കനക്കുന്ന വേനലില്‍ ശാസ്ത്രീയ ജലസേചനത്തിന് ഇടപെടലുകളില്ല

റജീഷ്  കെ  സദാനന്ദന്‍

മഞ്ചേരി: അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്നതു സംസ്ഥാനത്തു കാര്‍ഷിക മേഖലയെ തളര്‍ത്തുന്നു. വേനലാരംഭത്തില്‍ തന്നെ വന്‍തോതിലാണ് അന്തരീക്ഷ താപം ഉയരുന്നത്. പാലക്കാട് ഇതിനകം 40 ഡിഗ്രി സെല്‍ഷ്യസ് താപം രേഖപ്പെടുത്തി. സംസ്ഥാനത്ത് താപനില 42 ഡിഗ്രി വരെ ഉയരുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് അതിരൂക്ഷ വരള്‍ച്ചയിലേക്കാണു വിരല്‍ചൂണ്ടുന്നത്. ഇതു കാര്‍ഷികരംഗത്തും പ്രതിസന്ധികള്‍ രൂക്ഷമാക്കുന്നു.
പാടശേഖരങ്ങളില്‍ ജലസേചനത്തിനു ശാസ്ത്രീയ സംവിധാനങ്ങളില്ലാത്തതാണു കര്‍ഷകരെ വലയ്ക്കുന്നത്. ഉയരുന്ന ചൂടിനൊപ്പം ജലലഭ്യത വേനലാരംഭത്തില്‍ത്തന്നെ ഗണ്യമായി കുറയുകയാണ്. ഭൗമോപരിതല ജലവിതാനം ക്രമാതീതമായാണു താഴുന്നതെന്നു ഭൂജല വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. പുഴകളും ചെറുതോടുകളുമെല്ലാം വറ്റിവരണ്ടതോടെ ജലസേചനം കൃഷിയിടങ്ങില്‍ നാമമാത്രമാണ്. ലഭ്യമായ ജലസമ്പത്തു ഫലപ്രദമായി ഉപയോഗിക്കാനും നിലവില്‍ ശ്രമങ്ങളില്ല.
വരള്‍ച്ച മുന്‍നിര്‍ത്തി ശാസ്ത്രീയ ജലസേചനത്തിനുള്ള സംവിധാനങ്ങള്‍ വ്യാപകമാക്കാനുള്ള ആലോചന പോലും കൃഷിവകുപ്പില്‍ നിന്നോ, ജലവിഭവ വകുപ്പില്‍ നിന്നോ ഉണ്ടായിട്ടില്ല. വിളകള്‍ക്കു കൂടുതല്‍ വെള്ളം നല്‍കുന്നതിനു പകരം അല്‍പാല്‍പമായി സ്ഥിരമായുള്ള ജലസേചനമായിരിക്കും കനത്ത ചൂടിനെ അതിജീവിക്കാന്‍ അഭികാമ്യമെന്നു മലപ്പുറം ആനക്കയത്തെ കാര്‍ഷിക ഗവേഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കുന്നു.
ചെറുതോട്ടങ്ങളില്‍ തിരി നന, വയലുകളില്‍ തുള്ളി നന തുടങ്ങിയ പദ്ധതികള്‍ക്കാണു പ്രാധാന്യം നല്‍കേണ്ടത്. താപനില ഉയരുമ്പോള്‍ മണ്ണിനടിയിലെ ഈര്‍പ്പം വേഗത്തില്‍ നഷ്ടപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഉണങ്ങിയ ഇലകള്‍ വിളകളുടെ ചുവട്ടില്‍  നിക്ഷേപിക്കുന്നത് ഈര്‍പ്പ സംരക്ഷണത്തിനു സഹായിക്കും.
നിലവിലുള്ള കാര്‍ഷികോല്‍പാദനം കുറയാതെ സംരക്ഷിക്കുന്നതിനു ആശ്വാസകരമായ രീതിയില്‍ അനിവാര്യമായ പദ്ധതികള്‍ സര്‍ക്കാര്‍തലത്തില്‍ തന്നെ പ്രവര്‍ത്തികമാക്കണമെന്നു കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
Next Story

RELATED STORIES

Share it