കരട് സഹകരണനയം സഹകരണ കോണ്‍ഗ്രസ്സില്‍ ചര്‍ച്ച ചെയ്യും: മന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ കരട് സഹകരണനയം ചര്‍ച്ചചെയ്യപ്പെടുന്ന എട്ടാം സഹകരണ കോണ്‍ഗ്രസ് സഹകരണ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാന അധ്യായമായിരിക്കുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നമുക്ക് ഇതേവരെ ഒരു സഹകരണനയം രൂപപ്പെടുത്താന്‍ സാധിച്ചില്ല. ഈ കോണ്‍ഗ്രസ്സില്‍ അതു ചര്‍ച്ച ചെയ്യും. സഹകാരികള്‍ കരടുനയം വായിക്കുകയും ചര്‍ച്ച ചെയ്യുകയും വേണം. സഹകരണ കോണ്‍ഗ്രസ്സില്‍ ചര്‍ച്ച ചെയ്തത് വേണ്ട ഭേദഗതികള്‍ വരുത്തിയ ശേഷം കരടുനയം കാബിനറ്റിലെത്തിക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന സഹകരണ കോണ്‍ഗ്രസ് പതാകാ ജാഥ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സഹകരണ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ മറ്റൊരു വഴിത്തിരിവായി കേരള ബാങ്ക് മാറേണ്ടതും സഹകരണ കോണ്‍ഗ്രസ്സിലെ പ്രധാന ചര്‍ച്ചയാവും. പുതുതലമുറ ബാങ്കുകളോടു മല്‍സരിക്കാന്‍ ഇന്നത്തെ സാഹചര്യത്തില്‍ സഹകരണ ബാങ്കുകള്‍ക്കു സാധിക്കുന്നില്ല. യുവാക്കള്‍ക്ക് നൂതന ബാങ്കിങ് സൗകര്യങ്ങള്‍ എത്തിച്ചുകൊടുക്കാന്‍ നിലവിലെ സാഹചര്യത്തില്‍ സഹകരണ ബാങ്കുകള്‍ക്ക് സാധിക്കുകയില്ല. പ്രവാസികളുടെ നിക്ഷേപത്തിന്റെ 50 ശതമാനമെങ്കിലും കേരള ബാങ്കിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞാല്‍ സഹകരണ മേഖലയ്ക്ക് അതു ഗുണകരമാവും. കേരള ബാങ്കിന്റെ വരവോടെ പ്രാഥമിക സഹകരണ ബാങ്കുകളെ ശക്തിപ്പെടുത്തുകയാണ് കേരള ബാങ്കിന്റെ ലക്ഷ്യം. 14 ജില്ലാ ബാങ്കുകളുടെ ജില്ലാ ഭരണസമിതികള്‍ നഷ്ടമാവുമെന്നതു മാത്രമാണ് ഏക പരാതി. എന്നാല്‍, ജില്ലാ ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ചുരുക്കം ചിലരുടെ പ്രാതിനിധ്യത്തേക്കാള്‍ ലക്ഷക്കണക്കിനു സഹകാരികളുടെ നന്മയ്ക്കു വിലമതിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും മന്ത്രി പറഞ്ഞു. പാലക്കാട് നെല്‍കര്‍ഷകരില്‍ നിന്ന് ഒരു പൂവില്‍ ഒന്നേമുക്കാല്‍ ലക്ഷം ടണ്‍ നെല്ല് സംഭരിക്കാന്‍ സഹകരണ മേഖല തീരുമാനിച്ചിരിക്കുകയാണ്. ഇങ്ങനെ കേരളത്തിന്റെ നെല്ലറകളില്‍ നിന്നു സംഭരിക്കുന്ന നെല്ല് സ്വന്തം ബ്രാന്‍ഡിലുള്ള അരിയാക്കി മാര്‍ക്കറ്റിലെത്തിക്കാനും സഹകരണ മേഖല ഒരുങ്ങിക്കഴിഞ്ഞു. ഫെബ്രുവരി 15നകം കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശ്ശികയില്‍ 284 കോടി രൂപ കൊടുത്തുതീര്‍ക്കാന്‍ സര്‍ക്കാ ര്‍ സഹകരണ മേഖലയോട് ആവശ്യപ്പെട്ടത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it