Flash News

കന്യാസ്ത്രീയുടെ മൃതദേഹം കിണറ്റില്‍; കൈത്തണ്ടയും മുടിയും മുറിച്ച നിലയില്‍

പത്തനാപുരം (കൊല്ലം): അധ്യാപികയായ കന്യാസ്ത്രീയെ കോണ്‍വെന്റിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനാപുരം മൗണ്ട് താബോര്‍ ദയറയിലെ സിസ്റ്റര്‍ സൂസന്‍ മാത്യു (54)വിന്റെ മൃതദേഹമാണ് ഇന്നലെ രാവിലെ 9.30യോടെ കിണറ്റില്‍ കാണപ്പെട്ടത്. ഇവര്‍ താമസിച്ചിരുന്ന മുറിയിലും മൃതദേഹം കാണപ്പെട്ട കിണറിന്റെ തൂണിലും പരിസരത്തും രക്തം തളംകെട്ടിക്കിടന്നിരുന്നു. മുടിയും കൈത്തണ്ടകളും മുറിച്ച നിലയിലാണ്്. മുടിയുടെ ചില ഭാഗങ്ങള്‍ ഇവരുടെ മുറിക്കുള്ളില്‍ നിന്നു കണ്ടെത്തി. കിണറിനു സമീപം പിടിവലി നടന്ന ലക്ഷണവുമുണ്ട്. കിണറ്റില്‍ നിന്ന് 50 മീറ്റര്‍ അകലെയുള്ള മുറിയില്‍ നിന്നു കിണറിന്റെ ഭാഗം വരെയാണ് നിലത്തു രക്തപ്പാടുകള്‍ ഉള്ളത്. കമിഴ്ന്നുകിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലം കല്ലട സ്വദേശിയായ സൂസന്‍ 20 വര്‍ഷമായി സെന്റ് സ്റ്റീഫന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയായിരുന്നു. ഒരാഴ്ചയായി ലീവിലായിരുന്ന ഇവര്‍ വെള്ളിയാഴ്ചയാണ് വീണ്ടും ജോലിക്കെത്തിയത്. രാവിലെ പള്ളിയിലെ പ്രാര്‍ഥനയ്ക്ക് വിളിച്ചപ്പോള്‍ സിസ്റ്റര്‍ സൂസമ്മ വരാന്‍ തയ്യാറായില്ലെന്നും പിന്നീട് പ്രാര്‍ഥന കഴിഞ്ഞ് വന്നപ്പോഴാണ് മൃതദേഹം കണ്ടതെന്നുമാണ് മറ്റ് കന്യാസ്ത്രീകളുടെ മൊഴി. പ്രാര്‍ഥന കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ സിസ്റ്റര്‍ സൂസമ്മയെ കോണ്‍വെന്റില്‍ കണ്ടില്ല. തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് കിണറ്റില്‍ മൃതദേഹം കണ്ടതെന്നും ഇവര്‍ മൊഴി നല്‍കി. അപസ്മാര രോഗിയായ സൂസന്‍ ആത്മഹത്യാ പ്രവണത പ്രകടിപ്പിച്ചിട്ടുണ്ടെന്ന മറ്റ് കന്യാസ്ത്രീകളുടെ മൊഴി പോലിസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. ആര്‍ഡിഒയുടെ നേതൃത്വത്തില്‍ മാത്രമേ മൃതദേഹം പുറത്തെടുക്കാവൂ എന്ന നാട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി രണ്ട് മണിയോടെയാണ് മൃതദേഹം പുറത്തെത്തിച്ചത്. ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധര്‍, ഫോറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പെട്ട സംഘം തെളിവുകള്‍ ശേഖരിച്ചു. പുനലൂര്‍ ഡിവൈഎസ്പി അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പോലിസ് സംഘം സ്ഥലത്ത് എത്തിയിരുന്നു. പത്തനാപുരം പോലിസ് ഇന്‍ക്വസ്റ്റ് നടത്തി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയ മൃതദേഹത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. അസ്വാഭാവിക മരണത്തിന് പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Next Story

RELATED STORIES

Share it