Kottayam Local

കനകപ്പലം 110 കെവി സബ് സ്റ്റേഷന്‍ ഉദ്ഘാടനം നാളെ

എരുമേലി: ഒരു വര്‍ഷം മുമ്പ് കമ്മീഷന്‍ ചെയ്തു പ്രവര്‍ത്തനമാരംഭിച്ച കനകപ്പലം 110 കെവി സബ് സ്റ്റേഷന്റെ ഉദ്ഘാടനം നാളെ നടക്കും. വൈകീട്ട് 4.30ന് വൈദ്യുതി മന്ത്രി എം എം മണി ഉദ്ഘാടനം നിര്‍വഹിക്കുക. അതേസമയം സബ് സ്റ്റേഷന്‍ ഉണ്ടായിട്ടും എരുമേലിയില്‍ അടിക്കടിയുള്ള വൈദ്യുതി തടസ്സത്തിനു പരിഹാരമായിട്ടില്ലെന്ന് ആക്ഷേപമുണ്ട്. സെക്ഷന്‍ ഓഫിസ് പരിധി വിഭജിച്ച് കിഴക്കന്‍ മേഖലയ്ക്ക് പുതിയ സെക്ഷന്‍ അനുവദിക്കുകയാണ് പരിഹാരമെന്ന് ജീവനക്കാര്‍ പറയുന്നു.
5000 ഉപയോക്താക്കളാണ് ഒരു ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധി. എന്നാല്‍ ഇതിന്റെ അഞ്ചിരട്ടിയായ 25000ല്‍ പരം ഉപയോക്താക്കളാണ് എരുമേലി  സെക്ഷന്റെ കീഴിലുള്ളത്. അസി. എന്‍ജിനീയര്‍, മൂന്ന് സബ് എന്‍ജിനീയര്‍മാര്‍, നാല് ഓവര്‍സിയര്‍മാര്‍, 14 ലൈന്‍മാന്‍മാര്‍, ആറ് മസ്ദൂര്‍ എന്നിവരാണ് സേവനത്തിനുള്ളത്. സദാ സമയവും വൈദ്യുതി പോവുന്ന സെക്ഷനെന്നാണ് ജീവനക്കാര്‍ നല്‍കുന്ന വിശേഷണം. ജീവനക്കാരും നാട്ടുകാരുമായി ബഹളം കൂടാത്ത ദിവസങ്ങളില്ലെന്ന സ്ഥിതിയാണിപ്പോള്‍.
200 കിലോമീറ്റര്‍ ചുറ്റളവിലാണ് സെക്ഷന്‍. പാറത്തോട്, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, കോരുത്തോട്, വെച്ചൂച്ചിറ, പെരുനാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളും എരുമേലി പഞ്ചായത്ത് കൂടാതെ ഈ സെക്ഷനില്‍ ഉള്‍പ്പെടുന്നു. കിലോമീറ്ററുകള്‍ അകലെയുള്ള പെരുനാട് പഞ്ചായത്തിലെ തുലാപ്പള്ളി നാറാണംതോട്, അയ്യന്‍മല, കേരളപ്പാറ, കിസുമം, അറയാഞ്ഞിലിമണ്ണ് പ്രദേശങ്ങള്‍ക്കു വൈദ്യുതി സേവനം നല്‍കുന്നത് എരുമേലി സെക്ഷനില്‍ നിന്നാണ്. ഈ പ്രദേശങ്ങളിലേക്കും കണമല, പമ്പാവാലി, മൂക്കന്‍പെട്ടി, കാളകെട്ടി, എയ്ഞ്ചല്‍വാലി, മുക്കൂട്ടുതറ, മുട്ടപ്പള്ളി, ഇടകടത്തി തുടങ്ങി കിഴക്കന്‍ പ്രദേശങ്ങളിലേക്കും ആകെ രണ്ടു ജീവനക്കാരാണു ദിവസവും സേവനത്തിനുള്ളത്. ഇവര്‍ക്ക് ഒരു പ്രദേശത്തെ പോലും തകരാറുകള്‍ പരിഹരിക്കാന്‍ കഴിയുന്നില്ല. കരാര്‍ ജീവനക്കാരെയും തൊഴിലാളികളെയും ഉപയോഗിച്ചാണു വൈദ്യുതി തടസ്സങ്ങള്‍ പരിഹരിക്കാനാവുന്നത്. മുണ്ടക്കയത്തു നിന്ന് കാഞ്ഞിരപ്പളളിയില്‍ നിന്നുമാണ് വൈദ്യുതിയെത്തുന്നത്. തോട്ടങ്ങളിലൂടെയെത്തുന്ന വൈദ്യുതി മിക്കപ്പോഴും തടസ്സപ്പെടും. പരിഹരിക്കാന്‍ സെക്ഷന്‍ പരിധിയിലെ പണികള്‍ മാറ്റിവച്ചാണ് ജീവനക്കാരെത്തുന്നത്. സെക്ഷന്‍ വിഭജിച്ചാല്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കാനും സേവനം കാര്യക്ഷമമാക്കാനും കഴിയും. കൂവപ്പളളി, വിഴിക്കത്തോട് പ്രദേശങ്ങളെ കാഞ്ഞിരപ്പള്ളി, പാറത്തോട് സെക്ഷനുകളിലേക്ക് കൂട്ടിച്ചേര്‍ക്കുകയും പെരുനാട്, വെച്ചൂച്ചിറ പഞ്ചായത്തിലെ പ്രദേശങ്ങളെ എരുമേലി സെക്ഷനില്‍ നിന്നൊഴിവാക്കുകയും ചെയ്താല്‍ പരിഹാരമാവും. എരുമേലി പഞ്ചായത്തിനുള്ളില്‍ ഒതുങ്ങി നില്‍ക്കുന്ന സ്ഥല പരിധി മാത്രമാക്കുകയോ സെക്ഷന്‍ വിഭജനം നടത്തുകയോ ചെയ്തില്ലെങ്കില്‍ സബ് സ്റ്റേഷന്‍ കൊണ്ട് നാടിനു പ്രയോജനമുണ്ടാവില്ലെന്നു ജീവനക്കാര്‍ പറയുന്നു.
Next Story

RELATED STORIES

Share it