കരിപ്പൂരില്‍ നിന്ന് എയര്‍ ഇന്ത്യ സൗദി സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കും

ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നു വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നതു സംബന്ധിച്ച് എയര്‍ ഇന്ത്യ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ പ്രദീപ്‌സിങ് ഖറോളയുമായി പി കെ കുഞ്ഞാലിക്കുട്ടി എംപി ചര്‍ച്ച നടത്തി.
2015ല്‍ കരിപ്പൂരിലെ റണ്‍വേ നവീകരണവുമായി ബന്ധപ്പെട്ട് നിര്‍ത്തിവച്ച സര്‍വീസുകള്‍ വികസന പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയതോടെ പുനരാരംഭിക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഡിജിസിഎയുടെ അനുമതി അടക്കം ലഭിച്ചിട്ടും എയര്‍ ഇന്ത്യയുടെ ഭാഗത്തു നിന്ന് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനുള്ള നടപടി വൈകുന്നതിനാലാണ് എയര്‍ ഇന്ത്യ സിഎംഡിയെ കണ്ടു നടപടികള്‍ വേഗത്തിലാക്കാന്‍ ആവശ്യപ്പെട്ടതെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോഴിക്കോട്ടു നിന്ന് ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്ക് നേരിട്ട് വിമാന സര്‍വീസ് എയര്‍ ഇന്ത്യ പുനരാരംഭിക്കണമെന്നാണ് എംപിമാര്‍ ഉള്‍പ്പെടെയുള്ള സംഘം ആവശ്യപ്പെട്ടത്. അനുകൂലമായ മറുപടിയാണ് അദ്ദേഹത്തില്‍ നിന്നു ലഭിച്ചതെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും വലിയ വിമാനങ്ങളുടെ സര്‍വീസുകള്‍ വൈകുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഇതേ സംഘം വ്യോമയാന വകുപ്പ് സെക്രട്ടറി രാജീവ് നയാന്‍ ചൗബേയുമായി ചര്‍ച്ച നടത്തിയിരുന്നു.
അതേസമയം കോഴിക്കോട്-ജിദ്ദ സെക്ടറില്‍ സര്‍വീസ് നടത്താന്‍ താല്‍പര്യം അറിയിച്ച് എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്ക് കത്ത് നല്‍കി. ബി 747, 400 എയര്‍ക്രാഫ്റ്റുകള്‍ കോഴിക്കോട്-ജിദ്ദ സെക്ടറില്‍ സര്‍വീസ് നടത്താന്‍ താല്‍പര്യമുണ്ടെന്ന് കാണിച്ച് ഇന്നലെയാണ് എയര്‍ ഇന്ത്യ സ്റ്റേഷന്‍ മാനേജര്‍ റസാ അലി ഖാന്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയത്.
ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരില്‍ പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ, ഹജ്ജ് വകുപ്പ് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയുമായി പി കെ കുഞ്ഞാലിക്കുട്ടി എം പിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി. റണ്‍വേ നവീകരണ ജോലികളെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് മാറ്റിയ ഹജ് സര്‍വീസുകള്‍ അടുത്ത വര്‍ഷം മുതല്‍ കരിപ്പൂരിലേക്ക് മാറ്റാമെന്ന് മന്ത്രി ഉറപ്പുനല്‍കിയതായി കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കാന്‍ ഡിജിസിഎ അനുമതി നല്‍കിയതോടെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് ഇങ്ങോട്ടു മാറ്റണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരിലേക്ക് മാറ്റുന്നത് സംബന്ധിച്ച നടപടിക്രമങ്ങള്‍ ആരംഭിച്ചതായും അടുത്ത വര്‍ഷം മുതല്‍ കരിപ്പൂരില്‍ നിന്ന് ഹജ്ജ് സര്‍വീസുകള്‍ നടത്തുന്നതായിരിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കിയതായി കുഞ്ഞാലിക്കുട്ടി പറഞ്ഞു. പി വി അബ്ദുല്‍ വഹാബ് എം പി, വി കെ ഇബ്രാഹീം കുഞ്ഞ് എംഎല്‍എ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Next Story

RELATED STORIES

Share it