Idukki local

കനത്ത മഴയില്‍ തൊടുപുഴ ടൗണിലെ പലഭാഗങ്ങളും വെള്ളത്തില്‍

തൊടുപുഴ: ഇന്നലെ ഉച്ചയ്ക്കുശേഷം പെയ്ത കനത്ത മഴയില്‍ തൊടുപുഴ ടൗണിലെ പല ഭാഗങ്ങളും വെള്ളത്തില്‍ മുങ്ങി. നിരവധി വ്യാപാരസ്ഥാനങ്ങളില്‍ വെള്ളം കയറി. പലഭാഗത്തും വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളും വെള്ളത്തില്‍ മുങ്ങി. പകല്‍ രണ്ടോടെ ആരംഭിച്ച മഴ രണ്ടുമണിക്കൂറോളം നീണ്ടു.
മണക്കാട് ജങ്ഷന്‍, മുനിസിപ്പല്‍ ബസ് സ്റ്റാന്റിന് മുന്‍വശം, കാഞ്ഞിരമറ്റം ജങ്ഷന്‍, തൊടുപുഴ-മുവാറ്റുപുഴ റോഡില്‍ റോട്ടറി ജങ്ഷന്‍, മങ്ങാട്ടുകവല, കല്യാണ്‍ ജങ്ഷന്‍ തുടങ്ങിയയിടങ്ങളിലൊക്കെ വെള്ളം പൊങ്ങി. തൊടുപുഴ-പാലാ റോഡില്‍ ബസ്സ്റ്റാന്റില്‍നിന്ന് ഒഴുകിവന്ന വെള്ളം ഓട നിറഞ്ഞുകവിഞ്ഞ് റോഡില്‍ വെള്ളക്കെട്ടുണ്ടാക്കുകയായിരുന്നു. ഈ ഓടയിലൂടെയും സമീപത്തെ മറ്റ് ഓടകളിലൂടെയും എത്തിയ വെള്ളമാണ് മണക്കാാട് ജങ്ഷനില്‍ ഉയര്‍ന്നത്. അതോടെ ഇതുവഴിയുള്ള വാഹനഗതാഗതം നിലച്ചു. പാലാ റോഡില്‍നിന്ന് വന്ന വാഹനങ്ങള്‍ തിരികെ മണക്കാട് ബൈപാസ് റോഡില്‍ എത്തിയാണ് യാത്ര തുടര്‍ന്നത്.
അടുത്തനാളില്‍ പാലാ റോഡില്‍ ഓട വീതികൂട്ടി നിര്‍മിച്ചിരുന്നു. എന്നിട്ടും വെള്ളം കവിഞ്ഞൊഴുകി. മണക്കാട് ബൈപാസ് റോഡിനടിയിലൂടെയുള്ള ഓടയിലെ വെള്ളം തുര്‍ന്നുള്ള ഭാഗത്തെ ഓടയുടെ വീതിക്കുറവുമൂലവും കവിഞ്ഞൊഴുകി. മറ്റ് ഓടകളുടെ വീതിക്കുറവും തടസമായി. ജയ്‌റാണി സ്‌കൂള്‍ റോഡില്‍നിന്ന് മണക്കാട് ബൈപാസിലേക്ക് പോയ കാ ല്‍നട യാത്രക്കാര്‍ അരയ്‌ക്കൊപ്പം വെള്ളത്തില്‍ പെട്ടു. ബസ് സ്റ്റാന്റ് പരിസരത്ത് വെള്ളം ഉയര്‍ന്നതോടെ വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയുടെ റോഡിലൂടെ നടന്നാണ് സ്റ്റാന്‍ഡില്‍ എത്തിയത്.
മണക്കാട് ജങ്ഷനില്‍നിന്ന് പുഴയിലേക്കുള്ള ഓടയ്ക്ക് തുടക്കഭാഗത്തുമാത്രമാണ് വീതിയുള്ളത്. ശേഷിക്കുന്ന ഭാഗം സ്വകാര്യവ്യക്തികള്‍ കൈയേറി കെട്ടിയെടുത്തതോടെ പലയിടത്തും വീതി തീരെ കുറഞ്ഞു. മണക്കാട് ബൈപാസില്‍നിന്ന് എം ജിനദേവന്‍ സ്മാരകമന്ദിരത്തിന് അടുത്തുവരെയെത്തുന്ന ഓടയുടെ ഭാഗവും കൈയേറി.
തൊടുപുഴ -മൂവാറ്റുപുഴ പഴയ റോഡില്‍ പുളിമൂട്ടില്‍ സി ല്‍ക്‌സിനു മുന്നില്‍ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗത തടസ്സമുണ്ടായി. എതിര്‍ഭാഗത്തെ കല്യാണ്‍സില്‍ക്‌സിനു മുന്നിലെ ഹോട്ടലുകളിലടക്കം വെള്ളം കയറി. മൗണ്ട് സീനായ് റോഡും വെള്ളത്തിലായി.
Next Story

RELATED STORIES

Share it