Editorial

കരസേനാ മേധാവിയുടേത് അപക്വ പ്രസ്താവന

ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയുടെ സംരക്ഷണത്തെക്കുറിച്ച സെമിനാറില്‍ ഫെബ്രുവരി 21ന് കരസേനാ മേധാവി ബിപിന്‍ റാവത്ത് നടത്തിയ പ്രസ്താവന രാഷ്ട്രീയ വിവാദങ്ങള്‍ക്കു വഴിവച്ചിരിക്കുന്നു. 80കളില്‍ ബിജെപി വളര്‍ന്നതിലേറെ വേഗത്തില്‍ അസമില്‍ എഐയുഡിഎഫ് (ഓള്‍ ഇന്ത്യാ യുനൈറ്റഡ് ഡമോക്രാറ്റിക് ഫ്രണ്ട്) എന്ന രാഷ്ട്രീയകക്ഷി വളരുകയാണെന്നാണ് അദ്ദേഹം പരാതിപ്പെട്ടത്. ബംഗ്ലാദേശി കുടിയേറ്റക്കാരെ വടക്കുകിഴക്കന്‍ മേഖലയിലേക്ക് തള്ളിവിടുന്നതിനു പിന്നില്‍ പടിഞ്ഞാറും വടക്കുമുള്ള നമ്മുടെ അയല്‍ക്കാരാണെന്നും റാവത്ത് പ്രസ്താവിച്ചു.
രാഷ്ട്രീയകക്ഷിയുടെ വളര്‍ച്ചയെയും വടക്കുകിഴക്കന്‍ മേഖലയിലെ ജനസംഖ്യാപരമായ സ്വഭാവം മാറുന്നതിനെയും കുറിച്ച് സൈനികമേധാവി നടത്തിയ പ്രസ്താവന സ്വാഭാവികമായും രൂക്ഷമായ പ്രതികരണങ്ങള്‍ ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. ജനറല്‍ റാവത്തിന്റെ പ്രസ്താവന അപക്വവും ചരിത്രബോധമില്ലാത്തതുമാണെന്ന് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ബംഗ്ലാദേശില്‍ നിന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള കുടിയേറ്റത്തിനു പിന്നില്‍ രണ്ടു കാരണങ്ങളാണ് അദ്ദേഹം ഊന്നിപ്പറയുന്നത്. ബംഗ്ലാദേശിലെ ഭൂവിസ്തൃതി കുറയുന്നതിനെ തുടര്‍ന്നുള്ള ജനസംഖ്യാപരമായ സമ്മര്‍ദമാണ് ഒന്ന്. രണ്ടാമത്, ചൈനയുടെ പിന്തുണയോടെ പാകിസ്താന്റെ ഗൂഢാലോചനയ്ക്കനുസരിച്ച് ആസൂത്രിത കുടിയേറ്റം നടക്കുന്നുവെന്നാണ്.
ബംഗ്ലാദേശിലെ ജനസംഖ്യാ വര്‍ധനയുടെ സമ്മര്‍ദം വസ്തുതയാണ്. എന്നാല്‍, കിഴക്കന്‍ ബംഗാളില്‍ നിന്ന് ജനങ്ങളുടെ പ്രവാഹം 19ാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ തുടരുന്ന പ്രക്രിയയുമാണ്. അന്നു ബംഗ്ലാദേശും പാകിസ്താനും ഉണ്ടായിരുന്നില്ല. ആ കുടിയേറ്റമാവട്ടെ, ത്രിപുരയിലേക്കും അസമിലേക്കും മാത്രമായിരുന്നില്ല, അരാകാനിലേക്കും (മ്യാന്‍മറിലെ റഖൈന്‍ സംസ്ഥാനം) ഉണ്ടായിരുന്നു. മതാതീതമായ ഈ ദീര്‍ഘകാല പ്രവണത നിയന്ത്രിക്കാനോ വ്യവസ്ഥാപിതമാക്കുന്നതിനോ എളുപ്പമായിരുന്നില്ല. കുടിയേറ്റത്തിന് ചൈനയും പാകിസ്താനും ഉപജാപം നടത്തിയെന്ന് കുറ്റപ്പെടുത്തുന്നത് അല്‍പം കടന്നകൈയാണ്.
ഈ കുടിയേറ്റം പരാമര്‍ശിക്കുന്നതിന് സൈനികമേധാവി ഉപയോഗിച്ച പദം നാത്‌സികള്‍ പ്രയോഗിക്കാറുള്ള പദമാണെന്നത് അമ്പരപ്പിക്കുന്നതാണ്. അത് അറിവില്ലായ്മയെന്നു കരുതാനാവില്ല. കുടിയേറ്റത്തിന്റെ ഗുണഭോക്താവാണ് ബദറുദ്ദീന്‍ അജ്മലിന്റെ പാര്‍ട്ടിയെന്ന ജനറല്‍ റാവത്തിന്റെ പ്രസ്താവനയ്ക്കു മുനകള്‍ ഏറെയാണ്; പാക് ഗൂഢാലോചനയെ തുടര്‍ന്നുള്ള ആസൂത്രിതനീക്കമാണ് കുടിയേറ്റമെന്നു കൂടി ആരോപിക്കുമ്പോള്‍ വിശേഷിച്ചും. പൗരത്വ കാര്‍ഡും ദേശീയ പൗരത്വ രജിസ്‌ട്രേഷനുമെല്ലാം വൈകാരിക വിഷയങ്ങളായ അസമിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് സൈനികമേധാവിക്ക് ഒരു ധാരണയുമില്ലെന്ന് കരുതാനാവില്ല.
ചൈനയും പാകിസ്താനുമായി നിലവിലുള്ള അസുഖകരമായ അന്തരീക്ഷം കൂടുതല്‍ കലുഷമാക്കുന്നതിനൊപ്പം ബംഗ്ലാദേശുമായുള്ള നയതന്ത്രബന്ധങ്ങള്‍ കൂടി മോശമാക്കുന്നതിലേക്കാണ് ഇത്തരം പ്രസ്താവനകള്‍ വഴിവയ്ക്കുക. പദവിക്കു നിരക്കാത്ത പ്രസ്താവന പിന്‍വലിക്കാനുള്ള സന്നദ്ധത സൈനികമേധാവി പ്രകടിപ്പിക്കണം. രാഷ്ട്രീയവും വംശീയവുമായ അഭിപ്രായപ്രകടനങ്ങള്‍ സൈനികമേധാവികള്‍ക്കു ചേര്‍ന്നതല്ല.
Next Story

RELATED STORIES

Share it