Flash News

കത്‌വ, ഉന്നാവോ സംഭവങ്ങളെ അപലപിച്ച് പോപുലര്‍ ഫ്രണ്ട്‌

ന്യൂഡല്‍ഹി: ജമ്മുവില്‍ എട്ടുവയസ്സുകാരി ആസിഫയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തേയും യുപിയിലെ ഉന്നാവോയില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറും കൂട്ടാളികളും യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തേയും ശക്തമായി അപലപിച്ച് പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ അബൂബക്കര്‍. ആസിഫയെ വര്‍ഗീയ രാഷ്ട്രീയ മാഫിയയോടൊപ്പം ചേര്‍ന്ന് ജമ്മു കശ്മീരിലെ ചില പോലിസ് ഓഫിസര്‍മാര്‍ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവങ്ങള്‍ സുരക്ഷാ ഏജന്‍സികളും വര്‍ഗീയ ശക്തികളും സംയുക്തമായി നടപ്പാക്കുന്ന കുറ്റകൃത്യങ്ങളിലേക്ക് കണ്ണു തുറപ്പിക്കേണ്ടതുണ്ട്.
ശിക്ഷാഭീതിയില്ലാതെ കശ്മീര്‍ താഴ്‌വരയില്‍ പതിറ്റാണ്ടുകളായി തുടരുന്ന ബലാല്‍സംഗം, ആയിരക്കണക്കിന് യുവാക്കളുടെ നിര്‍ബന്ധിത തിരോധാനം എന്നിവയില്‍നിന്ന് വ്യത്യസ്തമല്ല ഈ സംഭവവും. ദിവസങ്ങളോളം ഹിന്ദു ക്ഷേത്രത്തില്‍ ആസിഫയെ ബന്ദിയാക്കി വയ്ക്കുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്ത കൊലയാളികള്‍ക്ക് പ്രാദേശിക ഹിന്ദു സമൂഹത്തില്‍നിന്നു ലഭിച്ച പിന്തുണ അവരുടെ ദുഷിച്ച മനോഗതിയും മറ്റുള്ളവരോടുള്ള വിദ്വേഷവുമാണ് വ്യക്തമാക്കുന്നത്. ഇത് കശ്മീര്‍ മുസ്്‌ലിംകള്‍ക്കെതിരായ രാഷ്ട്രീയ പ്രതികാര നടപടികളുടെ ഭാഗമാണെന്നും ഈ കൂട്ടബലാല്‍സംഗത്തെ ഒറ്റപ്പെട്ടതായി കാണുന്നത് കാപട്യമാണെന്നും അദ്ദേഹം പറഞ്ഞു.
കുറ്റകൃത്യത്തിനു പിന്നില്‍ മുസ്്‌ലിംകളെ തുരത്തി ഭൂമി പിടിച്ചെടുക്കാനുള്ള ബിജെപി മന്ത്രി ലാല്‍സിങിന്റെ കുല്‍സിത ശ്രമങ്ങളുണ്ടെന്നും ആരോപണമുണ്ട്. പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിച്ച നാട്ടുകാരുടെയും ബിജെപി നേതൃത്വത്തിന്റെയും ജമ്മു ബാറിലെ അഭിഭാഷകരുടെയും  ഹൃദയ കാഠിന്യം വിരല്‍ ചൂണ്ടുന്നത്   ഉന്നത തല ഗൂഢാലോചനയിലേക്കാണ്. ബിജെപി മന്ത്രി ലാല്‍സിങിന്റെ ഇടപെടല്‍ ഉള്‍പ്പെടെയുള്ള സത്യങ്ങള്‍ പുറത്തുകൊണ്ടുവരുന്നതിന് ജുഡീഷ്യറിയുടെ മേല്‍നോട്ടത്തില്‍ നീതിപൂര്‍വകമായ അന്വേഷണം വേണം. അതേസമയം, യോഗി ആതിഥ്യനാഥ് സര്‍ക്കാരിന്റെ കീഴില്‍ യുപിയില്‍ അവശ വിഭാഗങ്ങള്‍ക്കെതിരേ രാഷ്ട്രീയ പ്രേരിതമായി അതിക്രമങ്ങള്‍ വര്‍ധിക്കുന്നതില്‍ അബൂബക്കര്‍ കനത്ത നീരസം പ്രകടിപ്പിച്ചു.
ശിക്ഷിക്കപ്പെടുമെന്ന ഭയമില്ലാത്തതിനാല്‍ കൂട്ടബലാല്‍സംഗം പോലുള്ള നീചമായ കുറ്റകൃത്യങ്ങള്‍ നടത്താന്‍ ബിജെപി നേതൃത്വത്തിനും ഹിന്ദുത്വ സംഘങ്ങള്‍ക്കും ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെഗാറിനെ പോലുള്ള ക്രിമിനലുകള്‍ക്കും പ്രോല്‍സാഹനമാവുന്നു. ഇരയാക്കപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിന്റെ കസ്റ്റഡി മരണം സംസ്ഥാന ഭരണകൂടവും പോലിസും ബിജെപി ക്രിമിനല്‍ സംഘത്തിന്റെ നിയന്ത്രണത്തിലാണെന്നാണ് വ്യക്തമാക്കുന്നത്.
വര്‍ഗീയ ഫാഷിസ്റ്റ് മാഫിയ ഭരണകൂടത്തിന്റെ  പിടിയില്‍നിന്ന് യുപിയെ രക്ഷിക്കുന്നതിന് മുഴുവന്‍ മതേതരത്ത ശക്തികളും ജനകീയ പ്രസ്ഥാനങ്ങളും ഒരുമിച്ച് പോരാടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it