kannur local

കനത്ത മഴ തുടരുന്നു; വ്യാപക നാശം

കണ്ണൂര്‍: തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയില്‍ ജില്ലയില്‍ പലയിടത്തും വ്യാപക നാശനഷ്ടം. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. വൈദ്യുതി തൂണുകള്‍ പൊട്ടിവീണ് പല സ്ഥലങ്ങളും ഇരുട്ടിലാണ്. കെഎസ്ഇബിക്കു മാത്രം ലക്ഷങ്ങളുടെ നാശനഷ്ടമാണുണ്ടായത്. പലയിടത്തും റോഡരികിലെ മരം പൊട്ടിവീണ് ഗതാഗതം സ്തംഭിച്ചു.
ടെലഫോണ്‍ ബന്ധവും താറുമാറായിട്ടുണ്ട്. റോഡരികിലെ അപകടരമായ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയെങ്കിലും പലയിടത്തും കൂറ്റന്‍മരങ്ങള്‍ അപകടഭീതിയുയര്‍ത്തുന്നുണ്ട്. പുഴകള്‍ നിറഞ്ഞുകവിഞ്ഞിട്ടില്ലെങ്കിലും പുഴയോരജനത വെള്ളപ്പൊക്ക ഭീതിയിലാണ്. പലയിടത്തും മണ്ണിടിച്ചലും കരയിടിച്ചലും ശക്തമാണ്. തുടക്കത്തില്‍ തന്നെ കാലവര്‍ഷം രൂക്ഷമായത് വിദ്യാര്‍ഥികള്‍ക്കും മറ്റും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
ഇരിട്ടി: കനത്ത മഴയില്‍ മലയോരത്ത് വ്യാപക നാശനഷ്ടം. കല്ലുമുട്ടിയില്‍ നിര്‍മാണത്തിലിരിക്കുന്ന വീട് തകര്‍ന്നു. കീഴൂര്‍ കൂളിചെമ്പ്രയില്‍ മരം വീണ് വീട് ഭാഗികമായി തകര്‍ന്നു. ഉളിക്കലിലും മാക്കൂട്ടം ചുരത്തിലും മരം കടപുഴകി ഗതാഗതം തടസ്സപ്പെട്ടു. കല്ലുമുട്ടിയില്‍ കല്ലേരിക്കരമ്മല്‍ ഹൗസില്‍ എം ശാരിയുടെ ഉടമസ്ഥതയിലുള്ള നിര്‍മാണത്തിലിരിക്കുന്ന വീട് മതിലിടിഞ്ഞ് വീണ് ഭാഗികമായി തകര്‍ന്നത്. ഒരു മാസം മുമ്പ് വീടിന്റെ പിറകുവശം നിര്‍മിച്ച കൂറ്റന്‍ മതിലാണ് കനത്ത മഴയില്‍ ഇന്നലെ പുലര്‍ച്ചെ തകര്‍ന്നത്. വീടിന്റെ താഴത്തെ നിലയുടെ പിറകുവശം പൂര്‍ണമായും ഭിത്തി തകര്‍ന്ന് കല്ലുകള്‍ ഇളകിത്തെറിച്ച് കട്ടിളയും ജനലും പുറത്തേക്ക് തള്ളിയ അവസ്ഥയിലാണ്. കീഴൂരില്‍ കോടായി രാധയുടെ വീട് മരം വീണ് ഭാഗികമായി തകര്‍ന്നു. ഉളിക്കല്‍ അട്ടറഞ്ഞിയില്‍ കൂറ്റന്‍ മരം കടപുഴകി വൈദ്യുതി ലൈനില്‍ വീണ് ഏറെ നേരം വാഹന ഗതാഗതം തടസ്സപ്പെട്ടു. മാക്കൂട്ടം ചുരത്തില്‍ മരം കടപുഴകി റോഡിന് കുറുകെ വീണ് ഇരിട്ടി- മൈസുരു റൂട്ടില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.
ഇരു സ്ഥലത്തും ഇരിട്ടിയില്‍ നിന്നു സ്റ്റേഷന്‍ മാസ്റ്റര്‍ ജോണ്‍സണ്‍ പീറ്ററിന്റെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്‌സെത്തി മരം മുറിച്ചുമാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. എടക്കാനം, പുന്നാട്, പെരുമ്പറമ്പ്, വിളമന തുടങ്ങി പല പ്രദേശങ്ങളിലും വൈദ്യുതി ലൈനില്‍ മരം പൊട്ടിവീണ് വൈദ്യുതി ബന്ധം തടസ്സപ്പെട്ടു.
ഇരിക്കൂര്‍: ഇന്നലെ ഉച്ചയോടെ ഇരിക്കൂറിലും പരിസരങ്ങളിലുമുണ്ടായ കനത്ത മഴയിലും കാറ്റിലും പലയിടത്തും നാശനഷ്ടം. ഇരിട്ടി-തളിപ്പറമ്പ് സംസ്ഥാന പാതയില്‍ ബസ് സ്റ്റാന്റിനും സബ് രജിസ്ട്രാര്‍ ഓഫിസിനുമിടയില്‍ മരക്കൊമ്പ് വൈദ്യുതി ലൈനിലേക്ക് പൊട്ടിവീണു. ആളപാമില്ല. വൈദ്യുതി ജീവനക്കാരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. മരക്കൊമ്പുകള്‍ മുറിച്ചുമാറ്റിയ ശേഷമാണ് വൈദ്യുതി പുനസ്ഥാപിച്ചത്. പട്ടീല്‍, കോളോട്, നടുവള്ളൂര്‍, മണ്ണര്‍ പാലം, സിദ്ദീഖ് നഗര്‍, വയക്കാംകോട്, പൈസായി എന്നിവിടങ്ങളില്‍ മരക്കൊമ്പുകള്‍ വൈദ്യുതി ലൈനിലേക്കും ഗ്രാമീണ റോഡുകളിലേക്കും പൊട്ടിവീണ് കൃഷി നശിച്ചു.
കുത്തുപറമ്പ്: കനത്ത മഴയില്‍ കൂറ്റന്‍ തണല്‍ മരം കടപുഴകി വീണ് വൈദ്യുത തൂണ്‍ തകര്‍ന്നു. ആശുപത്രിക്കും നാശനഷ്ടം. മമ്പറം അല്‍ ഖസ്‌ന ആശുപത്രിക്കു സമീപത്തെ തണല്‍ മരമാണ് കടപുഴകിയത്.
ആശുപത്രിയുടെ സൈഡിലൂടെ മമ്പറം ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലേക്കുള്ള വഴിയിലാണ് വഴി പൂര്‍ണമായും അടച്ച് തണല്‍മരം കടപുഴകിയത്. സമീപത്തെ വൈദ്യുതിത്തൂണും ലൈനും തകര്‍ന്നു. രാത്രിയായതിനാല്‍ സ്‌കൂള്‍ തുറക്കാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ആശുപത്രിക്കു കേടുപാട് സംഭവിച്ചു.   മട്ടന്നൂര്‍: കനത്ത മഴയില്‍ ഉരുവച്ചാല്‍ മേഖലയില്‍ വ്യാപക നാശം. ഇടപഴശ്ശി കക്കാട്ട് പറമ്പിലെ ദേവിയുടെ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ ചുമരിനു മേല്‍ തെങ്ങ് കടപുഴകി വീണ് ചുമര്‍ തകര്‍ന്നു. കയനിയിലെ മുകുന്ദന്റെ വീടിന്റെ ചുറ്റുമതില്‍ തകര്‍ന്നു. കൗണ്‍സിലര്‍ സുബൈദ സന്ദര്‍ശിച്ചു.  നിരവധി സ്ഥലങ്ങളില്‍ മരം കടപുഴകി മതിലുകള്‍ തകര്‍ന്നു.
Next Story

RELATED STORIES

Share it