Flash News

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഇനി മുതല്‍ വസ്ത്രങ്ങളും



കണ്ണൂര്‍: ഇനി മുതല്‍ ജയിലിലെ തടവുകാര്‍ തയ്ക്കുന്ന വസ്ത്രങ്ങളും വിപണിയിലേക്ക്. റെഡിമെയ്ഡ് വസ്ത്രങ്ങളും ആവശ്യമായ അളവില്‍ തുണി തയ്ച്ചുനല്‍കുന്ന തയ്യല്‍ കടയും കണ്ണൂര്‍ ജയിലിനു സ്വന്തം. ഫ്രീഡം എക്‌സ്പീരിയന്‍സ് എന്ന പേരിലുള്ള വില്‍പ്പനകേന്ദ്രം ഇന്നലെ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖയാണ് ഉദ്ഘാടനം ചെയ്തത്. നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയില്‍ (നിഫ്റ്റ്) നിന്നു പരിശീലനം നേടിയ 15 തടവുകാരാണ് തയ്യല്‍ക്കാര്‍. സെന്‍ട്രല്‍ ജയിലിന് എതിര്‍വശം ദേശീയ പാതയോരത്ത് പഴയ ചപ്പാത്തി കൗണ്ടറിന് പിന്നിലുള്ള കെട്ടിടത്തിലാണ് വില്‍പ്പനകേന്ദ്രവും തയ്യല്‍ക്കടയും. ജയിലിനകത്തുള്ള തയ്യല്‍ യൂനിറ്റുകളില്‍ തടവുകാര്‍ വസ്ത്രങ്ങള്‍ തയ്ക്കും. തടവുകാരുടെ യൂനിഫോം തയ്ക്കുന്നതിനായി 20 തയ്യല്‍ മെഷീനുകള്‍ ഇവിടെയുണ്ട്. ഇതാണ് വസ്ത്രവിപണന കേന്ദ്രം എന്ന ആശയത്തിന് അടിത്തറ പാകാന്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് എസ് അശോക് കുമാറിനെ പ്രേരിപ്പിച്ചത്. തടവുകാര്‍ നിര്‍മിച്ച റെഡിമെയ്ഡ് വസ്ത്രങ്ങളായ ഷര്‍ട്ട്, കുര്‍ത്ത, ചുരിദാര്‍ തുടങ്ങിയ വസ്ത്രങ്ങളും കരകൗശല വസ്തുക്കളും തടവുകാര്‍ വരച്ച ചിത്രങ്ങളും ഇവിടെ വില്‍പ്പനയ്‌ക്കെത്തും.
Next Story

RELATED STORIES

Share it