കന്യാസ്ത്രീയുടെ മൃതദേഹം സംസ്‌കരിച്ചു; അന്വേഷണം നേരിടുമെന്ന് മഠം

പത്തനാപുരം (കൊല്ലം): കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കന്യാസ്ത്രീയുടെ മൃതദേഹം സംസ്‌കരിച്ചു. പത്തനാപുരം മൗണ്ട് താബോര്‍ ഗേള്‍സ് ഹൈസ്‌കൂളിലെ അധ്യാപികയായ കൊല്ലം കല്ലട കൊടുവിള ചിറ്റൂര്‍ വീട്ടില്‍ കോശി ഈട്ടി- റാഹേലമ്മ ദമ്പതികളുടെ മകള്‍ സിസ്റ്റര്‍ സി ഇ സൂസമ്മയുടെ മൃതദേഹമാണ് സംസ്‌കരിച്ചത്. ഞായറാഴ്ച രാവിലെ 10ഓടെ ഓള്‍ഡ്ഏജ് ഹോം കെട്ടിടത്തിന് പിന്‍ഭാഗത്തെ കിണറ്റിലാണ് മൃതദേഹം കണ്ടത്. മൃതദേഹം ഇന്നലെയാണ് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. തുടര്‍ന്ന് പത്തനാപുരം ദയറാ ചാപ്പലില്‍ എത്തിച്ച മൃതദേഹം രാവിലെ ഒമ്പതോടെ പൊതുദര്‍ശനത്തിന് വച്ചു. സഹപ്രവര്‍ത്തകര്‍, മഠത്തിലെ കന്യാസ്ത്രീകള്‍, വൈദികര്‍, വിദ്യാര്‍ഥികള്‍ രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. കൊച്ചി ഭദ്രാസന മെത്രാപോലീത്ത യാക്കോബ് മാര്‍ ഐറേനിയോസിന്റെ നേതൃത്വത്തില്‍ സംസ്‌കാരച്ചടങ്ങുകള്‍ നടന്നു.
കന്യാസ്ത്രീയുടെ മരണത്തില്‍ ഏത് അന്വേഷണവും നേരിടാന്‍ മാനേജ്‌മെന്റ് തയ്യാറാണെന്ന് മുന്‍ ദയറാ സെക്രട്ടറി ഫാ. കെ വി പോള്‍ സംസ്‌കാരച്ചടങ്ങുകള്‍ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സംഭവത്തില്‍ ഒരു ദൂരുഹതയും ഇല്ല. കഴിഞ്ഞദിവസം പുറത്തുവന്ന പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലും മുങ്ങിമരണമാണെന്നത് വ്യക്തമാണ്. സിസ്റ്റര്‍ സൂസമ്മ മാനസിക പ്രയാസങ്ങള്‍ കാരണം സ്വന്തമായി കാണിച്ച അബദ്ധമാണിത്. അന്വേഷണം കൃത്യമായി നടക്കണം. അന്വേഷണവുമായി കോണ്‍വെന്റും ദയറയും പൂര്‍ണമായുംസഹകരിക്കുമെന്നും ഫാ. കെ വി പോള്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, സംഭവം കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.

Next Story

RELATED STORIES

Share it