കരിപ്പൂരും തിരുവനന്തപുരവും നിലനിര്‍ത്തണമെന്ന് സൗദി

കരിപ്പൂര്‍: കരിപ്പൂരില്‍ നിന്ന് സൗദി എയര്‍ലൈന്‍സിന് താല്‍ക്കാലിക അനുമതിക്കായി സൗദി അംബാസഡര്‍ നല്‍കിയ കത്ത് വിദേശകാര്യമന്ത്രാലയത്തിന്റെ പരിഗണനയില്‍. കരിപ്പൂരില്‍ നിന്ന് സൗദി എയര്‍ലൈന്‍സിന് സര്‍വീസിന് അനുമതി ലഭിച്ചെങ്കിലും തിരുവനന്തപുരം സര്‍വീസ് റദ്ദാക്കാതെ കരിപ്പൂര്‍ സര്‍വീസുകള്‍ ആരംഭിക്കാനാവാത്തതാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്.
പുതിയ സ്റ്റേഷനും താല്‍ക്കാലിക സീറ്റുകളും ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് സൗദി അംബാസഡര്‍ കത്ത് നല്‍കിയത്. കഴിഞ്ഞ ജൂലൈ 22ന് കേന്ദ്രമന്ത്രി സുഷമ സ്വരാജിനു നല്‍കിയ കത്താണ് നിലവില്‍ വ്യോമയാനമന്ത്രാലയത്തിന്റെ പരിഗണനയ്‌ക്കെത്തുന്നത്. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള കരാര്‍പ്രകാരം ആഴ്ചയില്‍ 20,000 സീറ്റാണ് ഇരുരാജ്യങ്ങളിലേക്കുമുള്ളത്. ഇതില്‍ സൗദി എയര്‍ലൈന്‍സ് അവരുടെ 20,000 സീറ്റില്‍ 19670 സീറ്റും കൊച്ചി, തിരുവനന്തപുരം ഉള്‍പ്പെടെ എട്ടു വിമാനത്താവളങ്ങളില്‍ നിന്ന് ഉപയോഗിക്കുന്നുണ്ട്. ശേഷിക്കുന്ന 330 സീറ്റില്‍ സൗദി അറേബ്യയുടെ മറ്റൊരു വിമാനക്കമ്പനിയായ ഫ്‌ളൈനാസ് ഹൈദരാബാദ്-ജിദ്ദ റൂട്ടില്‍ ആഴ്ചയില്‍ രണ്ടുവിമാനം വീതം സര്‍വീസ് നടത്തുന്നു.
കരിപ്പൂരില്‍ നിന്ന് നേരത്തേയുണ്ടായിരുന്ന സര്‍വീസ് 2015 മെയ് മുതല്‍ നിര്‍ത്തിയതിനാല്‍ ഈ സ്റ്റേഷന്‍ പിന്നീട് തിരുവനന്തപുരത്തേക്കു മാറ്റുകയായിരുന്നു. ഇന്ത്യന്‍ വിമാനക്കമ്പനികളായ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, മറ്റു സ്വകാര്യ വിമാനക്കമ്പനികള്‍ എന്നിവ ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്നത് 15,000 സീറ്റില്‍ താഴെ മാത്രമാണ്. ഉഭയകക്ഷി കരാര്‍പ്രകാരം ഒരുരാജ്യം അവരുടെ 80 ശതമാനം സീറ്റുകള്‍ ഉപയോഗിച്ചിട്ടില്ലെങ്കില്‍ പുതിയ സീറ്റുകള്‍ മറ്റൊരു രാജ്യത്തെ വിമാനക്കമ്പനികള്‍ക്ക് അധികം നല്‍കില്ല.
എന്നാല്‍, കരിപ്പൂരില്‍ നിന്ന് എയര്‍ ഇന്ത്യയടക്കം സര്‍വീസ് തുടങ്ങുന്നതോടെ സൗദിക്ക് 8000 സീറ്റ് അധികം ലഭിക്കും. ഈ സീറ്റുകള്‍ താല്‍ക്കാലികമായി മുന്‍കൂട്ടി നല്‍കണമെന്നും നിലവില്‍ ഒമ്പതാമത്തെ സ്റ്റേഷന്‍ അനുവദിച്ചുനല്‍കണമെന്നും ആവശ്യപ്പെട്ടാണ് അംബാസഡര്‍ കത്ത് നല്‍കിയിരിക്കുന്നത്. ഇന്ത്യയും സൗദിയും തമ്മിലുള്ള വ്യോമയാന ഉഭയകക്ഷി കരാര്‍ ഡിസംബറില്‍ ഉണ്ടാവും. സൗദി അംബാസഡറുടെ കത്തിന് വ്യോമയാനമന്ത്രാലയവും വിദേശകാര്യമന്ത്രാലയവും പരിഗണന നല്‍കുമെന്നാണു പ്രതീക്ഷിക്കുന്നത്.

Next Story

RELATED STORIES

Share it