kannur local

കരസേനാ മേധാവി ജനറല്‍ തിമ്മയ്യയുടെ വസതി ചരിത്ര സ്മാരകമാക്കുന്നു

സാദിഖ് ഉളിയില്‍

മടിക്കേരി: ഇന്ത്യന്‍ കരസേനാ മേധാവിയായിരുന്ന ജനറല്‍ കെ എസ് തിമ്മയ്യയുടെ വസതി കര്‍ണാടക സര്‍ക്കാര്‍ ചരിത്രസ്മാരകമാക്കുന്നു.  മടിക്കേരി-മൈസൂരു റോഡിലെ വസതി സംരക്ഷിക്കണമെന്ന് നേരത്തെ കുടകിലെ വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം മടിക്കേരിയിലെത്തിയ കന്നട സംസ്‌കാരിക വകുപ്പ് ചെയര്‍മാന്‍ ചിന്നസ്വാമിയാണ് വസതി നവീകരിക്കാന്‍ 2.30 കോടി രൂപ അനുവദിച്ചതായി അറിയിച്ചത്. അറ്റകുറ്റപ്പണികള്‍ക്കായി നേരത്തെ 5.30 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ജീര്‍ണിച്ച കെട്ടിടത്തിന്റെ മേല്‍ക്കൂര മാറ്റല്‍, പൂന്തോട്ട നിര്‍മാണം, സേനാനികളുടെ പടയങ്കി സൂക്ഷിക്കാനുള്ള മുറി എന്നീ പ്രവൃത്തികള്‍ ഇതിനകം പൂര്‍ത്തിയായി. 37 വര്‍ഷത്തോളം മടിക്കേരി റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസായി പ്രവര്‍ത്തിച്ച തിമ്മയ്യയുടെ വസതിയായ സണ്‍സൈഡ് അഞ്ചുവര്‍ഷം മുമ്പ് ഗാളിവിട്ടു റോഡില്‍ ആര്‍ടിഒ കോംപ്ലക്‌സ് വന്നതോടെ അനാഥമാവുകയായിരുന്നു. 2.70 ഏക്കര്‍ സ്ഥലത്താണ് വസതി നിലകൊള്ളുന്നത്. ഈ സ്ഥലത്തിനു പുറമെ വീടിനോട് ചേര്‍ന്നുള്ള രണ്ടരയേക്കര്‍ പൊതുസ്ഥലവും ചരിത്ര സ്മാരകത്തിനായി വിട്ടുനല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കെ എസ് തിമ്മയ്യയുടെ ജന്‍മദിനമായ മാര്‍ച്ച് 31ന് ചരിത്രസ്മാരകം ഉദ്ഘാടനം ചെയ്യാനാണ് തീരുമാനം.
Next Story

RELATED STORIES

Share it