കമ്മീഷനെ മണ്ടനായി കാണരുതെന്ന് ജസ്റ്റിസ് ജി ശിവരാജന്‍

കൊച്ചി: സോളാര്‍ കമ്മീഷനെ മണ്ടനായി കാണരുതെന്നും മണ്ടത്തരം കാണിക്കാനുള്ള സ്ഥാനത്തിരിക്കുന്നയാളല്ല താനെന്നും സോളാര്‍ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് ജി ശിവരാജന്‍. ഇന്നലെ സരിത എസ് നായരെ വിസ്തരിക്കുന്നതിനിടെയാണ് കമ്മീഷന്‍ തന്നെക്കുറിച്ചുയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി ഇക്കാര്യം പറഞ്ഞത്. കമ്മീഷന്റെ കാര്യങ്ങളെക്കുറിച്ച് തനിക്കു ബോധ്യമുണ്ടെന്നും ബിജു രാധാകൃഷ്ണനു മതിയായ സുരക്ഷ ഒരുക്കിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
കമ്മീഷനു പുറത്ത് എന്തൊക്കെ വിവാദങ്ങളാണ് ഉയരുന്നതെന്നത് ശ്രദ്ധിക്കാറേയില്ല. അക്കാര്യങ്ങളൊന്നും കമ്മീഷനെന്ന നിലയില്‍ തനിക്ക് ബാധകവുമല്ല. ചില പത്രങ്ങള്‍ മുഖപ്രസംഗം എഴുതുന്നതുപോലെ എളുപ്പമുള്ള പണിയല്ല കമ്മീഷന്‍ ചെയ്യുന്നത്. കമ്മീഷനെതിരേ ആര്‍ക്കും എന്തും പറയാം. ആരെന്തു പറഞ്ഞാലും തനിക്കത് വിഷയമല്ല. കഴിഞ്ഞ മൂന്നുനാലു ദിവസമായി പത്രങ്ങള്‍ വായിക്കുകയോ ചാനലുകള്‍ കാണുകയോ ചെയ്യുന്നില്ല. വാര്‍ത്തകള്‍ അഭിപ്രായങ്ങളെ സ്വാധീനിക്കരുത് എന്നതുകൊണ്ടാണിത്.
ബിജുവിന്റെ സുരക്ഷയെക്കുറിച്ച് പ്രസംഗിക്കുന്നവര്‍ അയാള്‍ക്ക് ഇത്ര കാലവും എന്തു സുരക്ഷയാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നത് എന്നുകൂടി അറിയണം. സര്‍ക്കാര്‍ ഖജനാവിനു നഷ്ടമുണ്ടാകാതിരിക്കാനാണോ കൊലക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ബിജുവിനെ കേരളത്തില്‍ ഉടനീളം കേസുകളുടെ ആവശ്യത്തിനായി കെഎസ്ആര്‍ടിസി ബസ്സിലും ട്രെയിനിലുമായി രണ്ടു പോലിസുകാരുടെ മാത്രം കാവലില്‍ കൊണ്ടുപോയിരുന്നതെന്നും കമ്മീഷന്‍ ചോദിച്ചു. അന്നൊന്നും ഈ പ്രതി ചാടിപ്പോയേക്കുമെന്ന് ആര്‍ക്കും തോന്നിയിരുന്നില്ലേ എന്നും കമ്മീഷന്‍ ചോദിച്ചു.
Next Story

RELATED STORIES

Share it