കത്തോലിക്കാ സഭയുടെ വിഷമവൃത്തം

ടി ജി ജേക്കബ്

ലോകത്തെ ഏറ്റവും സമ്പന്നവും പ്രബലവുമായ വത്തിക്കാന്‍ ആസ്ഥാനമായുള്ള മതസംഘടനയായ റോമന്‍ കത്തോലിക്കാ സഭ ഇപ്പോള്‍ നേരിടുന്നത് അതിന്റെ ആധുനികകാല ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ചോദ്യം ചെയ്യലാണ്. മെക്‌സിക്കോയിലായാലും ഇംഗ്ലണ്ടിലായാലും ഇറ്റലിയില്‍ തന്നെയായാലും നാണമില്ലാത്ത വിഴുപ്പലക്കല്‍ ഇപ്പോള്‍ പരസ്യമായാണ് നടക്കുന്നത്. പല സ്ഥലങ്ങളിലും സഭയിലെ ഉദ്യോഗസ്ഥ തലവന്‍മാരായ കര്‍ദിനാള്‍മാര്‍ക്കും ബിഷപ്പുമാര്‍ക്കുമെതിരേ അച്ചടക്ക നടപടികള്‍ എടുക്കാന്‍ വത്തിക്കാന്‍ നിര്‍ബന്ധിതമായിട്ടുണ്ട്. പോപ്പിന്റെ സിംഹാസനം പൊള്ളുന്നുണ്ട്.
കേരളത്തില്‍ ഇപ്പോള്‍ നടന്നതും ഈ ആഗോള പ്രതിഭാസത്തിന്റെ പതിപ്പാണ്. ഇവിടെ വത്തിക്കാനോ രാജ്യത്തെ സഭാ ഉന്നതാധികാരിയോ അല്ല നടപടിയെടുത്തത്. അവര്‍ക്കൊക്കെ പ്രശ്‌നങ്ങള്‍ വ്യക്തമായി അറിയാമായിരുന്നിട്ടും കന്യാസ്ത്രീകള്‍ തെരുവിലിറങ്ങി ഭരണകൂടത്തിന്റെ കൈകള്‍ ബലമായി ചലിപ്പിക്കുകയാണ് ചെയ്തത്. അവര്‍ തന്നെ പറഞ്ഞതുപോലെ, തെരുവില്‍ ഇറങ്ങാന്‍ സഭാ നേതൃത്വം തന്നെയാണ് ഉത്തരവാദികള്‍. സഭാ നേതൃത്വത്തിന്റെ അഹന്തയില്‍ നിന്നുദ്ഭവിക്കുന്ന നിസ്സംഗതയാണ് അവരെ ഹൈക്കോടതിക്കു മുന്നില്‍ സമരപ്പന്തല്‍ ഉയര്‍ത്താന്‍ നിര്‍ബന്ധിച്ചത്. ആ സമരപ്പന്തലില്‍ മറ്റു ജനാധിപത്യ വിശ്വാസികള്‍ ഇരമ്പിയെത്തി.
ഈ സാഹചര്യമാണ് നിയമപാലകരെയും സര്‍ക്കാരിനെയും പ്രതികരിക്കാന്‍ നിര്‍ബന്ധിച്ചതും ആരോപണവിധേയനായ 'പിതാവി'ന്റെ കൈകള്‍ക്ക് വിലങ്ങണിയിച്ചതും. കേരളം ഭരിക്കുന്ന സോഷ്യല്‍ ഡെമോക്രാറ്റുകള്‍ 'സമരകോലാഹലം' എന്ന് അധിക്ഷേപിച്ച് നിസ്സാരവല്‍ക്കരിക്കാന്‍ ശ്രമിച്ചെങ്കിലും ആരോപിതനെ പരമാവധി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പൗരസമൂഹം ഉണര്‍ന്നപ്പോള്‍ സ്വരം മാറ്റാന്‍ നിര്‍ബന്ധിതരാവുകയാണ് ഉണ്ടായത്.
കേരളത്തില്‍ തന്നെ ഇതൊട്ടും പുതിയ കാര്യമല്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിരവധി കന്യാസ്ത്രീകള്‍ ചൂഷണവും അതിക്രമങ്ങളും സഹിക്കാന്‍ കഴിയാതെ തിരുവസ്ത്രം ഊരിയെറിഞ്ഞിട്ടുണ്ട്. അവരില്‍ പലരും പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നുമുണ്ട്. കന്യാസ്ത്രീകള്‍ അപ്രത്യക്ഷമായിട്ടുണ്ട്. കൊല്ലപ്പെട്ടിട്ടുണ്ട്. കന്യാസ്ത്രീകളല്ലാത്ത സ്ത്രീകളും സഭയുടെ കാര്യസ്ഥന്‍മാരാല്‍ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. മറിയക്കുട്ടി കൊലക്കേസ് പ്രസിദ്ധമാണ്. മലയാളത്തില്‍ ഈ പ്രമേയം വച്ചു ചെയ്ത രണ്ടു സിനിമകള്‍ തിയേറ്ററുകള്‍ നിറഞ്ഞ് ഓടിയിട്ടുണ്ട്. അഭയ കൊലപാതക കേസ് ഇപ്പോഴും ഇഴയുന്നു. അതിലും ഒരു ബിഷപ്പാണ് വില്ലന്‍ എന്നു നാട്ടുകാര്‍ക്ക് അറിയാം. കുമ്പസാര പീഡനം തുടര്‍ക്കഥയായി തുടരുന്നുമുണ്ട്.
മനുഷ്യാവകാശ പ്രശ്‌നം മാത്രമല്ല കത്തോലിക്കാ സഭയിലെ കന്യാസ്ത്രീ പ്രശ്‌നം. അത്രയധികം ശ്രദ്ധിക്കപ്പെടാതെ പോകുന്ന സാമൂഹിക-സാമ്പത്തിക പ്രശ്‌നങ്ങളുമുണ്ട്. സ്ത്രീധനം ഇതില്‍ പ്രധാന പങ്കുവഹിക്കുന്നു. സാമ്പത്തിക നിലവാരം താഴ്ന്ന കുടുംബങ്ങളില്‍ നിന്നു പെണ്‍കുട്ടികളെ മഠത്തില്‍ അയക്കുന്ന പ്രവണത പണ്ടുതൊട്ടേ കേരളത്തില്‍ സാധാരണമാണ്. പഠിക്കാന്‍ താല്‍പര്യമുള്ള കുട്ടികളാണെങ്കില്‍ സഭയുടെ ചെലവില്‍ തന്നെ ഇവരെ പഠിപ്പിക്കുകയും ചെയ്യാറുണ്ട്. സമ്പന്ന കുടുംബങ്ങളില്‍ നിന്നും കന്യാസ്ത്രീകളുണ്ട്. ഇതിലും പുരുഷ മേധാവിത്വത്തില്‍ അധിഷ്ഠിതമായ സ്വത്തുവിഭജനം തടയല്‍ കാര്യമായ പങ്കുവഹിക്കുന്നു.
മിക്കപ്പോഴും കന്യാസ്ത്രീകള്‍ കന്യാസ്ത്രീകളാവുന്നത് ഇങ്ങനെയുള്ള അവരുടെ വരുതിയിലല്ലാത്ത ഭൗതിക കാരണങ്ങളാലാണ്. ഏതെങ്കിലും ഒരു മഠത്തിലെ അന്തേവാസികളുടെ കുടുംബ ചരിത്രം പരിശോധിച്ചാല്‍ ഈ കാരണങ്ങള്‍ വ്യക്തമായി വേര്‍തിരിച്ചറിയാന്‍ കഴിയും. സാമൂഹിക ശാസ്ത്ര നൂലാമാലകളൊന്നും ഇഴപിരിക്കേണ്ട കാര്യമൊന്നുമില്ല. മാത്രമല്ല, സമ്പന്ന കുടുംബങ്ങളില്‍ നിന്നു വരുന്ന കന്യാസ്ത്രീകള്‍ കന്യാസ്ത്രീ മഠങ്ങളിലും മറ്റു സ്ഥാപനങ്ങളിലും ഉന്നത അധികാരസ്ഥാനങ്ങളില്‍ സ്വാഭാവികമെന്നോണം എത്തുകയും ചെയ്യും. അതായത്, അവര്‍ക്കിടയില്‍ തന്നെ വര്‍ഗവിഭജനവും വൈരുധ്യവും ശക്തമാണെന്ന് അര്‍ഥം.
ഈ കന്യാസ്ത്രീകള്‍ ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിക്കുന്നതിനു പുരുഷ മേധാവിത്വത്തിനു നൂറു ശതമാനം വിധേയരായിരിക്കണം എന്നതു തര്‍ക്കമില്ലാത്ത മുന്നുപാധിയുമാണ്. കേരളത്തില്‍ നടന്ന കന്യാസ്ത്രീ സമരത്തോട് ഇവര്‍ എടുത്ത നിലപാട് ഈ വിധേയത്വം മറയില്ലാതെ വ്യക്തമാക്കി. കന്യാസ്ത്രീകളുടെ കാര്യത്തില്‍ മാത്രമല്ല, സാധാരണ പാതിരിമാരുടെ കാര്യത്തിലും ഇതു നിലവിലുണ്ട്. പക്ഷേ, അവര്‍ പുരുഷന്‍മാരായതുകൊണ്ട് അത്ര തീക്ഷ്ണമല്ലെന്നു മാത്രം. ഒരു ജനാധിപത്യ മൂല്യങ്ങള്‍ക്കും സ്ഥാനമില്ലാത്ത സംഘടനയാണ് സഭ എന്നുവേണം ഇതില്‍ നിന്നൊക്കെ നമ്മള്‍ മനസ്സിലാക്കാന്‍. സഭയുടെ കാര്യം സഭ നോക്കിക്കൊള്ളും, അതില്‍ മറ്റാരും ഇടപെടേണ്ട കാര്യമില്ല എന്ന പൊതുസമീപനമാണ് സഭയുടെ സംഘടനാ തത്ത്വത്തിനു പിന്നില്‍. ഈ തത്ത്വം വച്ച് എന്ത് അനീതികളും അനായാസം നടപ്പാക്കാന്‍ കഴിയും. അതിനാണ് ഇപ്പോള്‍ കിഴുക്കു കിട്ടിയിരിക്കുന്നത്. ഈ കിഴുക്ക് കൊടുത്ത ചെറുപ്പക്കാരായ കന്യാസ്ത്രീകള്‍ ധൈര്യവതികളാണ് എന്നതില്‍ ഒരു സംശയവുമില്ല.
കന്യാസ്ത്രീകള്‍ നല്ലൊരു ശതമാനം സാമാന്യ വിദ്യാഭ്യാസം കിട്ടിയവരാണ്. സഭ ഒരു ആധ്യാത്മിക ചങ്ങലവട്ടം മാത്രമല്ല, അതൊരു സാമ്പത്തിക ശക്തിയുമാണ്. വന്‍ ലാഭം കൊയ്യുന്ന നിരവധി ബിസിനസുകള്‍ നടത്തുന്നവരാണ്. പശ്ചിമഘട്ട മേഖലയിലെ ആദിവാസികളെ തെണ്ടികളാക്കുന്നതില്‍ സഭയുടെ ഉദ്യോഗസ്ഥ മേലാളന്‍മാര്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. അതും പോരാഞ്ഞ് മലകള്‍ ഇടിച്ചുനിരത്തുന്ന പാറതുരപ്പന്‍മാരെ ശക്തമായി പിന്തുണയ്ക്കുന്നതും സഭയാണ്. ഗാഡ്ഗില്‍ കമ്മിറ്റി റിപോര്‍ട്ട് വഴിനീളെ ചുട്ടെരിച്ചതും കുഞ്ഞാടുകളെക്കൊണ്ട് പൊതുമുതല്‍ നശിപ്പിച്ചതും സഭയാണ്.
വിദ്യാഭ്യാസ-ആരോഗ്യ മേഖലകളില്‍ (കേരളത്തിലെ പ്രധാന വ്യവസായങ്ങള്‍ ഇവ രണ്ടുമാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ) സഭയുടെ ഉടമസ്ഥത നിര്‍ണായകമാണ്. ഇവ രണ്ടിലും കന്യാസ്ത്രീകളുടെ പങ്ക് വളരെ വലുതാണ്. കന്യാസ്ത്രീകളുടെ അധ്വാനശേഷിയാണ് ഇവയുടെ ജീവനാഡി എന്നു പരക്കെ ബോധ്യപ്പെട്ട വസ്തുതയാണ്. സ്‌നേഹത്തോടെയും അര്‍പ്പണ മനസ്സോടെയും ജോലി ചെയ്യുന്ന ഇവരാണ് ഈ സ്ഥാപനങ്ങളെയൊക്കെയും വന്‍ മിച്ചമൂല്യം ഉണ്ടാക്കുന്നവയാക്കുന്നത്. ഇവര്‍ക്കു കിട്ടുന്നതോ, തീര്‍ത്തും തുച്ഛമായ പോക്കറ്റ് മണി മാത്രം. മിനിമം വേതനത്തേക്കാള്‍ വളരെ വളരെ കുറവ്. ഇവര്‍ക്കു പണത്തിന്റെ ആവശ്യമില്ലെന്നും അവര്‍ പണത്തിലല്ല നിസ്വാര്‍ഥ സേവനത്തിലാണ് ജീവിതത്തിന്റെ അര്‍ഥം കാണുന്നതെന്നുമാണ് ജനങ്ങളെയും അവരെത്തന്നെയും സഭ വിശ്വസിപ്പിക്കുന്നത്.
അതേസമയം തന്നെ, സഭ വന്‍തോതില്‍ സമ്പത്ത് സ്വരൂപിക്കുകയും അതു വളര്‍ത്തുകയും ചെയ്യുന്നു. മാത്രമല്ല, ഈ വന്‍ സമ്പത്ത് സഭയുടെ ഉദ്യോഗസ്ഥ തലവന്‍മാരുടെ (കര്‍ദിനാള്‍, പല ഗ്രേഡിലുള്ള ബിഷപ്പുമാര്‍, ശ്രേണിയില്‍ ഉയര്‍ന്ന മറ്റു പുരോഹിതന്‍മാര്‍) അധീനതയിലാണ്. നിരവധി കോടികളുടെ ഒരു അഴിമതിക്കേസില്‍ കേരളത്തിലെ കത്തോലിക്കാ സഭയുടെ തലവന്‍ പറഞ്ഞത്, സഭയുടെ സമ്പത്തിന് എന്തു സംഭവിക്കുന്നു എന്നു ചോദിക്കാന്‍ ആര്‍ക്കും അവകാശമില്ല എന്നാണ്. അതായത്, സഭ സ്വന്തം നിലയില്‍ തന്നെ ആരാലും ചോദ്യം ചെയ്യപ്പെടാന്‍ പറ്റാത്ത സമ്പൂര്‍ണ അധികാരമുള്ള സംഘടനയാണെന്ന്.
കന്യാസ്ത്രീകളുടെ അധ്വാനത്തിനു നീതിപൂര്‍വമായ, അംഗീകൃതമായ വേതനം കൊടുത്താല്‍ അതു തീര്‍ച്ചയായും സഭയുടെ സമ്പത്ത് സ്വരൂപണത്തില്‍ വന്‍ കുറവുണ്ടാക്കും. അതുകൊണ്ടുതന്നെ അവരെ എപ്പോഴും തടങ്കലിലുള്ള അധ്വാനശേഷി (കാപ്റ്റീവ് ലേബര്‍ പവര്‍) ആയിട്ടാണ് കരുതുന്നതും കാത്തുസൂക്ഷിക്കുന്നതും. അതായത്, അവരെക്കൊണ്ട് ചെയ്യിക്കുന്ന പണിയുടെ യഥാര്‍ഥ പേര് 'അടിമപ്പണി' എന്നാണ്. ഈ അടിമപ്പണി തന്നെയാണ് സഭയുടെ സമ്പത്തിന്റെ പ്രധാന സ്രോതസ്സ്. ഈ അവസ്ഥയിലുള്ള തൊഴില്‍ വിഭാഗത്തിലെ അംഗങ്ങളെ കാമപൂരണത്തിന് ഉപകരണങ്ങളാക്കുന്നതില്‍ അത്ര അദ്ഭുതപ്പെടേണ്ട കാര്യമൊന്നുമില്ലെന്ന് സഭാ അധികാരികള്‍ കരുതുന്നത് അവര്‍ വിശ്വസിക്കുന്ന കാഴ്ചപ്പാടില്‍ സ്വാഭാവികമാണെന്നു ചിന്തിക്കാന്‍ കഴിയും. ഇത് കന്യാസ്ത്രീകള്‍ തിരിച്ചറിയുമ്പോഴേ സഭയുടെ ജനാധിപത്യവല്‍ക്കരണം ഏതെങ്കിലും തരത്തില്‍ സാധ്യമാവുകയുള്ളൂ. സഭയുടെ അടിയുറച്ച ജനാധിപത്യവിരുദ്ധത കണക്കിലെടുക്കുമ്പോള്‍ ഇതത്ര എളുപ്പമുള്ള കാര്യവുമല്ല.
എപ്പോഴൊക്കെ സഭാ അധികാരികള്‍ക്കെതിരേ ലൈംഗിക-സാമ്പത്തിക തിരിമറി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടോ, അപ്പോഴൊക്കെ 'സഭയുടെ 2000 വര്‍ഷത്തെ പുണ്യപുരാണ ചരിത്രം' അവരുടെ ഭക്തന്‍മാര്‍ പൊക്കിക്കാട്ടാറുണ്ട്. ഇത്രയും ചരിത്രമുള്ള ഒരു സഭയെ കരിതേക്കാനുള്ള ഗൂഢാലോചനയാണ് ഇതൊക്കെ എന്നാണ് വാദങ്ങള്‍. ഇത് തികഞ്ഞ അസംബന്ധമാണ്. ഈ സഭയുടെ ചരിത്രം പോര്‍ച്ചുഗീസുകാരുടെ വരവോടെയാണ് തുടങ്ങുന്നത്. അവര്‍ വന്നതാവട്ടെ, കൊള്ളയടിക്കാനും കോളനിവല്‍ക്കരിക്കാനുമാണ്. ഗോവ അവര്‍ കൈയിലാക്കുകയും ചെയ്തു.
അവര്‍ ഇവിടെ വരുമ്പോള്‍ പുരാതന സഭയും പള്ളികളും കണ്ട് കോളനിവല്‍ക്കരണത്തിന് സാമൂഹിക അടിത്തറ ഉണ്ടാക്കാന്‍ വേണ്ടി അവരുടെ പാതിരിമാര്‍ നിലവില്‍ ഉണ്ടായിരുന്ന പൗരസ്ത്യസഭയെ വിഭജിക്കാന്‍ നടത്തിയ കഠിനവും കുല്‍സിതവുമായ ശ്രമങ്ങളുടെ ഫലമായി വിഭജനം നടക്കുകയും ഒരു വിഭാഗം റോമിന്റെ വിധേയത്വം അംഗീകരിക്കുകയും ചെയ്തു. അതായത്, സായിപ്പിനെ കണ്ടപ്പോള്‍ കവാത്തു മറന്ന അവസരവാദി പുരോഹിതന്‍മാരാണ് ഇവിടെ കത്തോലിക്കാ സഭ ഉണ്ടാക്കിയത്. സായിപ്പ് വരുന്നതിനു മുമ്പ് ഇവിടെ ഇങ്ങനെയൊരു സഭ ഉണ്ടായിരുന്നില്ല. ക്രിസ്ത്യാനികളുടെ ചരിത്രത്തെക്കുറിച്ച് ഭോഷ്‌കുകള്‍ പ്രചരിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. കന്യാസ്ത്രീകളും അവരുടെ സ്ഥാപനങ്ങളുമൊക്കെ ഒരുവിഭാഗം ആളുകള്‍ പോപ്പിന്റെ അധീനതയില്‍ വന്നതു തൊട്ടാണ് ഇവിടെ നിലവില്‍ വന്നത്. അല്ലാതെ കേരളത്തിലെ ആദിമ ക്രിസ്ത്യാനികള്‍ക്ക് ഈ പരിപാടി ഉണ്ടായിരുന്നിട്ടേയില്ല. അവര്‍ക്കത് ഇപ്പോഴുമില്ല.
കന്യാസ്ത്രീകളുടെ സഹനസമരം താല്‍ക്കാലികമായി അവസാനിച്ചത് ലൈംഗിക അതിക്രമങ്ങള്‍ ആരോപിക്കപ്പെട്ട ബിഷപ്പിന്റെ അറസ്റ്റ് നടന്നതോടെയാണ്. അതേസമയം തന്നെ ഒരു കാര്യം മനസ്സിലാക്കണം. സഭയിലെ ആണ്‍-പെണ്‍ തൊഴില്‍ വിഭജനം അങ്ങനെത്തന്നെ തുടരും. ഈ തൊഴില്‍ വിഭജനം സ്ത്രീകളെ എല്ലാ രീതികളിലും ചൂഷണം ചെയ്യുന്ന ഘടനയാണ്. ഈ ചൂഷണം സഭയുടെ സാമ്പത്തിക-സാമൂഹിക അധികാരത്തിന്റെ മൂലക്കല്ലുമാണ്. ഈ വിഭജനം ഇവിടെ മാത്രമല്ല, ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്നതാണ്.
മറ്റു പലയിടങ്ങളിലും ഈ പ്രശ്‌നത്തെ ആധാരമാക്കി സഭയ്‌ക്കെതിരേ വെല്ലുവിളികള്‍ ഉയരുന്നുണ്ട്. ജീര്‍ണത പുറത്തുവരുകയാണ്. കാര്യങ്ങളൊക്കെ ഇങ്ങനെയായിരിക്കുമ്പോള്‍ തന്നെ കത്തോലിക്കാ സഭയുടെ സാമ്പത്തിക പ്രാമാണിത്തം ഒരു കോട്ടവും തട്ടാതെ വളര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. വത്തിക്കാന്‍ ബാങ്ക് ലോകെത്ത വന്‍കിട കുത്തക ബാങ്കുകളുടെ പട്ടികയില്‍ പെടും. പോപ് ദാരിദ്ര്യ നിര്‍മാര്‍ജനത്തെക്കുറിച്ചും സമത്വത്തെക്കുറിച്ചും നീതിയെക്കുറിച്ചുമൊക്കെ പ്രസംഗിക്കുമ്പോള്‍ തന്നെ ഈ ബാങ്ക് ആഫ്രിക്കയിലെയും മറ്റും പട്ടിണിരാജ്യങ്ങളിലെ പട്ടിണി വളര്‍ത്തുന്നതില്‍ ഉല്‍സാഹിച്ചു കൊണ്ടിരിക്കുന്നു.
അതുപോലെത്തന്നെ ആഗോളതലത്തിലെ ഒന്നാം നമ്പര്‍ ഫണ്ടിങ് ഏജന്‍സിയാണ് വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്. ലോകബാങ്കിന്റെയും അന്തര്‍ദേശീയ നാണയനിധിയുടെയും പരിപാടികള്‍ മൂന്നാംലോക രാജ്യങ്ങളില്‍ നടപ്പാക്കുന്നതിന് പതിനായിരക്കണക്കിനു സര്‍ക്കാരിതര സംഘടനകള്‍ക്കു പണം കൊടുക്കുന്ന പണിയാണ് ഡബ്ലൂസിസിക്ക്. സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിന്റെ 'മാനുഷിക മുഖം' പ്രചരിപ്പിച്ച് ജനകീയ ചെറുത്തുനില്‍പുകളുടെ മുനയൊടിക്കുകയാണീ ബൃഹദ് പദ്ധതി. ഇതൊന്നുംതന്നെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളല്ല, മറിച്ച്, ആഗോള കോര്‍പറേറ്റ് ചൂഷണത്തിന് കരുത്തു പകരുന്ന പ്രവര്‍ത്തനമാണ്. ഇതൊക്കെ കണക്കിലെടുക്കുമ്പോഴാണ് സഭയ്ക്കുള്ളിലെ ജനാധിപത്യവല്‍ക്കരണം ഒരു ഭീമന്‍ വെല്ലുവിളിയായി അവശേഷിക്കുന്നത്.
ജനാധിപത്യവല്‍ക്കരണം സഭ ഉണ്ടാക്കുന്ന വന്‍ ലാഭത്തെ പ്രതികൂലമായി ബാധിക്കും- കേരളത്തിലായാലും മറ്റെവിടെയായാലും. മറ്റേതൊരു വന്‍ കോര്‍പറേറ്റ് സ്ഥാപനത്തെയും പോലെ സഭയുടെ സാമ്പത്തിക ശേഷിയാണ് അതിനെ നിലനിര്‍ത്തുന്നത്. ഘടനാപരമായിത്തന്നെ അത് അങ്ങനെയാണ് സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്. കന്യാസ്ത്രീകള്‍ ഈ സാമ്പത്തിക ശേഷി നിലനിര്‍ത്തുന്നതിനും വളര്‍ത്തുന്നതിനും ഉപയോഗിക്കപ്പെടുന്ന സ്വാതന്ത്ര്യമില്ലാത്ത തൊഴിലാളി വര്‍ഗമാണ്. യാതൊരു ജനാധിപത്യ അവകാശങ്ങളും ഇല്ലാത്ത അടിമത്തൊഴിലാളി സമൂഹം.
ഇത് പൂര്‍ണമായി മനസ്സിലാക്കിയാലേ അവരുടെ ഏതു സമരത്തിനും ഫലപ്രദമായി മുന്നോട്ടുപോകാന്‍ കഴിയൂ. പ്രശ്‌നം ഘടനാപരമായതുകൊണ്ടുതന്നെ കര്‍ദിനാള്‍മാരോ ബിഷപ്പുമാരോ മാറിയാല്‍ പ്രശ്‌നപരിഹാരമാവില്ല. ഈ ഘടനയെ തുണിയുരിഞ്ഞുകാണിക്കാന്‍ കഴിയുമെന്ന് തെളിയിച്ചതാണ് കേരളത്തില്‍ നടന്ന സമരത്തിന്റെ നേട്ടം. തീര്‍ച്ചയായും അതു മുന്നോട്ടുള്ള ചുവടുവയ്പാണ്. ി
Next Story

RELATED STORIES

Share it