Flash News

കത്‌വ കൂട്ടബലാല്‍സംഗം: ഇടപെട്ട് സുപ്രിംകോടതി; അന്യായക്കാരന് പിന്തുണ നല്‍കലാണ് അഭിഭാഷകരുടെ ഉത്തരവാദിത്തം

കത്‌വ  കൂട്ടബലാല്‍സംഗം: ഇടപെട്ട് സുപ്രിംകോടതി; അന്യായക്കാരന്  പിന്തുണ  നല്‍കലാണ്  അഭിഭാഷകരുടെ  ഉത്തരവാദിത്തം
X
സിദ്ദീഖ്   കാപ്പന്‍
ന്യൂഡല്‍ഹി: അന്യായക്കാരന് പിന്തുണ നല്‍കലാണ് അഭിഭാഷകരുടെ ഉത്തരവാദിത്തമെന്നും നീതി തടസ്സപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ അതില്‍ ഉള്‍പ്പെടില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. കോടതി നടപടികളില്‍ അഭിഭാഷകര്‍ക്ക് ഇടപെടാനാവില്ലെന്നും ഇരകള്‍ക്കോ പ്രതികള്‍ക്കോ വേണ്ടി ഹാജരാവുന്നതില്‍ നിന്ന് ഒരു അഭിഭാഷകനെയും തടയാന്‍ ബാര്‍ അസോസിയേഷനുകള്‍ക്ക് അവകാശമില്ലെന്നും കോടതി വ്യക്തമാക്കി.
ജമ്മുകശ്മീരിലെ കത്‌വ ജില്ലയില്‍ എട്ടു വയസ്സുകാരിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കാനെത്തിയ അന്വേഷണസംഘത്തെ തടയുകയും പെണ്‍കുട്ടിക്ക് വേണ്ടി ഹാജരാവുന്ന അഭിഭാഷകയെ മര്‍ദിക്കാന്‍ ശ്രമിക്കുകയും ചെയ്ത ജമ്മുകശ്മീര്‍ ഹൈക്കോടതി അഭിഭാഷകര്‍ക്കെതിരേ സ്വമേധയാ കേസെടുത്തുകൊണ്ടാണ് സുപ്രിംകോടതി ബാര്‍ അസോസിയേഷനുകള്‍ക്ക് ശക്തമായ താക്കീത് നല്‍കിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എ എം ഖാന്‍വില്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രിംകോടതിയിലെ ഒരുകൂട്ടം അഭിഭാഷകര്‍ എഴുതിനല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തത്.



വിഷയത്തില്‍ മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ബാര്‍ അസോസിയേഷനുകള്‍ക്ക് സുപ്രിംകോടതി നോട്ടീസയച്ചു. ബാര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ, ജമ്മുകശ്മീര്‍ ഹൈക്കോടതി ബാര്‍ അസോസിയേഷന്‍, ബാര്‍ കൗണ്‍സില്‍ ഓഫ് ജമ്മു ആന്റ് കശ്മീര്‍, കത്‌വ ജില്ലാ ബാര്‍ അസോസിയേഷന്‍ എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഈ മാസം 19ന് മുമ്പ് എല്ലാ കക്ഷികളും മറുപടി നല്‍കണമെന്നും സുപ്രിംകോടതി ആവശ്യപ്പെട്ടു.
മലയാളിയായ സുപ്രിംകോടതി അഭിഭാഷകന്‍ പി വി ദിനേശിന്റെ നേതൃത്വത്തിലുള്ള അഭിഭാഷകരുടെ സംഘമാണ് പരാതി സമര്‍പ്പിച്ചത്. അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കുന്നതിനെതിരേ ജമ്മുകശ്മീര്‍  ഹൈക്കോടതിയിലെ അഭിഭാഷകര്‍ സമരം ചെയ്തുവെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് വേണ്ടി ഹാജരാവുന്ന അഭിഭാഷകയ്ക്ക് സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇന്നലെ കേസ് പരിഗണിക്കുന്നതിനിടെ ജമ്മു കശ്മീര്‍  സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ശുഹൈബ് ആലം, കുറ്റപത്രം സമര്‍പ്പിക്കാനെത്തിയ അന്വേഷണ സംഘത്തെ തടഞ്ഞതിന് ചില അഭിഭാഷകര്‍ക്കെതിരേ ജമ്മുകശ്മീര്‍ പോലിസ് കേസ് രജിസ്റ്റര്‍  ചെയ്തിട്ടുണ്ടെന്ന് അറിയിച്ചു.
ഇന്നലെ രാവിലെ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന് മുന്നില്‍ വിഷയം ഉന്നയിച്ചപ്പോള്‍, പത്രവാര്‍ത്തയും രേഖകളും സഹിതം ഹരജിയായി സമര്‍പ്പിച്ചാല്‍ പരിഗണിക്കാമെന്ന് അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് കത്‌വയില്‍ അഭിഭാഷകര്‍ ബന്ദ് നടത്തുന്നതിന്റെയും ടയറുകള്‍ അഗ്‌നിക്കിരയാക്കുന്നതിന്റെയും ചിത്രങ്ങളടങ്ങിയ വാര്‍ത്താ കട്ടിങ്ങുകള്‍ ഉള്‍പ്പെട്ട ഹ്രസ്വ കുറിപ്പ് ചീഫ് ജസ്റ്റിസിനു നല്‍കി. ഇതോടെയാണ് വിഷയത്തില്‍ സുപ്രിംകോടതി ഇടപെട്ടത്.
കത്‌വ കേസില്‍ ഹാജരാവാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ജമ്മുകശ്മീര്‍ ബാര്‍ അസോസിയേഷനില്‍ നിന്ന് തനിക്ക് ഭീഷണിയുണ്ടെന്ന് ഇരകളുടെ അഭിഭാഷക ദീപിക സിങ് രാജവത് പരാതി നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it