kozhikode local

കരിഞ്ചോല ദുരന്തം: നഷ്ടപരിഹാരം ലഭിച്ചില്ലെന്ന പ്രചാരണം വാസ്തവവിരുദ്ധമെന്ന്് എംഎല്‍എ

താമരശ്ശേരി: കഴിഞ്ഞ ജൂണ്‍ 14 നുണ്ടായ കരിഞ്ചോല ഉരുള്‍പൊട്ടലില്‍ 14 പേര്‍ മരണപ്പെടുകയും വീടും സ്വത്തും നഷ്ടപ്പെടുകയും ചെയ്ത ദുരന്തത്തില്‍ ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിച്ചിട്ടില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതവും ദുരുപദിഷ്ടവുമാണെന്ന് കാരാട്ട് റസാഖ് എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ച. ഇതുമായി ബന്ധപ്പെട്ട് മന്ത്രി ടി പി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് സമാഹരണം തടസ്സപ്പെടുത്തിയത് അനവസരത്തിലാണെന്നും എംഎല്‍എ പറഞ്ഞു.
സമരത്തിനെത്തിയ ദുരിത ബാധിതനായ മുഹമ്മദ് റാഫി തഹസില്‍ദാറുടെ സാന്നിധ്യത്തില്‍ എംഎല്‍എയില്‍ നിന്നാണ് 20 ലക്ഷം ആദ്യ ഗഡുവായി കൈപറ്റിയത്. മരണപ്പെട്ടവര്‍ക്കുള്ള അവകാശികള്‍ക്ക് നഷ്ടപരിഹാരമായി ടി കെ സുബീര്‍ 12 ലക്ഷവും, കെ ബുശ്‌റ, എന്‍കെ സറീന, ടി പി ഹന്നത്ത് എന്നിവര്‍ക്ക് എട്ട് ലക്ഷം വീതവും കൈപറ്റിയിട്ടുണ്ട്. വീട് പൂര്‍ണമായും നഷ്ടപ്പെട്ടവര്‍ക്ക് ധനസഹായമായി 8,15,200 രൂപ എട്ടുപേര്‍ക്കായി വിതരണം ചെയ്തു. പരിക്ക് പറ്റിയ ആറുപേര്‍ക്ക് 25800 രൂപയും വീടു പൂര്‍ണമായും ഭാഗികമായും നഷ്ടപ്പെട്ടവര്‍ക്ക് 5232900 രൂപയും 19 പേര്‍ക്ക് നല്‍കി.
കിണര്‍ ഉപയോഗ്യശൂന്യമായ ആറുപേര്‍ക്ക് 9000 രൂപ വിതരണം നടത്തിയിട്ടുണ്ട്. എംഎല്‍എ ചെയര്‍മാനായ കമ്മിറ്റിയില്‍ 12 ലക്ഷത്തോളം രൂപ ലഭിച്ചിട്ടുണ്ട്. വസ്തുത ഇതായിരിക്കെ കോടികള്‍ പിരിച്ചു എന്ന് പ്രചാരണം നടത്തുന്നത് ചില രാഷ്ട്രീയ പാര്‍ട്ടികളുടെ വ്യാജ ആരോപണമാണെന്നും എംഎല്‍എ പറഞ്ഞു. കരിഞ്ചോല പുനരധിവാസത്തിനായി വിവധ മത സന്നദ്ധ സംഘടനകള്‍, വിദ്യാര്‍ഥികല്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും പഞ്ചായത്തുകലില്‍ നിന്നും ധനസമാഹരണം നല്ലയില്‍ നടന്നുവരുന്നതിനിടയിലാണ് സംസ്ഥാനത്ത്് മഹാപ്രളയം ഉണ്ടായത്. ഇതിനിടയിലും പുനരധിവാസത്തിനു സര്‍ക്കാര്‍ ഭാഗത്തു നിന്നുള്ള സഹായത്തിനു പുറമെ എംഎല്‍എയും തഹസില്‍ദാറും ഉള്‍കൊള്ളുന്ന സഹായ കമ്മറ്റിക്ക് കേരള മുസ്‌ലിം ജമാഅത്ത് 10 വീടുകള്‍ നിര്‍മിച്ചു നല്‍കുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.
സ്‌കൂള്‍ എന്‍എസ്എസ് രണ്ട് വീടുകളും സ്‌കൗട്ടുകള്‍ ഒരു വീടും സമസ്ത ഇകെ വിഭാഗം ഒരു വീടും, ജമാഅത്തെ ഇസ്‌ലാമി പത്തു വീടും നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. ഇതിനു പുറമെ കട്ടിപ്പാറയില്‍ വിവധ സ്ഥലങ്ങളില്‍ ദുരന്തമുണ്ടായതിനെ തുടര്‍ന്ന് താമസയോഗ്യമല്ലാത്ത ഭവനരഹിതര്‍ക്കായി 69 വീടുകള്‍ ജനകീയ സഹായത്തോടെ നിര്‍മിക്കും.
വീട് വെക്കാന്‍ സ്ഥലമില്ലാത്ത എട്ടപേര്‍ക്ക് സ്ഥലം കണ്ടെത്തി എഗ്രിമെന്റ് തഹസില്‍ദാര്‍ക്ക് നല്‍കിയിട്ടുണ്ട്. ഇവ കലക്ടര്‍ക്ക് കൈമാറും. ഭൂമിയില്ലാത്തവര്‍ക്ക് ഭൂമിക്കായി ആറ് ലക്ഷവും വീട് വെക്കാന്‍ നാല് ലക്ഷവും നല്‍കും. ദുരന്തമുണ്ടായി രണ്ടാഴ്ചക്കുള്ളില്‍ തന്നെ വിവിധ തരത്തിലുള്ള നഷ്ടപരിഹാരങ്ങള്‍ നല്‍കിയതായും കാരാട്ട് റസാഖ് എംഎല്‍എ അറിയിച്ചു.
Next Story

RELATED STORIES

Share it