kannur local

കണ്ണൂര്‍ സര്‍വകലാശാലയില്‍ സയന്‍സ് വിഷയങ്ങള്‍ക്ക് 10 ശതമാനം സീറ്റ് വര്‍ധന

കണ്ണൂര്‍: സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ബിരുദ കോഴ്‌സുകള്‍ക്ക് 20 ശതമാനം സീറ്റ് മാര്‍ജിനല്‍ ഇന്‍ക്രീസ് അനുവദിക്കുന്നതിന്റെ ഭാഗമായി സയന്‍സ് വിഷയങ്ങള്‍ക്ക് 10 ശതമാനംകൂടി ശരാശരി വര്‍ധന അനുവദിക്കാന്‍ കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍ തീരുമാനം. സര്‍ക്കാര്‍ ഉത്തരവ് വരുന്നതിന് മുമ്പുതന്നെ ബിഎസ്‌സി ഒഴിച്ചുള്ള വിഷയങ്ങള്‍ക്ക് 20 ശതമാനവും ബിഎസ്‌സിക്ക് 10 ശതമാനവും നല്‍കാന്‍ നേരത്തേ സിന്‍ഡിക്കേറ്റ് തീരുമാനിച്ചിരുന്നു. സയന്‍സ് വിഷയങ്ങളുടെ 10 ശതമാനം പുതിയ വര്‍ധന സ്‌പോട്ട് അഡ്മിഷന്‍ പ്രകാരം നടപ്പാക്കും. സര്‍വകലാശാല സെനറ്റ് തിരഞ്ഞെടുപ്പിന്റെ നടത്തിപ്പിനായി 9 ലക്ഷം രൂപ അനുവദിച്ചു. മാങ്ങാട്ടുപറമ്പ് കായികപഠനവകുപ്പില്‍ യോഗ, കളരി സര്‍ട്ടിഫിക്കറ്റ്-ഡിപ്ലോമ കോഴ്‌സുകള്‍ ആരംഭിക്കും.
വിദൂരവിദ്യാഭ്യാസ വിഭാഗം നവീകരണത്തിനും കോഴ്‌സുകളുടെയും മറ്റും പുനസ്സംഘാടനത്തിനുമായി 28ന് ശില്‍പശാല നടത്തും. കാസര്‍കോട് ഗവ. കോളജില്‍ സാമ്പത്തിക ശാസ്ത്ര വിഭാഗത്തെ ഗവേഷണകേന്ദ്രമായി അംഗീകരിച്ചു. മുഖ്യമന്ത്രി തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ യോഗത്തില്‍ ഉയര്‍ന്നുവന്ന പരീക്ഷ, ഗവേഷണം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ഇക്കാര്യത്തില്‍ ദൈനംദിന മോണിറ്ററിങ് നടത്തി വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ സേവനങ്ങള്‍ ഉറപ്പുവരുത്താനുള്ള മേല്‍നോട്ട ചുമതല സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്ക് നല്‍കി.
സര്‍വകലാശാല ജീവനക്കാര്‍ക്ക് ജോലി സംബന്ധമായി ഏര്‍പ്പെടുത്തിയ പഞ്ചിങ് സംവിധാനം കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കണമെന്നും അറ്റന്‍ഡന്‍സ് റജിസ്റ്ററില്‍ ഒപ്പുവയ്ക്കുന്ന സമയം ഉന്നത ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കണമെന്നും സിന്‍ഡിക്കേറ്റ് യോഗം നിര്‍ദേശം നല്‍കി.
കംപ്യുട്ടര്‍ സെല്ലിനെ കൂടുതല്‍ ആധുനീകരിക്കാനുള്ള നിര്‍ദേശങ്ങള്‍ യോഗം അംഗീകരിച്ചു. സ്വാശ്രയ കോളജുകളിലെ അധ്യാപകരുടെ 2016 മുതല്‍ 2018 വരെയുള്ള സ്റ്റാഫ് പ്രൊഫൈല്‍ സംബന്ധിച്ച് നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അദാലത്ത് നടത്താന്‍ തീരുമാനിച്ചു. ഇത്തരം കോളജുകളിലെ അധ്യപകരുടെ യോഗ്യത സംബന്ധിച്ച് സര്‍വകലാശാല നേരത്തേ ഇറക്കിയ സര്‍ക്കുലറില്‍ നെറ്റ്/പിഎച്ച്ഡി ഉള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കുമെന്ന് ഭേദഗതി വരുത്താന്‍ തീരുമാനിച്ചു. എന്നാല്‍ ഇക്കാര്യത്തിന് സര്‍വകലാശാലയുടെ അനുമതി തേടണം. നെറ്റ്/പിഎച്ച്ഡി യോഗ്യത നേടിയവര്‍ക്ക് ഇന്റര്‍വ്യൂവില്‍ കര്‍ശനമായി മുന്‍ഗണന നല്‍കണമെന്നും യോഗം നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it