കനത്ത മഴയ്ക്കു നേരിയ ശമനം; സംഭരണികളില്‍ 57% വെള്ളം

എസ് ഷാജഹാന്‍
തിരുവനന്തപുരം/ഇടുക്കി: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയ്ക്ക് ഇന്നലെ നേരിയ ശമനം. ചിലയിടങ്ങളില്‍ ഇന്നലെ ഒറ്റപ്പെട്ട കനത്ത മഴ പെയ്തു. എന്നാല്‍, ഈ ആഴ്ച അവസാനം വരെ മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നത്.
സംസ്ഥാനത്ത് ജൂണ്‍ ഒന്നു മുതല്‍ ഇന്നലെ വരെയുള്ള കണക്കനുസരിച്ച് 7.22 ശതമാനം മഴ അധികമാണ്. 969.3 മില്ലിമീറ്റര്‍ മഴ പ്രതീക്ഷിച്ചിരുന്നിടത്ത് ലഭിച്ചത് 1039.3 മില്ലിമീറ്റര്‍. പാലക്കാട്ടാണ് ശരാശരി മഴ ഏറ്റവും കൂടുതല്‍ ലഭിച്ചത്- 35.41 ശതമാനം. മഴയുടെ അളവില്‍ കുറവുണ്ടായത് തൃശൂരിലാണ്. പ്രതീക്ഷിച്ചിരുന്ന മഴയുടെ 18.01 ശതമാനം കുറവാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. കാസര്‍കോട്, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം ജില്ലകളിലും മഴയുടെ ലഭ്യതയില്‍ കുറവ് രേഖപ്പെടുത്തി.
ഇന്നലെ കോഴിക്കോട് കുറ്റിയാടിയില്‍ 154 മില്ലിമീറ്ററും വടകരയില്‍ 126 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി. വയനാട് മാനന്തവാടിയില്‍ 123 മില്ലിമീറ്ററും വൈത്തിരിയില്‍ 86 മില്ലിമീറ്ററും മഴ ലഭിച്ചു. മഴ ശക്തമായതിനെ തുടര്‍ന്ന് പ്രധാന വൈദ്യുതോല്‍പാദന കേന്ദ്രങ്ങളിലെ സംഭരണികളില്‍ ജലനിരപ്പ് ഉയര്‍ന്നു. ശേഷിയുടെ 57 ശതമാനം ജലം സംസ്ഥാനത്തെ സംഭരണികളിലുണ്ട്. സംസ്ഥാനത്തെ വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി സംഭരണിയില്‍ 55 ശതമാനവും ശബരിഗിരി പദ്ധതിയുടെ സംഭരണികളില്‍ 54 ശതമാനവും വെള്ളമുണ്ട്. കുറ്റിയാടി, പൊറിംഗല്‍, ലോവര്‍ പെരിയാര്‍ സംഭരണികള്‍ നിറഞ്ഞു. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 1468.51 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിന് ആവശ്യമായ ജലം അധികമായി സംഭരണികളിലെത്തി.
ഇതിനിടയില്‍, ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡീഷ തീരത്തോടു ചേര്‍ന്ന് ഇന്ന് വൈകീട്ടോടെ രൂപപ്പെടുന്ന ന്യൂനമര്‍ദം കേരളത്തില്‍ ശക്തമായ മഴയ്ക്കു കാരണമായേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ഇന്ന് കേരളത്തില്‍ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ 110 മില്ലിമീറ്റര്‍ മഴയ്ക്ക് സാധ്യതയുണ്ട്. 14, 15, 16 തിയ്യതികളില്‍ വടക്കന്‍ കേരളത്തിലെ ചില സ്ഥലങ്ങളില്‍ 20 സെന്റിമീറ്റര്‍ വരെ ശക്തിയുള്ള മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും പ്രക്ഷുബ്ധമായി തുടരുന്നതിനാല്‍ 16ന് വീണ്ടും ഒരു ന്യൂനമര്‍ദം കൂടി രൂപപ്പെടാനുള്ള സാധ്യത തള്ളാനാവില്ലെന്നും ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രം സൂചിപ്പിക്കുന്നു.
അതിനിടെ, വട്ടവട കൊട്ടക്കാമ്പൂരില്‍ ബുധനാഴ്ച രാത്രി 9 മണിയോടെയുണ്ടായ ഉരുള്‍പൊട്ടലില്‍ ഗ്രാമത്തിലേക്ക് കുടിവെള്ളം എത്തിക്കാനായി സ്ഥാപിച്ചിരുന്ന പൈപ്പ്‌ലൈനുകള്‍ തകര്‍ന്നു. ഇതോടെ കുടിവെള്ളം മുടങ്ങി. വന്‍ കൃഷിനാശവുമുണ്ടായി. ഗ്രാമവാസികള്‍ ഓണവിപണി പ്രതീക്ഷിച്ച് വിളവിറക്കിയ കാര്‍ഷിക വിളകളാണ് നശിച്ചവയിലേറെയും.
Next Story

RELATED STORIES

Share it