kozhikode local

കനോലികനാല്‍ ശുചീകരണം അന്തിമഘട്ടത്തിലേക്ക്

കോഴിക്കോട്: കനോലി കനാല്‍ ശുചീകരണ പ്രവൃത്തികള്‍ അവസാന ഘട്ടത്തില്‍. ഇന്നലെ രാവിലെ മുതല്‍ കുടുംബശ്രീ ഖരമാലിന്യ നിര്‍മാര്‍ജന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ശുചീകരണ പ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കി.
650ഓളം ശുചീകരണ തൊഴിലാളികള്‍, 200 കോര്‍പറേഷന്‍ ജീവനക്കാര്‍, ഫയര്‍ഫോഴ്‌സ്, കെഎസ്ഇബി ജീവനക്കാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ ശുചീകരണത്തില്‍ പങ്കാളികളായി. അരയിടത്തുപാലം മുതല്‍ പുതിയറ വരെ, പുതിയറ മുതല്‍ കല്ലായ് വരെ, കാരപ്പറമ്പ് ചെറിയ പാലം മുതല്‍ കക്കുഴിപാലം, നെല്ലിക്കാപുളി പാലം മുതല്‍ എരഞ്ഞിക്കല്‍ വരെ സെക്്ഷനുകളായി തിരിച്ചാണ് ശുചീകരണം നടത്തിയത്. ശുചീകരണ പ്രവൃത്തികള്‍ മിനി ബൈപ്പാസില്‍ കെടിസി പെട്രോള്‍ പമ്പിന് സമീപം രാവിലെ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ മീരദര്‍ശക് അധ്യക്ഷത വഹിച്ചു.
ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ വി ബാബുരാജ്, മരാമത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ലളിത പ്രഭ, കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫിസര്‍ ഡോ. ആര്‍ എസ് ഗോപകുമാര്‍ സംസാരിച്ചു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം എം ഗോപാലന്‍ എച്ച്‌ഐമാരായ സി കെ വല്‍സന്‍, ഇ ബാബു, കെ ചന്ദ്രന്‍ പ്രവൃത്തികള്‍ ഏകോപിപ്പിച്ചു. 11.2 കിലോമീറ്റര്‍ നീളമുള്ള കനോലി കനാലിലെ പ്രധാനഭാഗങ്ങളിലെ ശുചീകരണം ഇന്നലയോടെ ഏകദേശം പൂര്‍ത്തിയായെന്ന് കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫിസര്‍ ഡോ. ആര്‍ എസ് ഗോപകുമാര്‍ പറഞ്ഞു.
അരികിലെ കാടുകളും പ്ലാസ്റ്റിക് മാലിന്യങ്ങളുമാണ് ഇന്നലെ നീക്കം ചെയ്തത്. നഗരഹൃദയത്തിലൂടെ ഒഴുകുന്ന കനോലി കനാലിന്റെ പൂര്‍ണ സംരക്ഷണത്തിനായി എല്ലാവരും ഒറ്റമനസോടെ പ്രവര്‍ത്തികുകയാണ്. കേരളപ്പിറവി ദിനത്തില്‍ കനാല്‍ പൂര്‍ണമായും ശുചീകരിച്ച് കനോലി പൂരം നടത്താനുള്ള തയ്യാറെടുപ്പിലാണ് ജില്ലാ ഭരണകൂടം. ശുചീകരണം പൂര്‍ത്തിയായ കനാലിലൂടെ ബോട്ട് യാത്ര നടത്താനാണ് നിലവില്‍ ഉദ്ദേശിക്കുന്നത്. ഈ മാസം അവസാനത്തോടെ ശുചീകരണം പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ നടന്നുവരികയാണ്. 28ന് പോലിസ്, ഫയര്‍ഫോഴ്—സ്, ടെറിട്ടോറിയല്‍ ആര്‍മി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ കനോലി കനാലില്‍ ശുചീകരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
കനാലിലേക്ക് വീണു കിടക്കുന്ന വലിയ മരങ്ങള്‍ പൂര്‍ണമായും വെട്ടിനീക്കുകയും മരങ്ങളില്‍ തങ്ങിക്കിടക്കുന്ന മാലിന്യങ്ങള്‍ മാറ്റുകയും ചെയ്യും. ഇതോടെ കനാലിലെ ഒഴുക്കു സുഗമമാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it