കരാര്‍ത്തൊഴിലാളികള്‍ക്ക് 26 ആഴ്ച പ്രസവാവധി നല്‍കണം

കൊച്ചി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ വകുപ്പുകളിലും പദ്ധതികളിലും കരാര്‍ അടിസ്ഥാനത്തില്‍ തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്ക് 26 ആഴ്ച പ്രസവാവധി നല്‍കണമെന്ന് ഹൈക്കോടതി. ഇവര്‍ക്ക് അതില്‍ കുറവ് അവധി നല്‍കുന്നത് വിവേചനമാണെന്ന് സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് പറയുന്നു. വിവേചനപരമായി അവധി നല്‍കുന്ന വിവിധ സര്‍ക്കാര്‍ ഉത്തരവുകള്‍ കോടതി അസാധുവാക്കി.
പി വി രാഖി, കെ എസ് നിഷ, റീജമോള്‍, ജയപ്രഭ, ബിത മോള്‍ എന്നിവര്‍ സമര്‍പ്പിച്ച ഹരജികളിലാണ് ഉത്തരവ്. ഹരജിക്കാരില്‍ ഒരാള്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിലെ അഡീഷനല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിലെ (അസാപ്പ്) പ്രോഗ്രാം മാനേജരാണ്. രണ്ടു പേര്‍ കേന്ദ്രസര്‍ക്കാരിന് കീഴിലെ രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്റെ റിസോഴ്‌സ് അധ്യാപകരാണ്.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്നപോലെ ആറു മാസം പ്രസവാവധി വേണമെന്ന് ഹരജിക്കാര്‍ വാദിച്ചു. എന്നാല്‍, ഇതിനെ സര്‍ക്കാര്‍ എതിര്‍ത്തു. 12 ആഴ്ച മാത്രമേ അവധി നല്‍കാനാവൂ എന്നായിരുന്നു സര്‍ക്കാര്‍ വാദം. പ്രസവാവധി ആനുകൂല്യ നിയമവും കേരള സര്‍വീസ് ചട്ടവും കേന്ദ്ര-സംസ്ഥാന സര്‍വീസിലുള്ള സ്ഥിരം ജീവനക്കാര്‍ക്കു മാത്രമേ നല്‍കാനാവൂ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
എന്നാല്‍, എല്ലാ മേഖലകളിലും പ്രസവാവധി  നിയമപ്രകാരം ആനുകൂല്യം നല്‍കണമെന്ന് ഈ വാദങ്ങള്‍ തള്ളി കോടതി വ്യക്തമാക്കി. ഇത് സ്ത്രീകളുടെ ക്ഷേമം ലക്ഷ്യംവച്ചുള്ള നിയമമാണ്. അതിനാല്‍ കരാര്‍ ജീവനക്കാര്‍ക്ക് 90 ദിവസം മാത്രമേ അവധി നല്‍കൂ എന്ന വാദം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it