thrissur local

കരിച്ചാല്‍ക്കടവ് പാലം: സാങ്കേതികാനുമതിക്കായി വിദഗ്ധ സംഘം സന്ദര്‍ശനം നടത്തി

കുന്നംകുളം: കാട്ടകാമ്പാല്‍വടക്കേക്കാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കരിച്ചാല്‍ക്കടവ് പാലത്തിന്റെ സാങ്കേതികാനുമതിക്കായി വിദഗ്ദ സംഘം സന്ദര്‍ശനം നടത്തി.  ഇറിഗേഷന്‍ വകുപ്പ് ചീഫ് എഞ്ചിനീയര്‍ ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശനത്തിനെത്തിയത്.
കഴിഞ്ഞ ബജറ്റില്‍ നിര്‍ദ്ദേശിച്ച കരിച്ചാല്‍ കടവ് ചെക്ക് ഡാം കം ബ്രിഡ്ജ്  പദ്ധതിക്കായുള്ള 9.50 കോടി രൂപയുടെ പദ്ധതികള്‍ക്ക് അവസാന രൂപം നല്‍കാനാണ് സംഘം എത്തിയത്. 90 മീറ്റര്‍ നീളമുള്ള പാലത്തിന്റെ രണ്ട് അപ്രോച്ച് റോഡുകളടക്കം 165 മീറ്റര്‍ നീളമുണ്ട്.  അഞ്ച് മീറ്റര്‍ വീതിയുള്ള റോഡിലൂടെ വാഹന ഗതാഗതം സുഗമമാക്കുന്നതിനോടൊപ്പം കൃഷി ആവശ്യത്തിനായി വെള്ളം സംഭരിക്കുന്നതിനായി ചെക്ക് ഡാമും നിര്‍മ്മിക്കും. ഇറിഗേഷന്‍ വകുപ്പ് അസി എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ സിവി സുരേഷ്, ബാബു, മന്ത്രിയുടെ പ്രതിനിധി ടികെ വാസു, കാട്ടകാനാപല്‍ പഞ്ചായത്ത് പ്രസിഡന്റ് സി കെ സദാനന്ദന്‍, എംഎന്‍ സത്യന്‍ എന്നിവര്‍ സന്ദര്‍ശക സംഘത്തോടൊപ്പമുണ്ടായിരുന്നു. എസി മൊയ്തീന്‍ വടക്കാഞ്ചേരി എംഎല്‍എ ആയിരുന്ന കാലത്താണ് കുന്നംകുളം  ഗുരുവായൂര്‍ നിയോജക മണ്ഢലത്തെ ബന്ധിപ്പിക്കുന്ന കരിച്ചാല്‍ കടവ് പാലം നിര്‍മ്മാണം  തുടങ്ങി വെച്ചത്.
നിലവില്‍ നടപ്പാത മാത്രമുള്ള ഈ പ്രദേശത്ത് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ വാഹന യാത്രക്കാര്‍ക്ക് എട്ട് കിലോമീറ്ററോളം യാത്രാ ദൈര്‍ഘ്യം കുറക്കാനാകും.
പത്ത് വര്‍ഷത്തിനുശേഷം എസി മൊയ്തീന്‍ മന്ത്രിയായതിനുശേഷമാണ് പൊന്നാനി കോള്‍ മേഖലക്കടക്കം പുത്തനുണര്‍വ്വ് നല്‍കുന്ന ചെക്ക് ഡാം കം ബ്രിഡ്ജ്  പദ്ധതി വീണ്ടും പുനരാരംഭിക്കുന്നത്. എപ്രില്‍ അവസാനത്തോടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Next Story

RELATED STORIES

Share it