്കി നിര്‍മിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഹജ്ജ് ഹൗസ് വര്‍ഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുകയാണ്. കരിപ്പൂരിനോടുള്ള സര്‍ക്കാര്‍ ചിറ്റമ്മനയം അത്യന്തം അപലപനീയമാണ്. കേരള പ്രവാസി സംഘം അടുത്ത ദിവസം നടത്തുന്ന രാപ്പകല്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച യോഗം ജൂലൈ 12ന് നടക്കുന്ന എംകെ രാഘവന്‍ എംപിയുടെ ഉപവാസ സമരത്തില്‍ നാട്ടിലുള്ള ഫോറം ഭാരവാഹികള്‍ പങ്കാളികളാകുമെന്നും അറിയിച്ചു. കരിപ്പൂരില്‍ യാത്രക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് യൂസേഴ്‌സ് ഫോറം www.caufglobal.org വെബ്‌സൈറ്റില്‍ പരാതി ബോധിപ്പിക്കാവുന്നതാണ്. പ്രസ്തുത പരാതി വിമാനത്താവള അധികാരികള്‍ക്ക് കൈമാറി പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കും. സൗദിയിലുടനീളം വിവിധ സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് റിയാദ്, ജിദ്ദ തുടങ്ങിയ പ്രവിശ്യകളില്‍ യൂനിറ്റുകള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചതായും ഭാരവാഹികള്‍ അറിയിച്ചു. ജനറല്‍ കണ്‍വീനര്‍ ടി പി എം ഫസല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പി എം നജീബ്, ആലിക്കുട്ടി ഒളവട്ടൂര്‍, സി അബ്ദുല്‍ ഹമീദ്, ഡോ. അബ്ദുസ്സലാം കണ്ണിയന്‍, അബ്ദുല്‍ മജീദ് കൊടുവള്ളി, എം എം നഈം, റഫീഖ് കൂട്ടിലങ്ങാടി, നജീബ് അരഞ്ഞിക്കല്‍, ഫിറോസ് ഹൈദര്‍, നാച്ചു അണ്ടോണ, സി അബ്ദുല്‍ റസാഖ് സംസാരിച്ചു.
Next Story

RELATED STORIES

Share it