കരിപ്പൂരില്‍ വിമാനങ്ങളുടെ ലാന്‍ഡിങ്, പാര്‍ക്കിങ് നിരക്കുകള്‍ വര്‍ധിപ്പിച്ചു

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ അന്താരാഷ്ട്ര-ആഭ്യന്തര വിമാനങ്ങള്‍ക്കുള്ള ലാന്‍ഡിങ് നിരക്കും റണ്‍വേ ഏപ്രണിലെ പാര്‍ക്കിങ് നിരക്കും എയര്‍പോര്‍ട്ട് അതോറിറ്റി വര്‍ധിപ്പിച്ചു. നിലവിലുള്ള ശൈത്യകാല ഷെഡ്യൂള്‍ മുതല്‍ 2021 മാര്‍ച്ച് വരെയുള്ള നിരക്കുകളാണ് അതോറിറ്റി പുറത്തുവിട്ടത്. 2018 മാര്‍ച്ച് വരെ ഒരു നിരക്കും തുടര്‍ന്ന് ഓരോ വര്‍ഷത്തിലേക്കും നാലു ശതമാനം വര്‍ധിപ്പിച്ച നിരക്കുകളുമാണ് അതോറിറ്റി വിമാന കമ്പനികള്‍ക്ക് കൈമാറിയത്. എന്നാല്‍ ഏപ്രണിലെ പുതിയ പാര്‍ക്കിങ് നിരക്കുകള്‍ ഇക്കാലയളവില്‍ മാറ്റങ്ങളില്ലാതെ തുടരും. ഇതനുസരിച്ചു വിമാന കമ്പനികള്‍ വിമാന ടിക്കറ്റ് നിരക്കുകളും ഉയര്‍ത്തും. 2018 മാര്‍ച്ചിലെ ശൈത്യകാല ഷെഡ്യൂള്‍ അവസാനിക്കുന്നതുവരെ 25 മെട്രിക് ടണ്‍ ഭാരമുള്ള ഒരു അന്താരാഷ്ട്ര വിമാനം കരിപ്പൂരിലിറങ്ങിയാല്‍ 6000 രൂപയാണു നല്‍കേണ്ടത്. ഒരു മെട്രിക് ടണ്ണിന് 240 രൂപയാണ് ഈടാക്കുന്നത്. എന്നാല്‍ 25 മെട്രിക് ടണ്‍ മുതല്‍ 50 മെട്രിക് ടണ്‍ വരെ ഭാരമുള്ള വിമാനങ്ങള്‍ 17,250 രൂപ നല്‍കണം. 450 രൂപയാണ് ഓരോ മെട്രിക് ടണ്ണിനും അധികം നല്‍കേണ്ടത്. 50 മുതല്‍ 100വരെ മെട്രിക് ടണ്‍ ഭാരമുള്ളവയ്ക്ക് 520 രൂപ അധികം നല്‍കണം. 43,250 രൂപയാണ് ലാന്‍ഡിങ് നിരക്ക്. 200 മെട്രിക് ടണ്‍ വരെ ഒരു മെട്രിക് ടണ്ണിന് 600  രൂപയാണ് അധികം നല്‍കണം.ഇതനുസരിച്ച് 103, 250 രൂപ നല്‍കണം. 200 മുകളില്‍ 720 രൂപയാണ് കിലോയ്ക്ക് നല്‍കേണ്ടിവരിക. ആഭ്യന്തര നിരക്കില്‍ ഒരു മെട്രിക് ടണ്ണിന് 160 രൂപയാണ് ഈടാക്കുക. 25 മെട്രിക് ടണ്ണിന് 2018 മാര്‍ച്ച് വരെ 4000 രൂപയാണ് നല്‍കേണ്ടത്. 25 മെട്രിക് ടണ്ണിന് മുകളില്‍ 50 വരെ ഓരോ മെട്രിക് ടണ്ണിനും 280 രൂപ നിരക്ക് വച്ചും 50 മുതല്‍ 100 വരെ 320 രൂപവച്ചും 100 മുതല്‍ 200 വരെ 390 രൂപയും 200ന് മുകളില്‍ 440 രൂപ വച്ചും അധികം നല്‍കണം. സമയബന്ധിതമായി നിരക്ക് അതോറിറ്റിക്ക് നല്‍കിയാല്‍ ഭാരത്തിനനുസരിച്ച് ഒരു ശതമാനം മുതല്‍ അഞ്ചു ശതമാനം വരെ നിരക്ക് കുറച്ച് നല്‍കിയാല്‍ മതി.  2019 മാര്‍ച്ച് 31 ശേഷം 2021 വരെ ഓരോ വര്‍ഷവും ഒരു മെട്രിക് ടണ്ണിന് വീണ്ടും നാലുശതമാനം വീതം വര്‍ധനയുണ്ടാവും. വിമാനങ്ങള്‍ റണ്‍വേ ഏപ്രണില്‍ നിര്‍ത്തിയിടുന്നതിനും മണിക്കൂറിനുള്ള നിരക്കും വര്‍ധിപ്പിച്ചിട്ടുണ്ട്. 25 മെട്രിക്ടണ്‍ വരെ മണിക്കൂറിന് 75 രൂപയും ഹൗസിങ് ചാര്‍ജായി 150 രൂപയും മണിക്കൂറിന് നല്‍കണം. 50 മെട്രിക് ടണ്‍ മുതല്‍ 100 വരെ 175 രൂപയും ഹൗസിങ് ചാര്‍ജായി 350 രൂപയുമാണ് മണിക്കൂറിന് നല്‍കേണ്ടത്. 200 മെട്രിക് ടണ്‍ ഭാരമുള്ള വിമാനങ്ങള്‍ മണിക്കൂറിന് 575 രൂപയും 1150 ഹൗസിങ് നിരക്കും 200ന് മുകളിലുള്ള ഒരു വിമാനം ഒരുമണിക്കൂറിന് 1,575 രൂപയും 3,150 രൂപ ഹൗസിങ് നിരക്കും നല്‍കണം. നിരക്കുകള്‍ 2021 വരെ മാറ്റമില്ലാതെ തുടരും.
Next Story

RELATED STORIES

Share it