കനേഡിയന്‍ ഹൈക്കമ്മീഷണര്‍ അത്താഴവിരുന്ന് റദ്ദാക്കി

ന്യൂഡല്‍ഹി: ഇന്ത്യ സന്ദര്‍ശിക്കുന്ന കനേഡിയന്‍ പ്രധാനമന്ത്രിക്ക് നല്‍കാനിരുന്ന അത്താഴവിരുന്നില്‍ വധശ്രമക്കേസില്‍ ശിഷിക്കപ്പെട്ട ഖലിസ്താന്‍ പ്രവര്‍ത്തകനെ ക്ഷണിച്ചത് വിവാദത്തില്‍. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇന്ത്യയിലെ കനേഡിയന്‍ ഹൈക്കമ്മീഷണര്‍ നദീര്‍ പട്ടേല്‍ ഡല്‍ഹിയില്‍ നടത്താനിരുന്ന അത്താഴവിരുന്നിലേക്കാണ് ഖലിസ്താന്‍ നേതാവും കാനഡയില്‍ വ്യവസായിയുമായ ജസ്പാല്‍ അത്വാലിനെ ക്ഷണിച്ചത്. ക്ഷണം വിവാദമായതിനെ തുടര്‍ന്ന് ഹൈക്കമ്മീഷണര്‍ അത്താഴവിരുന്ന് റദ്ദാക്കി. ഡല്‍ഹിയിലെ കനേഡിയന്‍ ഹൈക്കമ്മീഷണറുടെ വസതിയിലാണ് വിരുന്ന് സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്.
ജസ്പാല്‍ അത്വാലും ജസ്റ്റിന്‍ ട്രൂഡോയുടെ ഭാര്യ സോഫി ട്രൂഡോയും മുംബൈയില്‍ ഒരു പരിപാടിയില്‍ ഒന്നിച്ചു പങ്കെടുക്കുന്നതിന്റെ ചിത്രം ടൊറൊന്റോ സണ്‍ പത്രം പുറത്തുവിട്ടിരുന്നു. അതേസമയം, ജസ്പാല്‍ ട്രൂഡോയുടെ പ്രതിനിധി സംഘത്തിന്റെ ഭാഗമാണെന്നും വാര്‍ത്തകളുണ്ട്. എന്നാല്‍, ട്രൂഡോയുടെ ഓഫിസ് ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല.
1986ല്‍ കാനഡയിലെ വാന്‍കൂവറില്‍ വച്ച് പഞ്ചാബ് മന്ത്രിയും അകാലിദള്‍ നേതാവുമായ മാല്‍ക്യത്ത് സിങ് സിദ്ദുവിനെ കൊല്ലാന്‍ ശ്രമിച്ചതിനാണ് ജസ്പാല്‍ അത്വാലും മറ്റു മൂന്നുപേരും ശിക്ഷിക്കപ്പെട്ടത്. മന്ത്രിയെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ 20 വര്‍ഷത്തേക്കാണ് അത്വാലിനെ ശിക്ഷിച്ചത്. കൂടാതെ, ഒരു വാഹനത്തട്ടിപ്പ് കേസിലും അത്വാല്‍ ശിക്ഷിക്കപ്പെട്ടിരുന്നു.
ദീര്‍ഘകാലമായി കാനഡയിലാണ് ഇയാള്‍ കഴിയുന്നത്. കാനഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നിരോധിത സംഘടന ഇന്റര്‍നാഷനല്‍ സിഖ് യൂത്ത് ഫെഡറേഷന്‍ (എഎസ്‌വൈഎഫ്) നേതാവായി ജസ്പാല്‍ പ്രവര്‍ത്തിച്ചിരുന്നു.
സിഖുകാര്‍ക്ക് സ്വതന്ത്ര ഖലിസ്താന്‍ രാഷ്ട്രം വേണമെന്നാവശ്യപ്പെടുന്ന സംഘടനയെ 2003ല്‍ കാനഡ ഭീകരവാദ പട്ടികയിലുള്‍പ്പെടുത്തിയിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങുള്‍പ്പെടെ നിരവധി പേര്‍ ഖലിസ്താന്‍ വാദികളോടുള്ള കനേഡിയന്‍ സര്‍ക്കാരിന്റെ മൃദു സമീപനത്തെ വിമര്‍ശിച്ചിരുന്നു. പഞ്ചാബില്‍ സായുധ പ്രവര്‍ത്തനത്തിനു പണവും ആയുധങ്ങളും നല്‍കുകയും യുവാക്കളെ ഖലിസ്താന്‍ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുന്നതുമായി കരുതുന്ന ഒമ്പതുപേരുടെ പട്ടിക ട്രൂഡോക്ക് അമരീന്ദര്‍ സിങ് കൈമാറിയിരുന്നു. ഇവരെല്ലാം കാനഡ ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നതെന്നും അമരീന്ദര്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം, ജസ്പാല്‍ സിങിന്റെ പേര് കേന്ദ്രസര്‍ക്കാരിന്റെ നിലവിലെ സിഖ് തീവ്രവാദ പട്ടികയിലുള്‍പ്പെടുന്നില്ലെന്ന് ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഖലിസ്താന്‍ സംഘടനകളുമായി ബന്ധമുള്ള 150ഓളം പേരുടെ വിവരങ്ങളാണ് പട്ടികയിലുള്‍പ്പെടുന്നത്. പഞ്ചാബ് സര്‍ക്കാരും സുരക്ഷാ ഏജന്‍സികളുമായി കൂടിയാലോചിച്ചാണ് പട്ടിക പുതുക്കിയതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it