കന്യാസ്ത്രീകളുടെ രഹസ്യമൊഴിയെടുക്കാന്‍ പോലിസ് നീക്കം

കോട്ടയം: ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസി ല്‍ പരാതിക്കാരിയായ കന്യാസ്ത്രീയുടെ ഒപ്പമുള്ള അഞ്ചു കന്യാസ്ത്രീകളുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അന്വേഷണസംഘം നീക്കം തുടങ്ങി. ബിഷപ്പുമായി ബന്ധപ്പെട്ടവര്‍ കേസിലെ സാക്ഷികളായ ഇവരെ സ്വാധീനിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് രഹസ്യമൊഴിയെടുക്കാന്‍ തീരുമാനിച്ചത്.
പരാതിക്കാരിയായ കന്യാസ്ത്രീക്ക് അനുകൂലമായി മൊഴി നല്‍കിയ കുറവിലങ്ങാട് മഠത്തിലെ അഞ്ചു കന്യാസ്ത്രീകളുടെ രഹസ്യമൊഴി 164 വകുപ്പുപ്രകാരം രേഖപ്പെടുത്തുന്നത് സംബന്ധിച്ചു കോടതിയില്‍ അന്വേഷണസംഘം അപേക്ഷ സമര്‍പ്പിക്കും.
പാലാ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ജാമ്യത്തിനായി ശ്രമിക്കുന്നതിനിടെയാണ് അന്വേഷണസംഘത്തിന്റെ നിര്‍ണായക ഇടപെടല്‍. അടുത്ത ഘട്ടമായി ബിഷപ്പിനെതിരേ നിര്‍ണായക മൊഴി നല്‍കിയ സഭവിട്ട രണ്ടു കന്യാസ്ത്രീകളുടെയും ഡ്രൈവറുടെയും രഹസ്യമൊഴി രേഖപ്പെടുത്തിയേക്കും. ബിഷപ് പുറത്തിറങ്ങിയാല്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതകളേറെയാണ്. ഇതു പ്രതിരോധിക്കാനുള്ള വഴികളാണ് അന്വേഷണ സംഘം തേടുന്നത്.
കേസിലെ മുഖ്യസാക്ഷികളിലൊരാളായ പരാതിക്കാരിയുടെ ഇടവക വികാരി ഫാ. നിക്കോളാസ് മണിപ്പറമ്പില്‍ ദിവസങ്ങള്‍ക്കു മുമ്പ് നിലപാട് മാറ്റിയിരുന്നു. കേസില്‍ മൊഴി നല്‍കിയവരുടെയെല്ലാം വെളിപ്പെടുത്തല്‍ പോലിസ് കാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. ഇത് കോടതി തെളിവായി സ്വീകരിക്കാനിടയില്ല. ഈ സാഹചര്യത്തിലാണ് പ്രധാനപ്പെട്ട സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നീക്കം. കേസുമായി ബന്ധപ്പെട്ട് നൂറിലേറെ പേരുടെ മൊഴിയെടുത്തു. ഇതില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വരുംദിവസങ്ങളില്‍ കൂടുതല്‍ പേരുടെ മൊഴിയും അന്വേഷണസംഘം ശേഖരിക്കും.
അതേസമയം, പി സി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരായ പരാതിയില്‍ പ്രാഥമികാന്വേഷണം തുടങ്ങി. വൈക്കം ഡിവൈഎസ്പിയുടെ അന്വേഷണ സംഘത്തിലുള്ള സിഐ കെ എസ് ജയന്‍ മഠത്തിലെത്തി കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തി. കോട്ടയം പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പീഡനത്തിനിരയായ കന്യാസ്ത്രീയെ പി സി ജോര്‍ജ് പരസ്യമായി അപമാനിച്ചത്. വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ച ശേഷമാവും തുടര്‍നടപടികള്‍ സ്വീകരിക്കുക. അതിനിടെ, അട്ടപ്പാടിയിലെ ധ്യാനകേന്ദ്രത്തിനു പിന്നാലെ ഏറ്റുമാനൂരിലെയും ഭരണങ്ങാനത്തെയും ധ്യാനകേന്ദ്രങ്ങളിലും അന്വേഷണസംഘം തെളിവെടുപ്പ് നടത്തും. അട്ടപ്പാടി ഒഴികെയുള്ള ധ്യാനകേന്ദ്രങ്ങളിലും പീഡനവിവരം പറഞ്ഞിട്ടും ഇവര്‍ കന്യാസ്ത്രീയെ പിന്തുണയ്ക്കാതിരുന്നതിനെക്കുറിച്ചാണ് അന്വേഷണം നടത്തുക.

Next Story

RELATED STORIES

Share it