കമലിന്റെ പരാമര്‍ശത്തിനെതിരേ താരങ്ങള്‍ മന്ത്രിക്ക് കത്ത് നല്‍കി

തിരുവനന്തപുരം/കൊച്ചി: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിന്റെ പരാമര്‍ശത്തിനെതിരേ മുതിര്‍ന്ന താരങ്ങള്‍ മന്ത്രി എ കെ ബാലന് കത്ത് നല്‍കി. 500 അംഗങ്ങളുള്ള താരസംഘടനയില്‍ 50 പേരെ സജീവമായി അഭിനയരംഗത്തുള്ളൂ. അവശേഷിക്കുന്ന 450 പേരും ഔദാര്യത്തിനായി കാത്തുനില്‍ക്കുന്നവരും കൈനീട്ടുന്നവരുമാണ്. അതിനാല്‍, ഒരിക്കലും 'അമ്മ'യില്‍ ജനാധിപത്യം ഉണ്ടാവില്ല എന്നായിരുന്നു കമലിന്റെ പരാമര്‍ശം.
ഇതിനെതിരേയാണ് മുതിര്‍ന്ന അഭിനേതാക്കളായ മധു, കവിയൂര്‍ പൊന്നമ്മ, കെപിഎസി ലളിത, ജനാര്‍ദനന്‍ എന്നിവര്‍ സാംസ്‌കാരിക മന്ത്രി എ കെ ബാലന് കത്ത് നല്‍കിയത്. താരസംഘടനയുടെ കൈനീട്ടം ഔദാര്യമല്ല, സ്‌നേഹസ്പര്‍ശമാണെന്നും കത്തില്‍ പറയുന്നു. അവകാശത്തെ ഔദാര്യമായി കരുതുന്നയാള്‍ അക്കാദമി തലപ്പത്തിരിക്കുന്നത് ഞെട്ടിക്കുന്നതാണ്. ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ചികില്‍സാമരണാനന്തര സഹായങ്ങളും പെന്‍ഷനും അക്കാദമി നല്‍കുന്നുണ്ട്. ഇതെല്ലാം താന്‍ നല്‍കുന്ന ഔദാര്യമായും അത് വാങ്ങുന്നവരെ തനിക്കു മുമ്പില്‍ കൈനീട്ടി നില്‍ക്കുന്ന അടിയാളന്മാരുമായിട്ടാവും കമല്‍ കാണുന്നതെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കമലിന്റെ പരാമര്‍ശം തങ്ങള്‍ക്ക് വലിയ വിഷമം ഉണ്ടാക്കിത്തീര്‍ത്തതായും താരങ്ങള്‍ ചൂണ്ടിക്കാട്ടി.
അതേസമയം, അമ്മയുടെ കൈനീട്ടത്തെ പരിഹസിച്ചതിനു ഖേദം പ്രകടിപ്പിച്ച് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍. മുതിര്‍ന്ന അംഗങ്ങള്‍ക്ക് വിഷമമുണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അക്കാദമി ചെയര്‍മാന്‍ എന്ന രീതിയിലല്ല പ്രതികരിച്ചത്. അമ്മയില്‍നിന്നു രാജിവച്ച നടിമാര്‍ക്കു പിന്തുണ നല്‍കുന്നു. പക്ഷേ, ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതികരിക്കുന്നില്ലെന്നും കമല്‍ പറഞ്ഞു.
Next Story

RELATED STORIES

Share it