കന്യാസ്ത്രീയെ തടങ്കലില്‍ വച്ച് 13 തവണ ലൈംഗികമായി പീഡിപ്പിച്ചു

കോട്ടയം: ജലന്ധര്‍ മുന്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ അന്യായമായി തടങ്കലില്‍ വച്ച് ബലാല്‍സംഗത്തിനും പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനും ഇരയാക്കിയെന്ന് റിമാന്‍ഡ് റിപോര്‍ട്ട്. പീഡനവിവരം ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. 2014 മെയ് 5നാണ് ആദ്യമായി പീഡിപ്പിക്കുന്നത്. തൊട്ടടുത്ത ദിവസവും പീഡനത്തിനിരയാക്കി. അതിനു ശേഷം കുറവിലങ്ങാട് മഠത്തിലെ ഗസ്റ്റ്ഹൗസിലെ 20ാം നമ്പര്‍ മുറിയില്‍ 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ 13 തവണ ബിഷപ് പീഡിപ്പിച്ചു.
തന്റെ അധികാരം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തതെന്നു റിമാന്‍ഡ് റിപോര്‍ട്ട് വ്യക്തമാക്കുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് പരാതിക്കാരി ലൈംഗിക പീഡനത്തിന് ഇരയായതായി തെളിഞ്ഞത്. കൂടാതെ പരാതിക്കാരിയായ കന്യാസ്ത്രീയുടെ രഹസ്യമൊഴിയും ചങ്ങനാശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തത്.
പ്രതിക്കെതിരേ പത്തു വര്‍ഷം മുതല്‍ ജീവപര്യന്തം തടവ് വരെ ലഭിക്കാവുന്ന ഗുരുതര വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഫ്രാങ്കോ മുളയ്ക്കല്‍ 2013 ആഗസ്ത് 4ന് ചുമതലയേറ്റ ശേഷം മിഷനറീസ് ഓഫ് ജീസസ് സന്യാസിനി സഭയില്‍ നിന്ന് 18ഓളം കന്യാസ്ത്രീകള്‍ ബിഷപ്പില്‍ നിന്നുണ്ടായ ദുരുദ്ദേശ്യപരമായ പെരുമാറ്റം മൂലം തിരുവസ്ത്രം ഉപേക്ഷിച്ചതായി സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്.
പരാതിക്കാരിയുടെ അച്ഛനും അമ്മയും മരണപ്പെടുകയും സഹോദരിമാര്‍ വിവാഹിതരാവുകയും ഇളയ സഹോദരന്‍ കുടുംബവീട്ടില്‍ താമസിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സഭാവസ്ത്രം ഉപേക്ഷിച്ച് വീട്ടിലേക്ക് തിരികെ പോവുന്നതിനെക്കുറിച്ച് അവര്‍ക്ക് ചിന്തിക്കാന്‍ കഴിയില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി. പരാതിക്കാരി സഭ വിട്ടാല്‍ സഹോദരിയും സഭ വിടേണ്ടിവരും. വിവാഹപ്രായം കഴിഞ്ഞ രണ്ടു പേരും സ്വന്തം കുടുംബത്തിലേക്ക് മടങ്ങിച്ചെന്നാല്‍ ഉണ്ടാവുന്ന ബുദ്ധിമുട്ടുകളും നാട്ടുകാരില്‍ നിന്ന് നേരിടേണ്ടിവരുന്ന അപമാനവും കണക്കിലെടുത്താണ് പീഡനത്തെക്കുറിച്ച് പുറത്തു പറയാതെ സഹിച്ചു കഴിഞ്ഞത്.
ബിഷപ്പിന് ജാമ്യം നിഷേധിക്കുന്നതിന് നിരവധി കാര്യങ്ങളാണ് പോലിസ് ഉന്നയിക്കുന്നത്. പ്രതി സ്വതന്ത്രനായാല്‍ വീണ്ടും കന്യാസ്ത്രീക്കെതിരേ ഭീഷണിയും സ്വാധീനവും തെളിവ് നശിപ്പിക്കലും അന്വേഷണം അട്ടിമറിക്കലും ഉണ്ടാവും. രാജ്യം വിട്ട് പോവാനും സാധ്യതയുണ്ട്.
പ്രതി കുറ്റം സമ്മതിച്ചെന്ന് റിപോര്‍ട്ടില്‍ പറയുന്നില്ലെങ്കിലും കന്യാസ്ത്രീയുടെ പരാതിയില്‍ പറയുന്ന കാര്യങ്ങളില്‍ ആവശ്യമായ തെളിവുകള്‍ ലഭിച്ചെന്ന് റിമാന്‍ഡ് റിപോര്‍ട്ട് വ്യക്തമാക്കുന്നു.

Next Story

RELATED STORIES

Share it