കണ്ണൂര്‍ വിമാനത്താവള ഭൂമി ഏറ്റെടുക്കല്‍തുടരന്വേഷണത്തിന് ഉത്തരവ്

തലശ്ശേരി: മുഖ്യമന്ത്രിയായിരിക്കെ കണ്ണൂര്‍ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായ രീതിയില്‍ പ്രവര്‍ത്തിച്ചു സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയെന്ന കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ തുടരന്വേഷണം നടത്താന്‍ തലശ്ശേരി വിജിലന്‍സ് കോടതി ഉത്തരവിട്ടു.
ഉമ്മന്‍ചാണ്ടിയെ കൂടാതെ മുന്‍മന്ത്രി കെ ബാബു, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായ ടോം ജോസ്, വി പി ജോയ്, കിയാല്‍ എംഡി ചന്ദ്ര മൗലി, കിന്‍ഫ്ര എംഡി രാംനാസ്, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, എല്‍ ആന്റ് ടി മാനേജര്‍ സജിന്‍ ലാല്‍ എന്നിവര്‍ക്കെതിരെയാണു തുടരന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. ഒരു മാസത്തിനകം അന്വേഷണവിവരം നല്‍കാന്‍ വിജിലന്‍സ് കണ്ണൂര്‍ വിഭാഗത്തോട് കോടതി ആവശ്യപ്പെടുകയും ചെയ്തു. വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനത്തിന് വിരുദ്ധമായി റവന്യൂ വകുപ്പ് ഏറ്റെടുത്തു നടത്തേണ്ട ഭൂമിയിടപാട് ഗതാഗതവകുപ്പിനെ ഏല്‍പ്പിച്ചതും, സര്‍ക്കാരിന് വിമാനത്താവള നടത്തിപ്പില്‍ ഓഹരി പങ്കാളിത്തം ലഭിക്കാത്തതുമാണ് പരാതിക്കാധാരം. ഇക്കാര്യത്തില്‍ റവന്യൂ സെക്രട്ടറിയുടെ വിയോജിപ്പ് കണക്കിലെടുക്കാതെ പ്രവര്‍ത്തിച്ചതിനാല്‍ സര്‍ക്കാരിന് കോടികളുടെ നഷ്ടം നേരിട്ടെന്നുമുള്ള പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനാലാണ് വിജിലന്‍സ് ജഡ്ജി കെ ബൈജു നാഥ് തുടരന്വേഷണ ഉത്തരവ് പുറപ്പെടുവിച്ചത്. ഏറ്റെടുത്തതില്‍ 60 ഏക്കര്‍ ഭൂമി 100 രൂപ നിരക്കില്‍ കിയാലിന് ലീസിന് നല്‍കിയതും നഷ്ടക്കച്ചവടമാണെന്ന് പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it