കമ്മ്യൂണിസവും പ്രണയവുമായി 'സിംഫണി ഫോര്‍ അന'

എന്‍ എ  ശിഹാബ്

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് ചിന്തകള്‍ മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്ക് വലതുപക്ഷ ഭരണകൂടം വിധിക്കുന്ന അഗ്നിപരീക്ഷ ചിത്രീകരിക്കുന്ന 'സിംഫണി ഫോര്‍ അന' പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. അര്‍ജന്റീനിയന്‍ നാഷനല്‍ സ്‌കൂളില്‍ ഇടതുപക്ഷ വിപ്ലവത്തില്‍ ആകൃഷ്ടരാവുന്ന ഒരുകൂട്ടം വിദ്യാര്‍ഥികളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. കഥാനായിക അനയുടെ പ്രണയവും വിപ്ലവവും കോര്‍ത്തിണക്കി 1970കളിലെ അര്‍ജന്റീനയുടെ രാഷ്ട്രീയാന്തരീക്ഷം കോറിയിടുന്നതില്‍ സംവിധായകന്‍ ഏണസ്‌റ്റോ അര്‍ഡിറ്റോ വിജയിച്ചിട്ടുണ്ട്. സൈനികമേധാവിത്വത്തിലേക്കു നീങ്ങുന്ന രാജ്യത്തെ കൂട്ടക്കൊലകളും കുടിയേറ്റവും അടിച്ചമര്‍ത്തലുകളും പ്രക്ഷോഭങ്ങള്‍ നെേഞ്ചറ്റുന്ന വിദ്യാര്‍ഥികളെയും ഭീതിയോടെ കഴിയുന്ന ജനങ്ങളെയും സിനിമയില്‍ അവതരിപ്പിക്കുന്നു. രാജ്യത്ത് വ്യാപിക്കുന്ന പ്രക്ഷോഭം ഏറ്റെടുത്ത് വിദ്യാര്‍ഥികള്‍ സ്‌കൂള്‍ ബഹിഷ്‌കരിക്കുന്നു. ഭരണകൂട ഭീകരതയുടെ കരിനിഴല്‍ പടരുന്നതിനിടയിലും അന തന്റെ കാമുകരായ ലിതോയെയും കാമിലോയെയും നഷ്ടപ്പെടാതിരിക്കാന്‍ പൊരുതുന്നുണ്ട്. ലിതോയും കാമിലോയും നാടുകടത്തപ്പെടുന്നതോടെ ഒറ്റപ്പെടുന്ന അന വിപ്ലവപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുന്നു. മാതാപിതാക്കളുടെയും അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ആത്മസംഘര്‍ഷങ്ങളും നൊമ്പരങ്ങളും ഒരു രാജ്യത്തിന്റെ ചരിത്രത്തോട് ഇണങ്ങുംവിധം ചിത്രീകരിക്കുന്ന 'സിംഫണി ഫോര്‍ അന' അന്താരാഷ്ട്ര മല്‍സരവിഭാഗത്തില്‍ മികച്ച പോരാട്ടം കാഴ്ചവയ്ക്കും. വിപ്ലവപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ രഹസ്യ ഗ്രൂപ്പുകള്‍ രൂപപ്പെടുന്നതും ചിത്രം പങ്കുവയ്ക്കുന്നുണ്ട്. അനയുടെയും ലിതോയുടെയും പ്രണയബന്ധം ഇല്ലാതാക്കാന്‍ ലിതോയെ രഹസ്യഗ്രൂപ്പിന്റെ വക്താവായി ചിത്രീകരിക്കാനും സുഹൃത്തുകള്‍ ശ്രമം നടത്തുന്നു. ഗേബി മെയ്ക്ക് രചിച്ച സിംഫണി ഫോര്‍ അന എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it