malappuram local

കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ്; തീരുമാനം ഉടന്‍

കൊണ്ടോട്ടി: കരിപ്പൂരില്‍നിന്നു വലിയ വിമാനങ്ങളുടെ സര്‍വീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് പ്രഖ്യാപനം പത്ത് ദിവസത്തിനകമുണ്ടാവും. ഇതു സംബന്ധിച്ച് സമര്‍പ്പിച്ച റിപോര്‍ട്ടിന് എയര്‍പോര്‍ട്ട് അതോറിറ്റി കേന്ദ്ര കാര്യാലം നേരത്തെ തന്നെ അംഗീകാരം നല്‍കിയിരുന്നു. അന്തിമ അനുമതിക്കായി റിപോര്‍ട്ട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് (ഡിജിസിഎ) കൈമാറിയിരിക്കുകയാണ്. കരിപ്പൂരിലെ വിമാനകമ്പനി പ്രതിനിധികളുടെയും എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥരുടേയും സംയുക്ത യോഗതീരുമാന പ്രകാരം വിശദമായി തയ്യാറാക്കിയ റിപോര്‍ട്ടിലാണ് അംഗീകാരം നല്‍കിയത്. റീ-കാര്‍പറ്റിങ് പൂര്‍ത്തിയാക്കിയ റണ്‍വെയില്‍ 300 മുതല്‍ 400 പേര്‍ക്ക് വരെ സഞ്ചരിക്കാവുന്ന ബി 777-200 ഇആര്‍, ബി 777-200 എല്‍ആര്‍, എ 330-300, എ 330-200, ബി 787 ഡ്രീം ലൈനര്‍ തുടങ്ങിയ വിമാനങ്ങളുടെ സര്‍വീസുകള്‍ക്കും അനുമതി ലഭിച്ചേക്കും. 2015 മെയ് ഒന്നുമുതലാണ് റണ്‍വേ നവീകരണത്തിന്റെ പേരില്‍ കരിപ്പൂരില്‍നിന്ന് വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അതേസമയം, കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ഹൈദരാബാദിലേക്ക് ഇന്‍ഡിഗോ എയര്‍ പുതിയ സര്‍വീസ് ആരംഭിക്കും. വേനല്‍ക്കാല സമയ ഷെഡ്യൂള്‍ ആരംഭിക്കുന്ന മാര്‍ച്ച് 25 മുതല്‍ ഇന്‍ഡിഗോസര്‍വീസ് തുടങ്ങും. ആഴ്ചയില്‍ ഏഴ് ദിവസവും കരിപ്പൂര്‍-ഹൈദരബാദ് സര്‍വീസ് ഉണ്ടാവും. രാവിലെ 8.20ന് കരിപ്പൂരില്‍നിന്നു പുറപ്പെടുന്ന വിമാനം 9.55 നാണ് ഹൈദരാബാദില്‍ എത്തുക.തിരിച്ച് വൈകീട്ട് 7.40ന് പുറപ്പെടുന്ന വിമാനം രാത്രി 9.15ന് കരിപ്പൂരില്‍ തിരിച്ചെത്തും. ൈഹദരാബാദിലേക്ക് ആദ്യമായാണു കരിപ്പൂരില്‍ നിന്നു സര്‍വീസ് ആരംഭിക്കുന്നത്. നിലവില്‍ മുംബൈ, ബംഗളൂരു, ചെന്നൈ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് മാത്രമാണ് ആഭ്യന്തര സര്‍വീസുള്ളത്.
Next Story

RELATED STORIES

Share it